- October 14, 2020
- Posted by: Caring
- Category: Parenting
മുതിർന്നവരിലെന്ന പോലെ കുട്ടികളിലും വളരെ സാധാരണയായി കണ്ടുവരുന്ന നാഡീ സംബന്ധമായ ഒരു ക്രമക്കേടാണ് ജന്നി. മനുഷ്യന്റെതലച്ചോർ ഉണ്ടാക്കിയിരിക്കുന്നത് ദശലക്ഷക്കണക്കിനുനാഡീകോശങ്ങൾ കൊണ്ടാണ്. ഇവ മനുഷ്യന്റെ ചിന്തയെയും ബുദ്ധിയെയും മറ്റ് എല്ലാ ധര്മങ്ങളെയും നിയന്ത്രിക്കുന്നു. വളരെ വളരെ നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങൾ കടത്തി വിട്ടാണ്നാഡീകോശങ്ങൾ ഈ ധർമങ്ങൾ നിയന്ത്രിക്കുന്നത്. തലച്ചോറിന്റെ ഈ പ്രക്രിയയിൽ ഉണ്ടാകുന്ന പ്രവർത്തനഭംഗമാണ്ജന്നി (Seizure)അതായത് തലച്ചോറിലെ സാധാരണ വൈദ്യുത തരംഗങ്ങളുടെ പ്രവർത്തനത്തിന് വ്യതിയാനം സംഭവിക്കുംമ്പോഴാണ്ജന്നി ഉണ്ടാകുന്നത്. ഇത് ചിലരിൽ പേശികൾക്ക്പിടുത്തക്കൂടുതൽ ഉണ്ടാക്കുകയോ നിയന്ത്രണാതീതമായ ശാരീരിക ചലനങ്ങൾ സൃഷ്ട്ടിക്കുകയോ അബോധാവസ്ഥയിലേക്കു നയിക്കുകയോ ചെയ്തേക്കാം.
ജന്നിഇടവിട്ട്ഇടവിട്ട് വരുന്ന അവസ്ഥയെ അപസ്മാരം (Epilepsy) എന്ന് പറയുന്നു. ജന്നിഉണ്ടാകുമ്പോൾ ഒരു വ്യക്തിക്ക് പെട്ടെന്ന് കുറച്ചു നേരത്തെക്ക്താനെവിടെയാണെന്നോ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നോ, തന്റെ പെരുമാറ്റവും വികാരങ്ങളും എന്താണെന്നോ മനസ്സിലാക്കാൻ കഴിയാത്ത ഒരവസ്ഥസംജാതമാകുന്നു. 200കുട്ടികളിൽ ഒരാൾക്ക് ജെന്നി ഉണ്ടാകാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഇതിൽ 10%പേർക്ക് ഇത് ഗുരുതരമായ അവസ്ഥയായി മാറാറുണ്ട്. അപസ്മാരം ഉണ്ടെന്നു നിർണ്ണയിക്കാനുംഏതു തരം ചികിത്സ വേണമെന്ന് തീരുമാനിക്കാനും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്.
ജന്നിപലവിധത്തിൽ കാണപ്പെടാറുണ്ടുണ്ടെങ്കിലും ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം:
(1)ജനറലൈസ്ഡ്സീഷേഴ്സ്(Generalized Seizures) ഈ തരത്തിലുള്ള ജന്നി തലച്ചോറിനെ മുഴുവനായി ബാധിക്കുന്നു.
