- October 16, 2020
- Posted by: Caring
- Category: Parenting
“ഒന്‍പതുവയസായ എന്‍റെ മകനു വേണ്ടിയാണ്ഞാനീ കത്തെഴുതുന്നത്. ചെറിയ ക്ലാസുകളില്‍ വലിയ കുഴപ്പമില്ലാതെപഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ്. ഇപ്പോള്‍ അവന് സ്കൂളില്‍ പോകാന്‍ ഭയങ്കര മടിയാണ്. പഠനത്തില്‍ ഒരു താല്പര്യവും അവനില്ല. രാവിലെ എഴുന്നേറ്റാലുടന്‍ ഏതെങ്കിലും കാരണം പറഞ്ഞ് സ്കൂളില്‍ പോകാതിരിക്കാന്‍ ശ്രമിക്കും. എന്നും കരച്ചിലും ബഹളവുമായാണ് അവന്‍ സ്കൂളില്‍ പോകുന്നത്. അവിടെ ചെന്നാലും ടീച്ചര്‍മാര്‍ക്കൊക്കെ പരാതിയോട് പരാതിയാണ്. അവന്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ വീട്ടിലിരുത്തി നന്നായി പഠിപ്പിച്ചുവിട്ടാലും സ്കൂളില്‍ ചെല്ലുമ്പോള്‍ അതൊക്കെ അവന്‍ മറന്നുപോകും. ഡോക്ടര്‍ അവന്‍റെ ബുദ്ധിയും ശ്രദ്ധയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും മരുന്ന് നിര്‍ദ്ദേശിക്കാമോ?”
കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് ഒരമ്മ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിന് അവര്‍ ആഗ്രഹിക്കുന്ന പരിഹാരമാര്‍ഗ്ഗവുമാണ് മുകളിലെ ചോദ്യത്തില്‍ കൊടുത്തിരിക്കുന്നത്. ഒരു ശരാശരി മലയാളി രക്ഷിതാവിന്‍റെ ഏറ്റവും വലിയ സ്വപ്നമെന്താണെന്നു ചോദിച്ചാല്‍ നിസംശയം പറയാം സ്വന്തം കുട്ടികളെ ഏറ്റവും നന്നായി പഠിപ്പിച്ച് വലിയ ആളാക്കി തീര്‍ക്കണമെന്നതാണെന്ന്. കുഞ്ഞു ജനിക്കുന്നതിനു മുന്‍പു തന്നെ അവന്‍റെ ഭാവി വിദ്യാഭ്യാസത്തെക്കുറിച്ച് നാം തീരുമാനമെടുക്കും. കുഞ്ഞുങ്ങള്‍ക്ക് പഠന പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആകെ തകര്‍ന്നു പോകുന്ന ഒട്ടേറെ മാതാപിതാക്കളുടെ സങ്കടങ്ങള്‍ കാണാനിടയായിട്ടുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ടത് പഠനം വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ഈ പ്രക്രിയയെ സുഗമമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങളിലെവിടെയെങ്കിലുംപ്രശ്നമുണ്ടായാല്‍ കുട്ടികളില്‍ പഠനപ്രശ്നങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ കുട്ടികളില്‍ പഠനപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ അതിന്‍റെ കാരണം കണ്ടെത്തി വേണ്ട ഇടപെടലുകള്‍ നടത്തേണ്ടതാണ്. ഇതില്‍ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. കുട്ടിയുടെ പ്രശ്നം മനസ്സിലാക്കാതെ അവനെ കൈകാര്യം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ഉണ്ടാക്കൂ എന്ന് ഓര്‍ക്കണം.
