നവജാത ശിശു സംരക്ഷണം – ഭാഗം ഒന്ന്

പണ്ട് നമ്മുടെ നാട്ടിൽ കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് ഗർഭകാല പരിചരണവും പ്രസവവുമൊക്കെ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. എന്നാൽ ഇന്ന് ഇതിനൊക്കെയുള്ള സൗകര്യങ്ങളിൽ അദ്ഭുതപൂര്‍വ്വമായ മാറ്റങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് വളരെ ശ്രമകരവും ഉത്കണ്ഠാജനകവുമായ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. അന്ന് ഇതൊക്കെ മിക്കപ്പോഴും നടക്കുന്ന സംഭവങ്ങളായിരുന്നുവെങ്കിൽ ഇന്ന് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് പല കുടുംബങ്ങളിലും ഇതൊക്കെ നടക്കുന്നത്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയക്കുറവ് പലപ്പോഴും കൂടുതൽ ആകാംക്ഷ ജനിപ്പിക്കുകയും ചെയ്യും. പണ്ട് ഒരമ്മയ്ക്ക് തന്നെ 8 – 14 മക്കളുണ്ടായിരുന്നു. ഇന്നത് ഒന്നും രണ്ടുമായി ചുരുങ്ങിയപ്പോൾ ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ പോലും അമ്മമാരിൽ ടെൻഷൻ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ നവജാത ശിശുസംരക്ഷണത്തിൽ ഹെൽത്ത് കെയർ കൗൺസിലിങ്ങിന്‍റെ പ്രസക്തി വളരെ വലുതാണ്. നവജാത ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് അമ്മമാർക്ക് ആകാംക്ഷയുണ്ടാക്കുന്ന ചില കാര്യങ്ങളാകട്ടെ ഈ അധ്യായത്തിലെ നമ്മുടെ വിഷയം.

ജനിച്ച ഉടൻ ചില കുഞ്ഞുങ്ങളുടെ തലയുടെ ആകൃതി അമ്മമാർക്ക് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കാറുണ്ട്. ചിലപ്പോൾ തല അൽപ്പം നീണ്ടും നെറ്റി ഉന്തി നിൽക്കുന്നതുപോലെയുമൊക്കെ കാണപ്പെടാറുണ്ട്. സുഖപ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളിയിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടാറുള്ളത്. അമ്മയുടെ ഗർഭാശയത്തിൽ നിന്നും പുറത്തുവരുന്ന പ്രക്രിയയിൽ തലയോട്ടിക്കുണ്ടാകുന്ന സമ്മർദ്ദം മൂലമാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. കുഞ്ഞിന്‍റെ തലയോട്ടി പല ഭാഗങ്ങൾ ചേർന്ന് ഒന്നായതാണ്. അതുകൊണ്ടുതന്നെ ജനനസമയത്ത് തലയോട്ടിക്ക് ഉറപ്പുണ്ടാവില്ല. ഈ പ്രത്യേകത കൊണ്ടാണ് കുഞ്ഞിന്‍റെ തല ഗര്‍ഭാശയമുഖത്തിലൂടെ കടന്നു വരുന്നതിനു സാധ്യമാകുന്നത്. കുഞ്ഞിന്‍റെ നിറുക, (ഉച്ചി/പത്തപ്പ്)വളരെ മൃദുവായും ഉറയ്ക്കാത്തതുപോലെയും കാണപ്പെടും. ഇതൊക്കെ തികച്ചും സാധാരണമാണ്. കുഞ്ഞിന്‍റെ തലയോട്ടി ‌ഉറയ്ക്കാൻ 12 മുതൽ 18 മാസങ്ങൾ വരെ എടുക്കാറുണ്ട്. കുഞ്ഞു കരയുമ്പോൾ ഉച്ചി പൊങ്ങി വരുന്നത് കണ്ടു പേടിക്കേണ്ട കാര്യമില്ല എന്നിപ്പോൾ മനസ്സിലായി കാണുമല്ലോ. ചില കുഞ്ഞുങ്ങളുടെ തലയിൽ ചെറിയ മുഴകൾ പോലെയോ തടിപ്പ് പോലെയോ കണ്ടെന്നിരിക്കും.ഗര്ഭാശയകവാടത്തിലൂടെ ഞെങ്ങി ഞെരുങ്ങി കടന്നുവരുന്നതിനിടയിൽ സംഭവിച്ച ചെറിയ ക്ഷതമാകുമത്.കുറച്ചുദിവസത്തിനകം അത് തനിയെ മാറിക്കൊള്ളും.ചിലരിൽ തലയോട്ടിയിൽ രക്തം കട്ടപിടിച്ചപോലുള്ള ഭാഗങ്ങൾ കണ്ടെന്നിരിക്കും.ഇതിലും പേടിക്കേണ്ടതില്ല.തല പുറത്തേക്കു വരുന്നതിനിടയിൽ അമ്മയുടെ അരക്കെട്ടിലെ അസ്ഥിയിൽ (pelivicbone)കുഞ്ഞിന്‍റെ തല അമർന്നതുകൊണ്ടു സംഭവിച്ചതാകാം.കുറച്ചുദിവസങ്ങൾക്കുള്ളിൽ ഇതും തനിയെ മാറിക്കൊള്ളും.ഓർക്കുക,ഇതൊക്കെ കുഞ്ഞിന്‍റെ തലയോട്ടിയുടെ പുറമെയുള്ള ക്ഷതങ്ങളാണ്.ഇതുമൂലം കുഞ്ഞിന്‍റെ തലച്ചോറിന് ക്ഷതമുണ്ടാകില്ല.ജനിച്ച ഉടൻ കുഞ്ഞിന്‍റെ മുഖം അല്പം വീർത്തിരിക്കുന്നത് പോലെ തോന്നിയേക്കാം.അതുപോലെ മൂക്കു ചപ്പിയതുപോലെയും ചെവി അല്പം മടങ്ങിയതുപോലെയും താടി നീണ്ടിരിക്കുന്നതുപോലെയുമൊക്കെ കണ്ടേക്കാം.കാര്യമാക്കേണ്ടതില്ല.ദിവസങ്ങൾക്കകം ഇതെല്ലം സാധാരണ ഗതിയിലാകും.അതുപോലെ തന്നെ ജനിച്ച ഉടൻ കുഞ്ഞിക്കണ്ണുകൾക്കു അല്പം വീക്കം ഉണ്ടാകുന്നതിനു സാധ്യതയുള്ളതിനാൽ ചില കുഞ്ഞുങ്ങൾ കണ്ണുകൾ പൂർണമായും തുറന്നില്ലെന്നിരിക്കും.ചില കുഞ്ഞുങ്ങളുടെ കണ്ണുകൾക്കു അല്പം ചുവപ്പുനിറവും കണ്ടേക്കാംഇതിലൊന്നും പേടിക്കേണ്ടതില്ല. ചെവി അല്പം വിടർന്നിരിക്കുകയോ മടങ്ങിയിരിക്കുകയോ ചെയ്താലും ആ ഭാഗത്തെ തരുണാസ്ഥികൾ ഉറച്ചിട്ടില്ലാത്തതിനാൽ മെല്ലെ തടകി ശരിയാക്കാവുന്നതേയുള്ളു. ചില നവജാതശിശുക്കൾ ശ്വസിക്കുമ്പോൾ മൂക്കടഞ്ഞതുപോലെയും ചെറിയ ശബ്ദമുള്ളതുപോലെയും അനുഭവപ്പെടാം ചിലർ തുമ്മുന്നുമുണ്ടാകും. ഇത് അലർജികൊണ്ടോ അണുബാധ കൊണ്ടോ ഒന്നുമല്ലഇതൊക്കെ സ്വാഭാവികം മാത്രമാണ്.