(2)പാർഷ്യൽ സീഷെഴ്സ്(Partial Seizures): തലച്ചോറിന്റെഏതെങ്കിലുമൊരു ഭാഗത്തു മാത്രമായിരിക്കും ഇത് ബാധിക്കുക.തലച്ചോറിന്റെ ഏതു ഭാഗത്തെയാണോബാധിച്ചിരിക്കുന്നത് അതനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടാം. കുട്ടികളിൽ സാധാരണ കണ്ടു വരാറുള്ള ലക്ഷണങ്ങൾ അസ്വാഭാവികമായുള്ള പെരുമാറ്റം, പേശികളുടെ പെട്ടെന്നുള്ള തീവ്രമായ കൊച്ചി വലിക്കൽ, ശരീര ഭാഗങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മരവിപ്പ്, നിയന്ത്രിക്കാനാകാത്ത വെട്ടൽ, അബോധാവസ്ഥയിലാകുക, വായിൽനിന്നു നുരയും പതയും വരുക തുടങ്ങിയവയാണ്. ജന്നിഉണ്ടാകുമ്പോൾ കുട്ടിയുടെ ശ്വാസഗതിയുടെ താളം തെറ്റുകയും വായിലൂടെ ദ്രാവകം പുറത്തു വരുകയും ചെയ്തേക്കാം. കുറച്ചു സമയം കഴിയുമ്പോൾ ജന്നിനിൽക്കുകയും മയക്കവും ക്ഷീണവും ഉണ്ടാകുകയും ചെയ്തേക്കാം. ചില കുട്ടികളിൽ ഇത്തരം ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. പെട്ടെന്ന് കുറച്ചു നേരം അനങ്ങാതിരിക്കുക, തുറിച്ചു നോക്കുക, ദിവാസ്വപ്നം കണ്ടതുപോലെയിരിക്കുക, എന്നിങ്ങനെയുള്ള ലക്ഷണങ്ങളോടുകൂടിയുംജന്നിപ്രകടമാകാറുണ്ട്.
80% കുട്ടികളിലും ജന്നി വരുന്നത് എന്തുകൊണ്ടാണെന്നു പറയാൻ ബുദ്ധിമുട്ടായിരിക്കും. പ്രസവസമയത്ത്തലച്ചോറിലുണ്ടായ അണുബാധ മുതൽ മസ്തിഷ്ക ആഘാതം വരെ ഇതിനു കാരണമായേക്കാം. നവജാതശിശുക്കളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതുമൂലവുംജന്നി ഉണ്ടാകാൻ സാധ്യതയുണ്ട്. ജനിതകപരമായപ്രശ്നങ്ങൾമൂലവും തലച്ചോറിൽ മുഴ ഉണ്ടായാലും രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാലുമൊക്കെജന്നി വരാൻ സാധ്യതയുണ്ട്. ജന്നി വരുന്ന കുട്ടികളിൽ ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, മിന്നിക്കൊണ്ടിരിക്കുന്ന വെളിച്ചം തുടങ്ങിയവയൊക്കെ ജന്നി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ആറ് മാസത്തിനും 5 വയസ്സിനുമിടയിലുള്ള2-4% വരെ കുട്ടികളിൽ പണിയോടൊപ്പം ജന്നി ഉണ്ടാകാറുണ്ട്. ഇത് ഏതാനുംസെക്കന്റുകൾ മുതൽ കുറച്ചു മിനിട്ടുകൾ വരെ നീണ്ടു നിന്നേക്കാം. വൈറസ് അണുബാധ, മൂത്രത്തിലെ അണുബാധ, ചെവിയിലുണ്ടാകുന്ന അണുബാധ, (Acute Otitis media) ടോൺസിലൈറ്റിസ്തുടങ്ങിയവമൂലമുണ്ടാകുന്ന പനിയോടൊപ്പം കുട്ടികളിൽ ജന്നി ഉണ്ടായേക്കാം. പനിയോടൊപ്പം ജന്നി ഉണ്ടാകുന്ന കുട്ടികളിൽ താപനില 100.4 ഡിഗ്രിയിൽ കൂടുതൽ ഉയരാതെ നോക്കേണ്ടത് വളരെ പ്രാധാന്യമര്ഹിക്കുന്നു. അതുകൊണ്ടു തന്നെ പനിയുടെ ആരംഭത്തിൽ തന്നെ മരുന്നുകൊടുക്കാൻ ശ്രദ്ധിക്കുകയും കുഞ്ഞിനെ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. പനിയോടൊപ്പം വരുന്ന ജന്നി കുഞ്ഞിന്റെ തലച്ചോറിന് ക്ഷതമേല്പ്പിക്കാനും ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിക്കാനുമുള്ളസാധ്യതയില്ലെന്ന് തന്നെ പറയാം.
ഹെൽത്ത്കെയർ കൗൺസിലിങ്ങിന്റെ ആവശ്യകത.