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ആദ്യം ചെയ്യേണ്ടത് പഠനമെന്നത്ആസ്വാദ്യകരമായഒരനുഭവമാക്കി മാറ്റാന്‍ കുട്ടിയെ സജ്ജനാക്കാനുള്ള ശ്രമം കുട്ടി ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുന്‍പു തന്നെ തുടങ്ങുക എന്നതാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വളര്‍ച്ചയുടെയും ബുദ്ധിവികാസത്തിന്‍റെയും നാഴികക്കല്ലുകള്‍ അവന്‍ സമയാസമയം തന്നെ പിന്നിടുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളുടെ ബുദ്ധിവികാസം പ്രതിരോധകുത്തിവെയ്പ് നല്‍കാന്‍ നാം കൊണ്ടു പോകാറുള്ള കാര്‍ഡിന്‍റെ ഒരു വശത്ത് കൊടുത്തിട്ടുള്ള ട്രിവാന്‍ഡ്രം ഡെവലപ്മെന്‍റല്‍ സ്ക്രീനിംങ് ചാര്‍ട്ട് എന്ന വളരെ ലളിതമായ ചാര്‍ട്ട് ഉപയോഗിച്ച് വിലയിരുത്താവുന്നതാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ അംഗന്‍വാടികളിലും ഇത് ലഭ്യമാണ്. അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് ഇത് ഉപയോഗിച്ച് കുട്ടികളുടെ ഡവലപ്മെന്‍റ് സാധാരണഗതിയിലാണോ നടക്കുന്നത് എന്ന് വിലയിരുത്താനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. നാഴികക്കല്ലുകള്‍ താണ്ടുന്നതില്‍ കാലതാമസ്സം കണ്ടെത്തിയാല്‍ താനെ ശരിയാകും എന്ന് വിചാരിച്ച് ഒന്നും ചെയ്യാതിരിക്കരുത്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാന്‍ തുടക്കത്തിലാണെങ്കില്‍ എളുപ്പമായിരിക്കും. അതുപോലെതന്നെ പ്രധാനമാണ് പഠനപ്രശ്നമുള്ള കുട്ടികളില്‍ ഭൂരിഭാഗത്തിനും സംസാരശേഷി വികസിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നു എന്നാണ്. അതുകൊണ്ടുതന്നെ കുട്ടികളില്‍ ഭാഷാവികസനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പിവരുത്താന്‍ Language Evaluation Scale Trivandrum എന്ന തിരുവന്തപുരം മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ വികസിപ്പിച്ചെടുത്ത ലളിതമായ ചാര്‍ട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. പലപ്പോഴും കുട്ടികളില്‍ സംസാരശേഷി വികസിക്കുന്നതിനുള്ള കാലതാമസം കാലക്രമേണ ശരിയായിക്കൊള്ളും. എന്ന് വിചാരിച്ച് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. കുട്ടികളില്‍ പ്രായത്തിനനുസരിച്ച് സംസാരശേഷി വികസിക്കുന്നില്ലെന്നു കണ്ടാല്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും കുഞ്ഞിനോട് കൂടുതല്‍ സംസാരിക്കുകയും കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാപ്പിക്കുകയും ചെയ്യുന്നതാണ് ആദ്യ നടപടി. അതിനുശേഷവും കാര്യമായ വ്യത്യാസം കാണുന്നില്ലെങ്കില്‍ ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ സഹായത്തോടെ കുഞ്ഞിന്‍റെ ഭാഷാവികാസനം സാധാരണ ഗതിയിലാണെന്നും ഉറപ്പുവരുത്തുന്നതാണ്.
