- October 14, 2020
- Posted by: Caring
- Category: Parenting
കുസൃതിക്കുടുക്കകളെ നമുക്കെല്ലാം വലിയ ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ കുസൃതികൾ ആസ്വദിക്കാത്തവരും അതുകൊണ്ടു പൊറുതിമുട്ടാത്തവരും കുറവാണ്. അവൻ വളർന്നുകഴിയുമ്പോൾ പലപ്പോഴും ഒരു ചിരിയോടെ നാം അതൊക്കെ ഓർത്തെടുത്തു അവരോടുതന്നെ പറയാറുമുണ്ട്. പക്ഷെ ചില കുട്ടികളിൽകുസൃതി അല്ലെങ്കിൽ വികൃതി എന്നൊക്കെ നാം വിശേഷിപ്പിക്കാറുള്ളസ്വഭാവം അതിരുവിട്ടു പോകാറുണ്ട്.മാതാപിതാക്കൾക്കോ ടീച്ചർമാർക്കോ നിയന്ത്രിക്കാനാവാത്തവിധമുള്ള പ്രശ്‍നങ്ങൾ ഉണ്ടാകുന്ന ഇത്തരം അവസ്ഥയ്ക്കാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന് പറയുന്നത്. വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഈ അവസ്ഥ മാതാപിതാക്കളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. രണ്ടുതരം പ്രശനങ്ങളാണ് പ്രധാനമായും കാണാറുള്ളത്; (1) ശരിക്കും പ്രശ്നമുള്ള കുട്ടിയെ അവന്‍റെ/അവളുടെ പ്രശ്‍നം എന്താണെന്നു ശരിയായി മനസിലാക്കാതെ തെറ്റായ വിധത്തിൽ കൈകാര്യം ചെയ്യുക,(2)സാധാരണനിലയിൽ മാത്രം പ്രശ്നമുള്ള കുട്ടിയെ ADHD ആണെന്ന് തെറ്റിദ്ധരിക്കുക മരുന്നുകൊണ്ട് മാത്രം മാറ്റാൻ പറ്റാത്ത ഒരവസ്ഥയാണ് ADHD. അതുകൊണ്ടു തന്നെ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട വളരെയധികം കാര്യങ്ങൾ ഉണ്ട്.കുട്ടിയുടെ പ്രശ്‌നമെന്താണെന്നതിനെ കുറിച്ച് മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ടീച്ചർമാർക്കും ശരിയായ അറിവുനൽകിയാൽ ഇവരെ വേണ്ട വിധം പരിശീലിപ്പിച്ചെടുക്കാനാകും. ഇവിടെയാണ് ഹെൽത്ത് കെയർ കൗണ്‍സിലിങിന്‍റെ പ്രസക്തി. ADHD ഉള്ള കുട്ടികളിൽ പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണ് കാണപ്പെടുക ;
(1)ശ്രദ്ധകേന്ദ്രികരിക്കാനുള്ള ബുദ്ധിമുട്ട് (Attention Deficit)
(2)വികാരനിയന്ത്രണമില്ലായ്മാ/എടുത്തുചാട്ടം (Impulsiveness)
(3)അമിതമായ പിരുപിരുപ്പ്/അടങ്ങിയിരിക്കാനാകാത്ത അവസ്ഥ. (Hyperactivity)
ഈ പ്രശ്നങ്ങൾ ഒന്നിൽ കൂടുതൽ സാഹചര്യങ്ങളിൽ പ്രകടിപ്പിക്കുകയും, ആറുമാസത്തിലേറെ ഉണ്ടായിരിക്കുകയും വേണം ADHD എന്നു പറയാന്‍. ചില കുട്ടികൾ വീട്ടിൽ വലിയ പ്രശ്നക്കാരായിരിക്കും, എന്നാൽ പുറത്തിറങ്ങിയാൽ വളരെ മാന്യന്‍മാരായിരിക്കും,സ്കൂളിലുംപ്രശ്നമൊന്നുമുണ്ടാവില്ല, ഇത് ADHD അല്ല.പക്ഷെ ADHDഉള്ള കുട്ടികൾക്ക്ഈ വ്യത്യാസമൊന്നുമുണ്ടാവില്ല.വീട്ടിലായാലും സ്കൂളിലായാലും മറ്റേതെങ്കിലും വീട്ടിലോ കടകളിലോ ഒക്കെപോയാലും ഒരേ സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. ഇവരിൽ കാണുന്ന ചില പ്രത്യേക ലക്ഷണങ്ങൾ എന്തെക്കയാണെന്നു നോക്കാം.