കുട്ടികളിലെ അപസ്മാരം ഒരു ആരോഗ്യപ്രശ്നമെന്നതിലുപരി പലപ്പോഴും വ്യക്തിക്കും കുടുംബത്തിനും മറ്റനവധി സാമൂഹിക-മാനസിക പ്രശ്നങ്ങൾക്കും കാരണമായി തീരാറുണ്ട്. ഇതിനു പ്രധാന കാരണം ഈ അസുഖത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയും തെറ്റായ സമീപനവുമാണ്, അതുകൊണ്ടുതന്നെ ഈ പ്രശ്നമുള്ള കുട്ടിക്ക് മരുന്ന് കൊടുത്തതുകൊണ്ടു മാത്രം എല്ലാം ശരിയാകും എന്ന് വിചാരിക്കുന്നത് ശരിയല്ല, ശരിയായ ബോധവൽക്കരണംകുടുംബാംഗങ്ങൾക്കും കുട്ടിയുമായി ഇടപഴകുന്നവർക്കുംകിട്ടിയാൽ ഇവരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാനാകും.ഇവിടെയാണ്ഹെൽത്ത്കെയർ കൗൺസിലിങ്ങിന്റെപ്രസക്തി. അപസ്മാരം ഉണ്ടാകുന്ന കുട്ടികളുടെ മാതാപിതാക്കളും കുടുംബാങ്ങങ്ങളും ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നുംകൗൺസിലിങ്നൽകേണ്ടത് എന്തൊക്കെ കാര്യങ്ങളിലാണെന്നും നോക്കാം. പ്രധാനമായും മൂന്നു കാര്യങ്ങളിൽ ശരിയായ അവബോധം മാതാപിതാക്കളിൽ ഉണ്ടാക്കിയെടുക്കാൻ കൗൺസിലിങ്നൽകുന്ന ആൾ പ്രത്യേകം ശ്രദ്ധിക്കണം.
- ജന്നി എന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ചും ചികിത്സാ രീതിയെക്കുറിച്ചും ശരിയായ അറിവ് നൽകിയിരിക്കണം.
- കുട്ടിക്ക് ജന്നിഉണ്ടാകുന്നതുമൂലമുള്ള വിവിധ പ്രശ്നങ്ങളെ (സാമൂഹിക, മാനസീക, ആരോഗ്യ പ്രശ്നങ്ങൾ) എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുംഅവബോധമുണ്ടാകണം. മാതാപിതാക്കൾക്ക്മാനസീകസംഘർഷംഅമിതമായുണ്ടെങ്കിൽ അതിനു വേണ്ട കൗൺസലിങ്ങുംനൽകേണ്ടതാണ്.
- ജന്നി ഉണ്ടാകുന്ന കുട്ടി നേരിടേണ്ടി വരാൻ സാധ്യതയുള്ള പലവിധ തടസ്സങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെക്കുറിച്ചുംചർച്ച ചെയ്യണം.
കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യംഡോക്ടർ നിർദ്ദേശിക്കുന്നമരുന്നുകൾ കൃത്യമായ അളവിൽ കൃത്യ സമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ഡോക്ടറുടെനിർദ്ദേശപ്രകാരമല്ലാതെ മരുന്നിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ പാടില്ല. ഡോക്ടർ പറയുന്ന കാലം വരെ മരുന്ന് മുടങ്ങാതെ നൽകാൻ ശ്രദ്ധിക്കണം. ജന്നിഉണ്ടാകാതിരിക്കാനുള്ളമരുന്നുകൾ ഒരു നിശ്ചിത അളവിൽ രക്തത്തിൽ നിലനിർത്തുന്നതിലൂടെയാണ് ഇത് ഉണ്ടാകുന്നത് തടയുന്നത്. അവ കൃത്യ സമയത്ത് കൃത്യമായഅളവിൽ നല്കിയില്ലെങ്കില് ജന്നി ഉണ്ടാകാനുള്ള സാധ്യത വര്ദ്ധിക്കും. മരുന്ന് കഴിക്കാൻ മറന്നാൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യുന്നത് നന്നായിരിക്കും, ഒരു കാരണവശാലും മരുന്ന് തീരുന്നതുവരെവാങ്ങാതിരിക്കരുത്, മരുന്ന് തീരാൻ ഒരാഴ്ചയുള്ളപ്പോൾ തന്നെ മരുന്ന് വാങ്ങിവയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റേതെങ്കിലും അസുഖത്തിന് കുഞ്ഞിന് മരുന്ന് കൊടുക്കേണ്ടിവന്നാല് ഈ മരുന്ന് ഉപയോഗിക്കുന്ന കാര്യം ഡോക്ടറുടെശ്രദ്ധയിൽപ്പെടുത്തണം. കുട്ടിക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നിന്റെബ്രാൻഡ് കഴിവതും മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ചിലപ്പോൾ കടയിൽ ആ മരുന്നില്ലെങ്കിൽ അതെ മരുന്ന് തന്നെയാണ് എന്ന് പറഞ്ഞു വേറൊരുബ്രാൻഡ് തരാൻ സാധ്യതയുണ്ട്. കഴിയുമെങ്കിൽ കുട്ടിക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്ന് തന്നെ കിട്ടാൻ സാധ്യതയുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഡോക്ടറുടെശ്രദ്ധയിൽപ്പെടുത്തുക. ഈ മരുന്നുകൾ കുറച്ചുകാലംതുടർച്ചയായിഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ ഇത് എത്രനാൾ ഉപയോഗിക്കേണ്ടി വരും എന്നത് എല്ലാ കുട്ടികളിലും ഒരുപോലെ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശപ്രകാരംമാത്രമേമരുന്നുകൾ നിർത്താനുംപാടുള്ളു.
- കുഞ്ഞിന് ജന്നിവന്നാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെക്കുറിച്ച്കുടുംബാംഗങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. തെറ്റിദ്ധാരണമൂലം വളരെയധികം തെറ്റായ കാര്യങ്ങൾ ഇത്തരം അവസരങ്ങളിൽ പലരും ചെയ്യുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. കുട്ടിക്ക് അസുഖമുണ്ടാകുമ്പോൾ മാതാപിതാക്കൾക്ക് കഠിനമായ മാനസിക സംഘർഷംഉണ്ടാകുന്നതുമൂലം പലപ്പോഴും കുഞ്ഞിനെ ശരിയായി സഹായിക്കാൻ പറ്റാത്ത സാഹചര്യങ്ങളും വിരളമല്ല, കുഞ്ഞിന് ജന്നി വരുന്ന സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ ചെയ്യേണ്ടത് ശാന്തമായി കുഞ്ഞിനെ സഹായിക്കുക എന്നതാണ്. കുഞ്ഞിന്റെ ശരീര ചലനങ്ങൾ തടയാൻ ഒരു കാരണവശാലും ശ്രമിക്കരുത്. കുഞ്ഞിന്റെ സമീപത്തു തട്ടാനും മുട്ടാനും സാധ്യതയുള്ള എന്തെങ്കിലും സാധനങ്ങൾ (മേശ, കസേര, പാത്രങ്ങൾ, തുടങ്ങിയവ) ഉണ്ടെങ്കിൽ അവ മാറ്റുക. ഇതിലൂടെ കുഞ്ഞിന് പരിക്കുകൾ ഉണ്ടാകാതെ നോക്കാനാകും. കുഞ്ഞിന്റെ തല തലയിണയോ മൃദുവായ മറ്റെന്തെങ്കിലും സാധനമോ വെച്ച്അല്പംഉയർത്തി വെയ്ക്കുക. തല ഒരു വശത്തേക്ക് ചരിച്ചു പിടിക്കാനായാൽ വായിലുണ്ടാകുന്നസ്രവംഒഴുകിപ്പോകുന്നതിന്സഹായകരമാകും. ഇതിലൂടെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടാകാനുള്ള സാധ്യത കുറയ്ക്കാനാകും. കുഞ്ഞ് ഇറുകിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ അവ അയച്ചിട്ട് കൊടുക്കാവുന്നതാണ്. കുഞ്ഞിന് ജന്നി ഉണ്ടായത് അപകടകരമായ സ്ഥലത്തല്ലായെങ്കിൽ (റോഡിൽ, വെള്ളത്തിനരികെ, തീയുടെ അരികെ) കുഞ്ഞിനെ അവിടുന്ന് മാറ്റാതിരിക്കുന്നതാകും ഉത്തമം. ജന്നി ഉണ്ടാകുന്നത് നിലച്ചു കഴിഞ്ഞാൽ കുഞ്ഞിനെ സ്വസ്ഥമായ ഒരിടത്തേക്ക്മാറ്റുന്നതിൽ തെറ്റില്ല. കുഞ്ഞിന്റെവായിൽ തുണി കുത്തികയറ്റുക, മറ്റുസാധനങ്ങൾ വയ്ക്കുക തുടങ്ങിയ തെറ്റായ കാര്യങ്ങൾ ചിലർ ചെയ്യാറുണ്ട്. ജന്നി ഉണ്ടാകുന്ന സമയത്ത് വെള്ളം കൊടുക്കുക ഭക്ഷണസാധനങ്ങൾ കൊടുക്കാൻ ശ്രമിക്കുക തുടങ്ങിയവയൊക്കെ ഒഴിവാക്കേണ്ടതാണ്. ജന്നി ഉണ്ടാകുന്നത് പരിക്കൊന്നുമുണ്ടായില്ലെങ്കിൽ കുട്ടിക്ക് വേദനാജനകമൊന്നുമല്ല പക്ഷെ, കുടുംബാംഗങ്ങളുടെ എന്തോ അതീവ ഗുരുതരമായതെന്തോ സംഭവിച്ചുപോയി എന്നതരത്തിലുള്ള പെരുമാറ്റമാണ് കുട്ടിക്ക് വേദനയുണ്ടാക്കാൻ സാധ്യതയുണ്ടാകുന്നത്. അതുകൊണ്ടുതന്നെ കുട്ടിയോടൊപ്പം അവൻ/അവൾ സാധാരണഗതിയിലാകുന്നതുവരെ ശാന്തമായി ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ജന്നി ഉണ്ടാകുന്ന രീതിയിൽ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെടുകയോ,സാധാരണയിൽ കൂടുതൽ സമയം ജന്നി ഉണ്ടാകുകയോ, കുഞ്ഞ് സാധാരണ അവസ്ഥയിലേക്ക് എത്തിച്ചേരാൻ കൂടുതൽ സമയമെടുക്കുകയോ, ശ്വാസതടസ്സം ഉള്ളതുപോലെ തോന്നുകയോ ചെയ്താൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
- അപസ്മാരമുള്ള കുട്ടികളിൽ പലവിധ മാനസിക വൈകാരിക പ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും യാഥാർഥ്യബോധത്തോടുകൂടിയുള്ള ഒരു പിന്തുണ ലഭിച്ചില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കുട്ടിയിലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നമുള്ള കുട്ടികളിൽ അപകര്ഷതാബോധമുണ്ടാകാനും ആത്മവിശ്വാസംകുറയാനുമുള്ള സാധ്യത കൂടുതലാണ്. കുഞ്ഞ്വളരുംതോറും ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാനുള്ളമുൻകരുതലുകൾ കുടുംബാംഗങ്ങൾ എടുക്കുന്നത് നന്നായിരിക്കും. കുഞ്ഞിന് കാര്യങ്ങൾ മനസ്സിലാകുന്ന പ്രായമാകുമ്പോൾ എന്താണ് കുഞ്ഞിന് സംഭവിക്കുന്നതെന്നും കൃത്യമായി കുറച്ചുനാൾ മരുന്ന് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.കുട്ടിയ്ക്ക് ഈ പ്രശ്നമുള്ളതുകൊണ്ട് മാത്രം എല്ലാ കാര്യങ്ങളിൽ നിന്നും അവനെ/അവളെ ഒഴിവാക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം തകർത്തുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ അപകടകരമായ സാഹചര്യങ്ങളിലൊഴികെമറ്റെല്ലാ കാര്യങ്ങളിലും കുട്ടിയെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഏതൊക്കെ സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടതെന്നതിനെക്കുറിച്ച് കുട്ടിയോട് കാരണസഹിതം പറഞ്ഞു മനസ്സിലാകുന്നത് അത്തരം സാഹചര്യങ്ങളിൽ യുക്തിപൂർവം പെരുമാറുന്നതിന് കുഞ്ഞിന് സഹായകരമാകും.