കുഞ്ഞുങ്ങളുടെ ആറുവയസ്സുവരെയുള്ള കാലഘട്ടം ബുദ്ധിവികാസം ഏറ്റവും ദ്രുതഗതിയില്‍ നടക്കുന്ന സമയമാണെന്ന് മനസ്സിലാക്കി അതിനെ പരിപോഷിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരന്തരീക്ഷം ഓരോ കുഞ്ഞിനും നല്‍കാന്‍ കഴിയണം. പണ്ടുകാലത്തെപ്പോലെമുത്തശ്ശികഥകള്‍ കേട്ടും പാട്ടു കേട്ടും ഒട്ടേറെ ബന്ധുക്കളുടെ സ്നേഹ പരിലാളനകള്‍ ഏറ്റും വളരാവുന്ന ഒരു സാഹചര്യം ഇന്ന് നമ്മുടെ കുട്ടികള്‍ക്കില്ല. പകരം ടി.വിയുടെയും മൊബൈല്‍ ഗെയിമുകളുടെയും കാര്‍ട്ടൂണുകളുടെയും ലോകത്ത് നാം അവരെ തളച്ചിടാനാണ് ശ്രമിക്കുന്നത്. കുഞ്ഞുങ്ങളോട് കൊഞ്ചാനും കളിക്കാനും കഥപറഞ്ഞുകൊടുക്കാനും പാട്ടുകള്‍ പാടി കൊടുക്കാനും കാഴ്ചകള്‍ കാണിച്ചുകൊടുക്കാനും ആര്‍ക്കും സമയമില്ല. ചെറു പ്രായത്തില്‍ തന്നെ കുഞ്ഞിന്‍റെ ബുദ്ധിവികാസത്തിന് സഹായകരമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഔപചാരിക വിദ്ദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞിന് അതും ആസ്വാദ്യകരമാകും. പഠനം ആസ്വാദ്യകരമായ അനുഭവമാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങളെവലിയൊരളവുവരെ നമുക്ക് കുറയ്ക്കാനാകും. പാല്‍പായസമായാലുംഇഷ്ടമില്ലാതെ കഴിച്ചാല്‍ അത് മടുപ്പ് സൃഷ്ടിക്കും.
പഠനപരമായ കാര്യങ്ങളില്‍ നമ്മെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഘടകം ബുദ്ധിയാണ്. എന്താണ് ബുദ്ധി? പ്രശസ്ത മനശാസ്ത്രജ്ഞനായ ഡേവിഡ് വെഷലര്‍ ബുദ്ധിയെ നിര്‍വ്വചിച്ചത് ഒരു വ്യക്തിയുടെയുക്തിസഹമായി ചിന്തിക്കാനും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനും മാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമുള്ള കഴിവ് എന്നാണ്. പരീക്ഷയില്‍ ഒന്നാമനാകാന്‍ ബുദ്ധി അത്യാവശ്യമാണ്. എന്നാല്‍ അതുമാത്രമാണോ ബുദ്ധിയുടെ ധര്‍മ്മം? നിത്യജീവിതത്തിലെ പ്രശ്ന സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ ഒരു വ്യക്തിയെ സഹായിക്കുന്ന കഴിവിനെ ബുദ്ധി എന്ന് നമുക്കു വിളിക്കാം. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ മറ്റുള്ളവരോട് നന്നായി പെരുമാറാനും ഇടപഴകാനും (Social Quotient ) പ്രയാസമുണ്ടാകുന്ന അവസരങ്ങളില്‍ വൈകാരിക പ്രശ്നങ്ങളെ ഉചിതമായി (Emotional Quotient) കൈകാര്യം ചെയ്യാനും അതിലൂടെ പ്രായോഗിക ജീവിതത്തില്‍(Practical Quotient) വിജയം കൈവരിക്കാനുമുള്ള കഴിവാണ് ബുദ്ധി.