കുഞ്ഞിന്‍റെ നെഞ്ചിന്‍റെ ഭിത്തി വളരെ നേർത്തതായതിനാൽകുഞ്ഞിന്‍റെ ഹൃദയസ്പന്ദനം നമുക്കു കാണാൻ പറ്റും. അതുപോലെ തന്നെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും സ്തനങ്ങൾ അല്പം വീർത്തിരിക്കുന്നതുപോലെയും കല്ലിച്ചിരിക്കുന്നതുപോലെയും ഞെക്കിയാൽ ചിലപ്പോൾ പാലുപോലെയുള്ള സ്രവം പുറത്തുവരുന്നതായും കണ്ടേക്കാം ഇത് ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കിട്ടിയ ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ പ്രവർത്തനം മൂലമാണ്. ഇത് പേടിക്കേണ്ട അവസ്ഥയല്ല. ഞെക്കുകയും അമർത്തുകയുമൊന്നും ചെയ്യുകയും വേണ്ട,ഇത് ആദ്യ ആഴ്ചകളിൽ തന്നെ തനിയെ മാറിക്കൊള്ളും.പല അമ്മമാരുടെയും പരാതി ജനിച്ച് ആദ്യ ആഴ്ചകളിൽ കുഞ്ഞു കൂടുതൽ സമയവും ഉറങ്ങുന്നുവെന്നതാണ്. ഇത് സ്വാഭാവികമാണ്. പ്രസവസമയത്ത് വേദന കുറയ്ക്കാൻ മരുന്ന് ഉപയോഗിച്ചവരുടെയും ശസ്ത്രക്രിയക്കു ബോധം കെടുത്താൻ അനസ്തീസിയ ചെയ്തവരുടെയും കുഞ്ഞുങ്ങൾ കൂടുതലായി ഉറങ്ങുന്നത് കണ്ടിട്ടുണ്ട് പക്ഷെ, രണ്ടു മണിക്കൂർ ഇടവിട്ട് കുഞ്ഞിനെ പതിയെ ഉണർത്തി മുലയൂട്ടേണ്ടതാണ്.കുഞ്ഞിന്‍റെ ശ്വാസഗതി ചില അമ്മമാരിൽ സംശയം ഉണർത്താറുണ്ട് ചില സമയം ശ്വാസഗതി കൂടുന്നതായും കുറയുന്നതായും കാണുമ്പോൾ അമ്മമാർ പേടിക്കാറുണ്ട്ഉണർന്നിരിക്കുമ്പോഴും കരയുമ്പോഴും ശ്വാസഗതികൂടുതലാകാറുണ്ട്. ഉറക്കത്തിൽ ചിലപ്പോള്‍ ഏതാനും  മിനിറ്റ്  ശ്വാസം എടുക്കാത്തതുപോലെ തോന്നാറുണ്ട് ഇതൊക്കെ സ്വാഭാവികമാണ് പക്ഷെ കുഞ്ഞു കൂടുതൽ സമയം ശ്വാസമെടുക്കാത്തതുപോലെ തോന്നുകയോ,കുഞ്ഞിന് നീലനിറം ഉണ്ടാകുന്നതുപോലെ തോന്നുകയോ ചെയ്താൽ എത്രയും പെട്ടന്ന് ഡോക്ടറെ കാണിക്കണം.                                                          മാസം തികഞ്ഞു ജനിക്കുന്ന കുഞ്ഞുങ്ങൾ ആദ്യ ദിനങ്ങളിൽ അമ്മയുടെ ഗർഭപാത്രത്തിലെന്ന പോലെ കൈകാലുകൾ മടക്കി അവരുടെ ശരീരത്തോട് ചേർത്ത് പിടിച്ചിരിക്കും.ചിലർക്കെങ്കിലും കുഞ്ഞിന്‍റെ കാലിനു വളവുണ്ടോ എന്ന സംശയവും തോന്നിയേക്കാം കാര്യമാക്കേണ്ടതില്ല. ഇത്തരം തോന്നലുകൾ കാരണം കുഞ്ഞു വളർന്നു കാലുകളിൽ ശരീരഭാരം താങ്ങി തുടങ്ങുമ്പോൾ ഇത്തരം കാര്യങ്ങളൊക്കെ താനെ മാറിക്കൊള്ളും. കുഞ്ഞ്  കൈകൾ മുറുക്കിപ്പിടിച്ചിരിക്കും കൈകളിൽ വളർന്നിരിക്കുന്ന നഖം  കൊണ്ട് മുഖത്തും തൊലിപ്പുറത്തുമൊക്കെ പാടുകൾ  ഉണ്ടാക്കാനിടയുണ്ട് കുഞ്ഞുറങ്ങുമ്പോൾ ശ്രദ്ധാപൂർവം നഖം കുഞ്ഞുങ്ങൾക്കായി പ്രത്യേകം നിർമിച്ചിട്ടുള്ള നഖം വെട്ടി (baby nail cutter ) കൊണ്ടോ ചെറിയ കത്രിക കൊണ്ടോ മുറിച്ചുമാറ്റാവുന്നതാണ്.