- ഒരു കാര്യത്തിന്‍റെ വിശദാംശങ്ങളിൽ കുറെ സമയം ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്താൻ സാധിക്കാതെ വരുക.
- പഠനപരമായ പ്രശ്നങ്ങൾ, അശ്രദ്ധ മൂലം ധാരാളം തെറ്റുകൾ വരുത്തുക.
- അവരോടുസംസാരിക്കുമ്പോൾമിക്കപ്പോഴും ശ്രദ്ധിക്കാതിരിക്കുന്നതുപോലെ കാണപ്പെടുക.
- എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയാൽ അത് ശ്രദ്ധിക്കുന്നതിലും അതനുസരിച്ചു പ്രവർത്തിക്കുന്നതിനും മിക്കപ്പോഴും പരാജയപ്പെടുക.
- എവിടെയെങ്കിലും ഇരിക്കാൻ നിർദ്ദേശിച്ചാൽ അമിതമായി കൈകാലുകൾ ചലിപ്പിച്ചു ഞെളിപിരികൊള്ളുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുക.
- എവിടെയെങ്കിലും കൊണ്ടുപോയാൽ സാഹചര്യത്തിന് ചേരാത്തരീതിയിൽഅമിതമായി ഓടുകയും ചാടുകയും ചെയ്തുകൊണ്ടിരിക്കുക.
- മിക്കപ്പോഴും അമിതമായി സംസാരിക്കുക.
- ചോദിക്കുന്നതിനു മുഴുവൻ കേൾക്കാൻ നിൽക്കാതെ എടുത്തു ചാടി ഉത്തരം നൽകുക.
- കളിക്കുന്ന സമയത്തു അവന്‍റെ/അവളുടെ അവസരം വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ.അതുകൊണ്ടുതന്നെ കൂട്ടുചേർന്നുള്ള കളികളിൽ എപ്പോഴും പ്രശ്നങ്ങളായിരിക്കും.
പലപ്പോഴും ചെറുപ്രായത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകുമെങ്കിലും ആറു വയസിനുമുകളിൽ മാത്രമേ പ്രശ്നം പൂർണമായും നിർണയിക്കാനാകുകയുള്ളു. കുട്ടിക്കാലത്താണ് ഇത് സാധാരണ ശ്രദ്ധിക്കപെടുന്നതെങ്കിലും കൗമാര പ്രായക്കാരിലും മുതിർന്നവരിലും ഇത് അസാധാരണമല്ല. ADHD ഉണ്ടെന്നു സ്ഥീരീകരിച്ചിട്ടുള്ള 60-70% കുട്ടികളിലും മുതിർന്നു പ്രായപൂർത്തിയായികഴിഞ്ഞിട്ടും ഇത്തരം ചിലലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ADHD ഉണ്ടാകാനുള്ള കാരണങ്ങൾ
കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാകാനുള്ള കാരണം കണ്ടെത്താനായിട്ടില്ല.പക്ഷെ പഠനങ്ങൾ സൂചിപ്പിക്കുന്ന ചില സാദ്ധ്യതകൾ താഴെപ്പറയുന്നവയാണ്.
- ജനനസമയത്ത് മസ്‌തിഷ്‌ക്കക്ഷതംഉണ്ടായിട്ടുള്ള കുട്ടികളിൽ ADHD ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
- ADHD ഉള്ളകുട്ടികളിൽ സാധാരണ കുട്ടികളെ അപേക്ഷിച്ചു തലച്ചോറിന്റെ വ്യാപ്തി (brain volume) 3-4% വരെ കുറവായിരിക്കാൻ സാധ്യതയുണ്ട്.
- വികാരം, പ്രതികരണം, ശ്രദ്ധ, യുക്തിപരമായ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തലച്ചോറിലെ സന്ദേശവാഹകരായ ന്യൂറോട്രാന്‍സ്മിറ്റേഴ്സിന്‍റെ(neurotransmitters) സുഗമമായപ്രവർത്തനത്തിനാവശ്യമായ ഡോപമൈൻ(dopamine ), എപ്പിനെഫെറിൻ(epinephrine), സെറോട്ടാനിൻ(serotonin) എന്നീ രാസപദാർത്ഥങ്ങളുടെ കുറവുമൂലം ADHDയുടെ പ്രധാന ലക്ഷണങ്ങളായ ശ്രദ്ധക്കുറവ്,എടുത്തുചാട്ടം,അമിതമായ പിരുപിരിപ്പ് എന്നിവ ഉണ്ടാകാം.
- ഈ അവസ്ഥക്ക് ജനിതകപരമായ കാരണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ADHD ഉള്ള 10-35%വരെ കുട്ടികളുടെയും അടുത്ത ബന്ധുക്കളിൽ ഈ അവസ്ഥയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ADHDഉള്ള കുട്ടികളിൽ ഡോപ്പാമിൻ സ്വീകരിക്കുന്ന ജീനുകളിൽ ഒന്നിൽ ജനിതക വ്യതിയാനങ്ങൾ ഉള്ളതായി സൂചിപ്പിക്കുന്നു.
- ഗര്‍ഭാവസ്ഥയില്‍ അമ്മ മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും കുട്ടികളുടെ പഠന കാര്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിലും, ഓര്‍മ്മശക്തിയിലുമൊക്കെ പ്രശ്നങ്ങളു-ണ്ടാകാന്‍ സാധ്യതയുണ്ട്.
കുട്ടിയ്ക്ക് ADHD ഉണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതെങ്ങനെ.?
ADHD ഉണ്ടോ എന്ന് വിലയിരുത്തുന്നതിനും വേണ്ട ഇടപെടലുകള്‍ നല്‍കുന്നതിനും ശിശുരോഗ വിദഗ്ധന്‍, കുട്ടികളുടെ മനശാസ്ത്രജ്ഞന്‍ (Clinical Psychologist), ന്യൂറോളജിസ്റ്റ്, ഡവലപ്മെന്‍റ് തെറാപ്പിസ്റ്റ് എന്നിവരുടെ സഹായം തേടാം. കുട്ടികളില്‍ ADHD ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് സഹായകരമായ ചോദ്യാവലികള്‍ ഉണ്ട്. മാതാപിതാക്കളോടും അദ്ധ്യാപകരോടും കാര്യങ്ങള്‍ ചോദിച്ചു വിലയിരുത്താന്‍ സഹായിക്കുന്ന Conners പോലുള്ള ചോദ്യാവലികള്‍ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് കുട്ടിയുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ മനസിലാക്കി ചികിത്സ തുടങ്ങുന്നതിനും പിന്നീട് ചികിത്സ എത്രമാത്രം ഫലപ്രദം എന്ന് മനസിലാക്കുന്നതിനും സഹായകരമാകും.
ADHD എന്താണ് പ്രതിവിധി
ADHD യുടെ ചികിത്സയ്ക്ക് ബിഹേവിയര്‍ തെറാപ്പിയും മരുന്നും ഉപയോഗിച്ചുള്ള ഒരു ചികിത്സാ രീതിയാണ് ആവശ്യം. അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങള്‍ ഇല്ലാതാക്കുന്നതിനും പുതിയ കഴിവുകള്‍ പഠിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് ബിഹേവിയര്‍ തെറാപ്പി. ADHD യുടെ കാഠിന്യമനുസരിച്ച് മരുന്നുപയോഗിച്ചുള്ള ചികിത്സയും കുട്ടിയ്ക്ക് ആവശ്യമായി വന്നേക്കാം. കുട്ടിയുടെ അമിതമായ ബഹളം കുറയ്ക്കുന്നതിനുപയോഗിക്കുന്ന മരുന്നുകള്‍ നല്‍കി തുടങ്ങുമ്പോള്‍ ചില കുട്ടികള്‍ക്ക് അല്പം കൂടുതലായി ഉറക്കം വന്നേക്കാം. ഇത് കണ്ട് പല മാതാപിതാക്കളും കുട്ടിയ്ക്ക് ഉറക്കഗുളിക കൊടുത്തിരിക്കുകയാണെന്ന് കരുതി മരുന്ന് കൊടുക്കുന്നത് നിര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. മരുന്ന് കൊടുത്തു തുടങ്ങുമ്പോള്‍ എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി ഡോസ് അഡ്ജസ്റ്റ് ചെയ്യേണ്ടതാണ്. മരുന്ന് നല്‍കാതിരിക്കുന്നത് കുട്ടിയ്ക്ക് ഒരിക്കലും സഹായകരമാവില്ല. പല മാതാപിതാക്കളും മരുന്നിന് ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമോ എന്നു വിചാരിച്ച് മരുന്ന് നല്‍കാതിരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ ഇത്തരം തെറ്റിദ്ധാരണകള്‍ ഇത്തരം കുട്ടികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കും. ക്ലാസില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ മരുന്ന് ഉപയോഗപ്രദമായിരിക്കും.
മാതാപിതാക്കള്‍ ചെയ്യേണ്ടത്
- ADHD യുള്ള കുട്ടികളുടെ പെരുമാറ്റം മാതാപിതാക്കള്‍ക്ക് പലപ്പോഴും മാനസിക സംഘര്‍ഷത്തിന് ഇടയാക്കാറുണ്ട്. പക്ഷേ ഇവിടെ മനസിലാക്കേണ്ട കാര്യം ഇതൊന്നും കുട്ടി മനപ്പൂര്‍വ്വം ചെയ്യുന്നതല്ല എന്നതാണ്. അതു കൊണ്ടു തന്നെ കുട്ടിയുടെ പെരുമാറ്റ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ധരുടെ സഹായം തേടേണ്ടതും അത് നടപ്പാക്കേണ്ടതും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ഇതിനായി ശിശുരോഗ വിദഗ്ധന്‍റെയും മനശാസ്ത്ര വിദഗ്ധന്‍റെയും ഡെവലപ്മെന്‍റ് തെറാപ്പിസ്റ്റിന്‍റെയുമൊക്കെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. പക്ഷേ കുട്ടിയുടെ യഥാര്‍ത്ഥ പരിശീലകര്‍ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളുമാണ് എന്ന് പ്രത്യേകം ഓര്‍ക്കണം.
- കുട്ടിയുടെ പെരുമാറ്റ പ്രശ്നങ്ങള്‍ പലപ്പോഴും മാതാപിതാക്കളുടെ നിയന്ത്രണം തെറ്റിക്കുന്നതായി കാണാറുണ്ട്. മറ്റുള്ളവരുടെ പ്രതികരണത്തില്‍ മനം നൊന്ത് കുട്ടികളെ അമിതമായി ശിക്ഷിക്കുന്നതും പലപ്പോഴും പതിവാണ്. ഇവിടെ മനസ്സലാക്കേണ്ട കാര്യം നമ്മുടെ കുട്ടിയുടെ യഥാര്‍ത്ഥ പ്രശ്നം നമുക്ക് മാത്രമല്ലേ അറിയൂ. അതറിയാതെ മറ്റുള്ളവര്‍ പ്രതികരിക്കുന്നതുകണ്ട് വിഷമിക്കേണ്ട ആവശ്യമില്ല. കുഞ്ഞിനു നല്‍കേണ്ടത് ശിക്ഷയല്ല, മറിച്ച് കുഞ്ഞിന്‍റെ പ്രായത്തിനും പക്വതയ്ക്കും അനുസരിച്ചുള്ള ശരിയായ ശിക്ഷണ രീതിയാണ്.
- കുട്ടിയോട് വെറുതെ തര്‍ക്കിക്കാതിരിക്കുക. എപ്പോഴും വഴക്കുപറയുന്നത് കുട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മാത്രമേ സഹായകരമാകൂ.
- ശ്രദ്ധയോടെ കുട്ടി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുക. അത് അവനില്‍/അവളില്‍ ആത്മവിശ്വാസം വളര്‍ത്തും.
- ADHD ഉള്ള കുട്ടിയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് പലകാര്യങ്ങളില്‍ മറവിയുള്ളതായി കാണാറുണ്ട്. അതുകൊണ്ടുതന്നെ ചിട്ടയായ ഒരു ജീവിതരീതി ഉണ്ടാക്കിയെടുക്കുന്നതിന് കുട്ടിയ്ക്ക് സാധാരണ കുട്ടികളെക്കാള്‍ കൂടുതല്‍ മാതാപിതാക്കളുടെ സഹായം ആവശ്യമായി വന്നേക്കാം. കുട്ടിയോടൊപ്പം ദിവസവും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതില്‍ ഏതൊക്കെ ചെയ്തു തീര്‍ത്തു എന്ന് കുട്ടിയെ കൊണ്ടു തന്നെ പരിശോധിപ്പിക്കുകയും നന്നായി ചെയ്ത കാര്യങ്ങള്‍ക്ക് പ്രശംസിക്കുന്നത് കുട്ടിക്ക് നല്ല പെരുമാറ്റം ആവര്‍ത്തിക്കുന്നതിന് പ്രോത്സാഹനമാകും.