ബുദ്ധി അളക്കാനാകുമോ? ബുദ്ധി അളക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ് Intelligent Quotient Assessmentഅഥവാ ഐ.ക്യൂനിർണ്ണയ പരിശോധന. ഐ.ക്യൂവിന്‍റെതോതനുസരിച്ചാണ്ഒരാളിന്‍റെബുദ്ധിനിലവാരംനിർണയിക്കപ്പെടുന്നത്. ഒരു കുട്ടിയുടെ മാനസിക പ്രായത്തെ (Mental Age) അവന്‍റെ/അവളുടെ യഥാർത്ഥ പ്രായം കൊണ്ട് ഹരിച്ചു 100 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ്Intelligent Quotient അഥവാ ഐ.ക്യൂ. മാനസിക പ്രായം നിർണയിക്കാൻ മാനസികാരോഗ്യ വിദഗ്ധർ വിവിധ തരാം ടെസ്റ്റുകൾ നടത്താറുണ്ട്. ശരാശരി ബുദ്ധിയുള്ള ഒരാളിന്‍റെഐ.ക്യൂ90മുതൽ 110വരെയായിരിക്കും. 70മുതൽ 90 വരെ ഐ.ക്യൂ ഉള്ള അഥവാ ബോർഡർ ലൈൻ ഉള്ള കുട്ടികൾക്ക് ഡൽ നോർമൽ ബുദ്ധിനിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു . ഇവരെ slow learners അഥവാ മന്ദഗതിയിൽ പഠിക്കാനാകുന്നവർ എന്നും പറയാറുണ്ട്. ഐ.ക്യൂ70 ൽ താഴെയുള്ള കുട്ടികൾക്ക്ബൗദ്ധിക വികസന വൈകല്യം (Intellectual Developmental Disorder) അഥവാ ബുദ്ധിവളർച്ച കുറവ് ഉണ്ടെന്ന് കരുതാം. ബുദ്ധി വളർച്ചകുറവുള്ളവരെഐ.ക്യൂവിന്‍റെതോതനുസരിച്ചു നാലായി തിരിക്കാം. (1 ) ഐക്യൂ50 – 69 വരെയുള്ളവരെ ലഘു ബൗദ്ധിക വികസന വൈകല്യമുള്ളവർ (Mild Intellectual Developmental Disorder), (2) 35-49 വരെയുള്ളവരെബൗദ്ധിക വികസന വൈകല്യമുള്ളവർ (Moderate Intellectual Developmental Disorder), (3) 20-34 വരെയുള്ളവരെ തീവ്ര ബൗദ്ധിക വികസന വൈകല്യമുള്ളവർ (Severe Intellectual Developmental Disorder), (4) 20-ൽ താഴെയുള്ളവരെതീഷ്ണബൗദ്ധിക വികാസ വൈകല്യമുള്ളവരെന്നും (Profound Intellectual Disorder) കണക്കാക്കപ്പെടുന്നു .
ഐ.ക്യൂ70 -90 വരെയുള്ള കുട്ടികൾക്ക് പഠന പിന്നോക്കാവസ്ഥയുണ്ടാകാനും എഴുതാനും വായിക്കാനും കണക്കു കൂടാനും അവർക്ക്കഴിയുമെങ്കിലും അവരുടെ പഠനം പൊതുവെ മന്ദഗതിയിലായിരിക്കും. ചെറിയ ക്ലാസുകളിൽ മാതാപിതാക്കളുടെ സഹായത്തോടെ ഇവർക്കു പഠിച്ച്നല്ല മാർക്ക്വാങ്ങാനാകുമെങ്കിലും വലിയ ക്ലാസുകളിലേക്ക് പോകുംതോറുംപഠനത്തിൽ ബുദ്ധിമുട്ട് ഏറി വരാൻ സാധ്യതയുണ്ട്. കുട്ടിയുടെ പ്രശ്നം മനസിലാക്കാതെ ശാസിക്കുകയും ശിക്ഷിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പഠനപ്രശ്നങ്ങൾ വഷളാക്കുക മാത്രമേ ചെയ്യൂ. വീട്ടിലും സ്കൂളിലും അംഗീകാരം കിട്ടാതാകുമ്പോൾ അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും സ്കൂളിൽ പോകാൻ മടി കാണിക്കുകയുംചെയ്യാൻ സാധ്യത കൂടുതലാണ്. ബുദ്ധി നിലവാരം 50 – 69 വരെയുള്ളവർക്ക് പഠനം പ്രയാസകരമായിരിക്കും. ചെറിയ ക്ലാസ്സുകളിൽ വായന, കണക്ക് എന്നിവയൊക്കെ അവർക്ക് പഠിക്കാൻ കഴിയുമെങ്കിലുംപഠനത്തിൽ വ്യക്തമായ പിന്നോക്കാവസ്ഥ ഉണ്ടാകും. ഐ.