- അപസ്മാരമുണ്ടാകുന്നമുതിർന്ന കുട്ടികളിലും കൗമാരപ്രായക്കാരിലുംവിഷാദരോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാനും വേണ്ട സഹായം തേടാനും കുടുംബാംഗങ്ങളെ പ്രാപ്തരാക്കുന്നത് നന്നായിരിക്കും. അമിതമായ സംരക്ഷണം ചിലപ്പോൾ പെരുമാറ്റപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ ഉചിതമായ രീതിയിൽ ഈ കുട്ടികളുടെ രക്ഷാകർത്വത്തം (Parenting) നടപ്പാക്കാനുള്ള പ്രശ്നത്തിലധിഷ്ഠിതമായകൗൺസലിങ്കുടുംബാംഗങ്ങൾക്ക് ആവശ്യമായി വന്നേക്കാം.
- കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഓരോരുത്തർക്കുംസാധ്യമാകുന്നതരത്തിൽ വീട്ടിലും ദിനചര്യകളിലും ചില മാറ്റങ്ങൾ വരുത്താവുന്നതുമാണ്. സാധ്യമെങ്കിൽ കുട്ടി സാധാരണ ഇടപഴകാറുള്ള സ്ഥലങ്ങളിൽ കാർപ്പെറ്റ് ഇടാൻ സാധിച്ചാൽ വീഴ്ചയുണ്ടാകുന്നസാഹചര്യങ്ങളിൽ അതിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും. ഓരോ കുട്ടിക്കും ജന്നി ഉണ്ടാകുന്നതിനു പ്രേരകമാകുന്ന ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായേക്കാം. കൃത്യമായി മരുന്ന് കഴിക്കുന്നതോടൊപ്പം ഇത്തരം സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പെരുമാറുന്നത് ജന്നി വരുന്നത് നിയന്ത്രണ വിധേയമാക്കാൻ സഹായകരമാകും. കുട്ടി ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്നും, പോഷകാഹാരംകഴിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഉറങ്ങുന്നതിനും ഉണരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെ കുട്ടിക്ക് ഒരു ചിട്ടഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക. ചില കുട്ടികൾക്ക് ടി.വി,കമ്പ്യൂട്ടർ, വീഡിയോ ഗെയിം തുടങ്ങിയവ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന മിന്നുന്ന പ്രകാശം ജന്നി ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓർക്കുക, എല്ലാ കുട്ടികൾക്കുംഇത് പ്രശ്നമുണ്ടാക്കുകയില്ല. പ്രശ്നമുണ്ടാവുന്നുവെന്ന്തോന്നുന്നുവെങ്കിൽ മാത്രം അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. തീയും വെള്ളവുമൊക്കെ ചില കുട്ടികൾക്ക്പ്രശ്നമുണ്ടാകാറുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ മുതിർന്നവർ കൂടെയില്ലാത്തസാഹചര്യങ്ങളിൽ പൂർണ്ണമായും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത കുട്ടിക്ക് ബോധ്യമായിരിക്കണം.ചില കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാകുന്ന സാഹചര്യങ്ങൾ ജന്നി ഉണ്ടാകാറുണ്ട്. അങ്ങനെ പ്രശ്നമുള്ളവരിൽ അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
- അപസ്മാരമുണ്ടാകുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. സ്കൂളിൽ പോകുമ്പോൾ കുട്ടിക്ക്അസുഖം വന്നാലോ എന്ന ഭയം പല രക്ഷിതാക്കളെയും അലട്ടാറുണ്ട്. സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും ശ്രദ്ധയിൽ കുട്ടിയുടെ പ്രശ്നം കൊണ്ടുവരുകയും അത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് അവരുമായി ചർച്ച ചെയ്യുന്നതും കുട്ടിക്ക് സഹായകരമാകും.അസുഖത്തെക്കുറിച്ചുള്ളഅപകർഷതാബോധംകുട്ടിയിൽ വളരാനനുവദിക്കാതെ അധ്യാപകരുടെ സഹകരണത്തോടുകൂടി കുട്ടിയുടെ വിദ്യാഭ്യാസം സുഗമമാക്കാൻ സാധിക്കും. ചില മരുന്നുകൾ കുട്ടിക്ക് അമിതമായ പിരുപിരുപ്പും(hyperactivity)ശ്രദ്ധക്കുറവുംഓർമ്മക്കുറവും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് പഠന പ്രശ്നങ്ങൾ ഇവരിൽ സാധാരണമാണ്. കുട്ടിയുടെ പരിമിതികൾ അറിഞ്ഞുള്ള അധ്യാപകരുടെ സമീപനം കുട്ടിക്ക് കൂടുതൽ ആത്മവിശ്വാസവും പഠിക്കാനുള്ള പ്രേരണയും നൽകുന്നതിന്സഹായകരമാകും. അധ്യാപകർക്ക് കുട്ടിയുടെ സഹപാഠികളുടെയും കൂട്ടുകാരുടെയും സഹകരണത്തോടെ കുട്ടിക്കുവേണ്ട സഹായം ഉറപ്പാക്കാനാകും.സ്കൂളിൽ ആയിരിക്കുന്ന സമയത്ത് കുട്ടി മരുന്ന് കഴിക്കേണ്ടതായിട്ടുണ്ടെങ്കിൽ ക്ലാസ് ടീച്ചറിന്റെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പാക്കുന്നത് നന്നായിരിക്കും. ചെറിയ കുട്ടികളാണെങ്കിൽ മരുന്ന് ടീച്ചറിനെ ഏൽപ്പിക്കാം. മുതിർന്നകുട്ടികൾക്ക് ആ സമയത്ത്വാച്ചിൽ ഒരു അലാറം സെറ്റ് ചെയ്തു വെക്കുന്നത് സഹായകരമാകും.