നവജാത ശിശുവിന്‍റെ വയർ അല്പം വീർത്തിരിക്കുന്നതുപോലെ തോന്നാൻ സാധ്യതയുണ്ട്.ഇതിൽ വിഷമിക്കേണ്ടതില്ല പല അമ്മമാർക്കും കുഞ്ഞിന്‍റെ പൊക്കിൾകൊടിയെ കുറിച്ച് ആകാംക്ഷ ഉള്ളതായി കണ്ടിട്ടുണ്ട്.സാധാരണഗതിയിൽ  10-14 ദിവസത്തിനുള്ളിൽ പൊക്കിൾകൊടി വീണിരിക്കുംപൊക്കിൾ നന്നായി ഉണങ്ങുന്നതുവരെ ആ ഭാഗം വളരെ ശ്രദ്ധാപൂർവം  കൈകാര്യം ചെയ്യണം.ആ ഭാഗം വൃത്തിയായും ഈർപ്പരഹിതമായും സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ജനിച്ച് ആദ്യദിനങ്ങളിൽ കുഞ്ഞിന് ഡയപ്പർ ഉപയോഗിക്കുന്നുണ്ടെങ്കിൽ എപ്പോഴും അത് പൊക്കിളിനു താഴെ വെച്ച് ഉടുപ്പിക്കാൻ ശ്രദ്ധിക്കണംഡയപ്പറിലെ ഈർപ്പം പൊക്കിൾകൊടി ഉണങ്ങുന്നതുവരെ ആ ഭാഗത്തു തട്ടുന്നില്ല എന്ന് ഉറപ്പാക്കണം.പൊക്കിൾകൊടിയുടെ നിറം ക്രമേണ മഞ്ഞയായും ബ്രൗൺ ആയും കറുപ്പായും മാറി ഉണങ്ങിക്കഴിയുമ്പോൾ തനിയെ വീണുപോയ്ക്കൊള്ളും.കുഞ്ഞിന്‍റെ പൊക്കിളിന്‍റെ ഭാഗത്തു ചുവപ്പുനിറമുണ്ടാകുകയോ സ്രവം പുറത്തുവരുകയോ ദുർഗന്ധമുണ്ടാകുകയോ ചെയ്താൽ ഉടനെ ഡോക്ടറെ കാണിക്കണം.ചില നവജാതശിശുക്കളിൽപൊക്കിള്‍കൊടിയുടെ ഭാഗം പൊങ്ങി വരാറുണ്ട്. പൊക്കിളിനടുത്തുള്ള വയറിന്‍റെ ഭിത്തിയിലെ ചെറു സുഷിരത്തിലൂടെ കുഞ്ഞിന്‍റെ കുടൽ ചെറുതായി തള്ളി വരുന്നതുമൂലം ഉണ്ടാകുന്ന ഹെർണിയ എന്ന അവസ്ഥയാണിത്. കുഞ്ഞു കരയുമ്പോഴും മുക്കുമ്പോഴുമൊക്കെ ഇത് കൂടുതൽ പൊങ്ങി വരുന്നത് കാണാം. സാധാരണഗതിയിൽ ഈ ഹെർണിയ നിരുപദ്രവകാരിയാണ്. ഇതുമൂലം കുഞ്ഞിന് വേദനയൊന്നുമുണ്ടാകില്ല. കുഞ്ഞിന് ഒന്ന് രണ്ടു വയസ്സാകുമ്പോഴേക്കും ഈ സുഷിരം താനേ അടഞ്ഞു കൊള്ളും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നുവെങ്കിൽ ഒരു ചെറു ശാസ്ത്രക്രിയയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.