ക്യൂ 35-49 വരെയുള്ളവർക്ക് ഔപചാരിക വിദ്യാഭ്യാസം തന്നെ പ്രയാസമായിരിക്കും. ഇവരെ ഏതെങ്കിലുമൊരു തൊഴിൽ പരിശീലനം നൽകി ഒരു ഉപജീവന മാർഗം കണ്ടെത്താൻ സഹായിക്കുന്നതാകും നല്ലത്. ഐ.ക്യൂ20 – 34വരെയുള്ളവരെഅവരവരുടെദൈനം ദിന കാര്യങ്ങൾ സ്വയം ചെയ്യാനുള്ള പരിശീലനം നൽകുന്നതായിരിക്കും പരമാവധി ചെയ്യാൻ കഴിയുക. ഐ.ക്യൂ20 ൽ താഴെയുള്ളവർക്ക് എല്ലാ കാര്യങ്ങൾ ചെയ്യുന്നതിനും പരസഹായം ആവശ്യമായി വന്നേക്കും. കുട്ടികളിൽ പഠനപ്രശ്നങ്ങൾ കണ്ടെത്തിയാൽ അവരുടെ ബുദ്ധിനിലവാരം പരിശോധിച്ച് വേണ്ട തരത്തിലുള്ള പഠന രീതികൾ അവലംബിക്കുന്നതായിരിക്കും ഉത്തമം. ഒരു മരുന്ന് കൊടുത്തും കുട്ടികളിലെ ബുദ്ധി കൂട്ടാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
പഠനത്തിനെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ഓര്‍മ്മ ശക്തി, കാഴ്ച, കേൾവി, സ്പർശം, മണം, രുചി തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ നമ്മളിലെത്തുന്ന കാര്യങ്ങളെ മനസ്സിൽ പതിപ്പിക്കാനും ശേഖരിച്ചു വെയ്ക്കാനും വേണ്ട സമയത്ത് വീണ്ടും എടുത്ത് ഉപയോഗിക്കാനുമുള്ള കഴിവിനെയാണ് ഓർമശക്തി എന്ന് പറയുന്നത്. ഓർമയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്, ഒന്നാം ഘട്ടം പുതിയതായി ലഭിക്കുന്ന വിവരങ്ങളെ സ്വീകരിച്ചു മനസ്സിൽ പതിപ്പിക്കുക എന്നതാണ് (Registration). രണ്ടാം ഘട്ടത്തിൽ ഇങ്ങനെ പതിഞ്ഞ വിവരങ്ങളെ ദീർഘ നാൾ നില നിർത്തണം (Storage).മൂന്നാം ഘട്ടത്തിൽ ശേഖരിച്ചു വെച്ച വിവരങ്ങളെ ആവശ്യമുള്ള സമയത്വീണ്ടുമെടുത്ത് ഉപയോഗിക്കണം (Recall). മേൽപ്പറഞ്ഞ മൂന്ന് ഘട്ടങ്ങളും നന്നായി നടന്നാൽ മാത്രമേഒരാൾക്ക് നല്ല ഓർമ്മശക്തിയുണ്ടാകൂ. ആദ്യം കേൾക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന വസ്തുതകൾ നമ്മുടെ Short term memory യിലേക്കാണ് എത്തിച്ചേരുന്നത്. ഇവയ്ക്ക് 24മണിക്കൂറിലേറെനിലനിൽക്കാനാവില്ല. ആവർത്തനത്തിലൂടെമാത്രമേ കണ്ടതും കേട്ടതുമായ അറിവുകൾ സ്ഥിരമായി ഓര്‍മ്മയിൽ നിലനിർത്താനാകൂ. പഠിക്കുന്ന കാര്യങ്ങൾ 24മണിക്കൂറിനകം വീണ്ടും വായിക്കുന്നതിലൂടെ ആ വസ്തുതകളെ ഒരാഴ്ചയോളം നമ്മുടെ ഓർമ്മയിൽ നിലനിർത്താനാകും. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും പഠിച്ചാൽ അവയെ ഒരു മാസത്തേയ്ക്ക് നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാനാകും. പഠിക്കുന്ന കാര്യങ്ങൾ ആവർത്തിച്ചുപഠിക്കുന്നതിലൂടെമാത്രമേ നമുക്ക് അവയെഓർമ്മയിൽ നിലനിർത്താനാകൂ. ചുരുക്കത്തിൽ പഠിച്ച കാര്യങ്ങൾ ആവർത്തിച്ചുപടിക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. ഒരു മരുന്നിനും ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാനാവില്ല.