- ചില കുട്ടികൾക്ക്കൗമാരപ്രായത്തിലാകും ഈ പ്രശ്നം തുടങ്ങുക. മറ്റു ചിലർക്ക്കൗമാര പ്രായത്തിലും ഈ പ്രശ്നം തുടരാം. ഇവരിൽ പെട്ടെന്ന് താനെവിടെയാണെന്നോ, എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നോ അറിയാൻ കഴിയാതിരിക്കുക, പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. കൗമാരപ്രായക്കാരിലും ഈ പ്രശ്നം വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്.കാരണം കൗമാരപ്രായത്തിന്റെതായ എല്ലാ പ്രത്യേകതകളും ഇവർക്കുണ്ടാകുമല്ലോ. ഇക്കൂട്ടരിൽ വളരെ സൂക്ഷിച്ചുള്ള ഇടപെടലുകൾ നടത്തേണ്ടത് വളരെ പ്രാധാന്യമര്ഹിക്കുന്നു. മാനസീക വൈകാരിക പ്രശ്നങ്ങളോടൊപ്പം പെരുമാറ്റ പ്രശ്നങ്ങളിലേക്കും അപകടകരമായ ശീലങ്ങളിലേക്കും ഇവർ എത്തിച്ചേരാനുള്ള സാധ്യതയും കൂടുതലാണ്. കൗമാരപ്രായത്തിൽ ഈ പ്രശ്നം തുടങ്ങുന്ന പല കുട്ടികളിലും 13 – 15 വയസ്സിനിടയിലാണ് ഇത് കൂടുതലായി തുടങ്ങുന്നതെന്നാണ്പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില പെൺകുട്ടികളിൽ മാസമുറ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ പ്രശ്നം തുടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രായത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകൾ ചിലരിൽ ഈ പ്രശ്നത്തിന് കാരണമായിത്തീരാറുണ്ട്. കുട്ടികളിൽ അപകർഷതാബോധം ഉണ്ടാകാത്ത തരത്തിൽ ഇത്കൈകാര്യം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. ഇതിനു കുട്ടികളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂർണ്ണമായ സഹകരണം ആവശ്യമായി വന്നേക്കാം.
പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിനും ആവശ്യമാണ്. അത് ഇത്തരം പ്രശ്നങ്ങളുള്ള വ്യക്തികളുടെ സുഗമമായ ജീവിതത്തിനു സഹായകരമായി തീർന്നേക്കും. എന്താണ് ഈ അവസ്ഥയെന്നുംഎങ്ങനെയാണ്ഇങ്ങനെയുള്ളവരെസഹായിക്കേണ്ടതെന്നും എല്ലാവരും അറിഞ്ഞിരിക്കുന്നത് ഇത്തരം പ്രശ്നമുള്ളവർക്ക്കൂടുതൽ സംരക്ഷണം കിട്ടുന്നതിന് സഹായകരമായേക്കും.
ഡോ. എം.കെ.സി നായര്
ഡോ. ലീന. എം.എല്