- കുട്ടിയുടെ മോശപ്പെട്ട പ്രവര്‍ത്തിക്ക് വഴക്കു പറയുന്ന നാം അവന്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ അഭിനന്ദിക്കാന്‍ മനസ്സുകാണിക്കാറില്ല. ADHD യുള്ള കുട്ടികള്‍ക്ക് പ്രത്യേകിച്ചും നല്ല കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യുന്നതിന് അഭിനന്ദനം പ്രോത്സാഹനമാകും.
- കുട്ടിയുടെ അശ്രദ്ധമായ സ്വഭാവം കണക്കിലെടുത്ത് ഒരു കാര്യം പറയുന്നതിനു മുന്‍പ് കുട്ടിയുടെ ശ്രദ്ധ അതിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ കളിപ്പാട്ടം എടുത്തിടത്തു തന്നെ വയ്ക്കുന്നതിന് സ്നേഹത്തോടെ ഓര്‍മിപ്പിക്കണം.
- കുട്ടിയോട് സംസാരിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായിരിക്കണം. മിതമായ രീതിയിലായിരിക്കണം കുട്ടിയോട് സംസാരിക്കേണ്ടത്.
- കുട്ടിക്ക് ചിട്ടയായ ഒരു ജീവിതരീതി ഉണ്ടാക്കിയെടുക്കുക. ഉദാ. ആഹാരം കഴിക്കുക, കുളിക്കുക, ഗൃഹ പാഠം ചെയ്യുക, ഉറങ്ങുക ഇവയെല്ലാം ഒരു പ്രത്യേക സമയത്ത് സ്ഥിരമായി ചെയ്യാന്‍ പഠിപ്പിക്കുക.
- കുട്ടിയുടെ ശ്രദ്ധ പതറാതിരിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ചുറ്റുപാടും ആവശ്യമുള്ള സാധനങ്ങള്‍ മാത്രം നല്‍കി അവന്‍റെ പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കണം.
- കുട്ടിയുടെ അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങളെയും ബഹളത്തേയും പരിഹസിക്കരുത്. അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതിനെ ക്രിയാത്മകമായ പ്രവര്‍ത്തികളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുക.
- കുട്ടിയുടെ കഴിവുകളും കഴിവുകേടുകളും അറിഞ്ഞു പ്രവര്‍ത്തിക്കുക, ആവശ്യമല്ലാത്ത വിമര്‍ശനവും നല്ല കുട്ടിയാക്കാനുള്ള അമിതാവേശവും ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക.
- കുട്ടിയെക്കുറിച്ച് മറ്റുള്ളവരോട് മോശമായ രീതിയില്‍ പറയുന്നത് ഒഴിവാക്കുക.
- സാഹചര്യത്തിന് അനുയോജ്യമായ കുട്ടിയുടെ പ്രവര്‍ത്തനത്തിന് ചെറിയ പാരിതോഷികങ്ങള്‍ നല്‍കുക. കെട്ടിപ്പിടിച്ച് ഉമ്മ നല്‍കുന്നതും വലിയ പാരിതോഷികമായിരിക്കും എന്ന് മറക്കണ്ട.
- നിങ്ങള്‍ക്കു വേണ്ടതെന്താണ്, നിങ്ങള്‍ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്താണ് എന്നൊക്കെ കുട്ടി മനസ്സിലാക്കും എന്ന് അനുമാനിക്കരുത്. എന്താണ് നിങ്ങള്‍ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി കുട്ടിയോട് പറഞ്ഞു മനസ്സിലാക്കുക.
- ഓരോ കുട്ടിയും വ്യത്യസ്ഥനാണ്. കുട്ടിയെ ശരിയായി നിരീക്ഷിക്കുന്നതിലൂടെ ഏത് രീതിയാണ് അവനെ കൈകാര്യം ചെയ്യാന്‍ ഏറ്റവും ഉത്തമമെന്ന് മാതാപിതാക്കള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ പറ്റും. അല്പം കൂടുതല്‍ ക്ഷമയും ബുദ്ധിപരവും വിവേകപരവുമായ സമീപനവും വേണമെന്ന് സാരം.