കുട്ടികളിൽ പഠന പ്രശ്നങ്ങളുണ്ടാകുമ്പോൾ ആരുടെ സഹായമാണ് തേടേണ്ടതെന്നറിയാതെ ഉഴലുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്. അവർ ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ പ്രശ്നത്തിന്‍റെയഥാർത്ഥ കാരണം കണ്ടെത്തുകയാണ്. ഇതിന്‍റെ ആദ്യ പടിയായി ഒരു മനഃശാസ്ത്ര വിദഗ്ധന്‍റെ സഹായത്തോടെ കുട്ടിയുടെ ബുദ്ധി നിലവാരം സാധാരണ ഗതിയിലാണെന്നുംകുട്ടിയ്ക്ക് പഠന വൈകല്യം (Learning Disability) ഇല്ലെന്നും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നഅറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടീവ് ഡിസോര്‍ഡര്‍ (ADHD)പോലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും ഉറപ്പാക്കുകയാണ്. ബുദ്ധി വികാസക്കുറവുള്ളകുട്ടികൾക്ക്അവർക്കനുയോജ്യമായ പഠന രീതികൾ സ്വീകരിക്കാൻ സഹായിക്കുകയാണ് ചെയ്യേണ്ടത്. സാധാരണ ബുദ്ധി നിലവാരമുള്ള കുട്ടിയ്ക്ക് പഠന പ്രശ്നങ്ങളുണ്ടെങ്കിൽ അതിനു കാരണമാകുന്നത് ശരിയായ പഠന രീതികൾ അവലംബിക്കുന്നതിൽ വന്നിട്ടുള്ള പ്രശ്നങ്ങളാണ്. ചിട്ടയായ പഠന രീതി ഉണ്ടാക്കിയെടുത്തും വേണ്ടത്രേ പ്രോത്സാഹനം നൽകിയും പഠനം ആസ്വാദ്യകരമായഒരനുഭവമാക്കി മാറ്റിയും ഇവരുടെ പഠനം മെച്ചപ്പെടുത്താനാകും. ബുദ്ധി നിലവാരം കുറവുള്ള കുട്ടികളെ അവർക്കനുയോജ്യമായപാഠ്യ പദ്ധതിയിലേക്ക് മാറ്റിയും ക്ഷമയോടെ പഠനത്തിൽ അവരെ സഹായിച്ചും നമുക്ക് സഹായിക്കാനാകും ഒരു ശിശു രോഗ വിദഗ്ദന്‍റെ സഹായത്തോടെ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നുംകാഴ്ചയും കേള്‍വിയുമൊക്കെ സാധാരണ ഗതിയിലാണെന്നും ഉറപ്പുവരുത്തുക. മാതാപിതാക്കൾ ചെയ്യേണ്ടത് കുട്ടികളുടെ ആരോഗ്യ സ്ഥിതിയും പോഷക നിലവാരവും മെച്ചപ്പെടുത്തി ആവശ്യത്തിന് വിശ്രമവും വിനോദത്തിനുള്ള സഹായവും നൽകി മെച്ചപ്പെട്ട പഠന നിലവാരം പ്രകടിപ്പിക്കാൻ സഹായിക്കുക എന്നതാണ്.
ഇതുപോലെ പ്രാധാന്യമർഹിക്കുന്നതാണ് വീട്ടിലും സ്കൂളിലും പഠിക്കാനുതകുന്നഒരാന്തരീക്ഷമുണ്ടാകുക എന്നത്. ചിട്ടയായി പഠിപ്പിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നസ്വന്തം കുഞ്ഞുങ്ങളെപ്പോലെഅവരെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരെയാണ് നമുക്കാവശ്യം. എല്ലാ മാതാപിതാക്കളും സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ടെന്നുള്ളത്ശരിയാണെങ്കിലും ഈ സ്നേഹം പ്രകടിപ്പിക്കുന്നവർ കുറവാണ്. അത് മിക്കപ്പോഴും കുട്ടിയുടെ പഠനമികവിനെ ആശ്രയിച്ചിരിക്കും. ഇത് ശരിയല്ല, ദൈവം കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ഉപാധികളില്ലാത്ത സ്നേഹം കിട്ടേണ്ടത് സ്വന്തം മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമാണ്, എന്ന് നാം പ്രത്യേകം ഓര്‍ക്കണം.
ഡോ. എം. കെ. സി. നായര്‍
ഡോ. ലീന. എം. എല്‍