നവജാത ശിശുവിന്‍റെ ജനനേദ്രിയം ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ജനിച്ച ഉടൻ അൽപ്പം വലുതായും വീർത്തിരിക്കുന്നതായും തോന്നിയേക്കാം പെൺകുട്ടികളിൽ യോനീദളങ്ങൾ (labra majora) വീർത്തിരിക്കുന്നതായും പിങ്ക് നിറത്തിൽ ഒരു ചെറിയ ഭാഗം തള്ളി നിൽക്കുന്നതായും (hymen tag) കണ്ടേക്കാം. ഇതൊക്കെ സ്വാഭാവികമാണ്. ഇതിൽ പേടിക്കാനൊന്നുമില്ല. ചില പെൺകുട്ടികളിൽ വെള്ള നിറത്തിലുള്ള യോനീസ്രവം പുറത്തുവരുന്നതും മറ്റു ചിലരിൽ അൽപ്പം രക്തസ്രാവവുമുണ്ടാകുന്നതും വിരളമല്ല. ചെറിയ തോതിൽ ആർത്തവം പോലെ തോന്നിപ്പിക്കുന്ന ഈ പ്രതിഭാസം അമ്മയിൽനിന്നും പകർന്നു കിട്ടിയ ഈസ്ട്രജന്‍ എന്ന ഹോമോണിന്‍റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണ് ഇത് തനിയെ നിന്നുകൊള്ളും. ഇതുകൊണ്ട് കുഞ്ഞിന് പ്രശ്നമുണ്ടാകില്ല. ചില ആണ്‍കുട്ടികളിൽ വൃഷണ സഞ്ചിക്ക് (scrotum) വീക്കം കണ്ടുവരാറുണ്ട്. ഇത് വൃഷണ സഞ്ചിയിൽ ദ്രാവകം (fluid) കെട്ടിക്കിടക്കുന്നത‌് കൊണ്ടുണ്ടാകുന്ന ഹൈഡ്രോക്സിന്‍ (hydrocele) എന്ന അവസ്ഥ മൂലമാകാം. സാധാരണ ഗതിയിൽ ഇത് മൂന്നു മുതൽ ആറ് മാസം വരെ പ്രായമാകുന്നതിനിടയിൽ തനിയെ മാറിക്കൊള്ളും. ആറ് മാസം കഴിഞ്ഞിട്ടും മാറ്റം കാണുന്നില്ലെങ്കിൽഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ആൺകുട്ടികളിൽ ലിംഗം വളഞ്ഞിരിക്കുന്നതും ഉദ്ധാരണമുണ്ടാകുന്നതും, പ്രത്യേകിച്ച് മൂത്രമൊഴിക്കുന്നതിനു മുൻപ്, സാധാരണം മാത്രമാണ്. ചില ആൺകുഞ്ഞുങ്ങളിൽ മൂത്രമൊഴിക്കുന്ന ദ്വാരം ഒട്ടുമില്ല എന്ന് തോന്നാമെങ്കിലും മൂത്രമൊഴിക്കുമ്പോൾ മൂത്രം ദൂരെ വീഴുന്നുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല.

നവജാത ശിശുക്കളിൽ ശരീരത്തിൽ ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിലുള്ള പലതരം മറുകുകൾ (Birth marks) കാണുക സ്വാഭാവികമാണ്. ഇവയിൽ ഭൂരിഭാഗവും ഒരു വയസ്സിനുള്ളിൽ മാഞ്ഞു പോകും. നവജാത ശിശുക്കളുടെ ചർമ്മത്തിൽ ചെറിയ ചെറിയ കുരുക്കൾ  (rashes) കാണപ്പെടാറുണ്ട്. ഇതിലും പേടിക്കേണ്ടതില്ല. ആഴ്ചകൾക്കുള്ളിൽ അത് മാറിക്കൊള്ളും. പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല. പക്ഷെ ശ്രദ്ധിക്കുക, നവജാത ശിശുവിന്‍റെ ചർമ്മം വളരെ ലോലവും മൃദുലവുമാണ്. അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് പുറത്തു വന്നയുടൻ അന്തരീക്ഷത്തിലെ അണുക്കളോടു പൊരുതി നിൽക്കാനുള്ള കഴിവ് അതിനു കുറവായിരിക്കും. അതുകൊണ്ടുതന്നെ കഴിയുന്നത്രവൃത്തിയായി കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ എടുക്കുന്നവർ കൈകൾ സോപ്പിട്ടു കഴുകിയിട്ടു വേണം കുഞ്ഞിനെ കൈകാര്യം ചെയ്യാൻ. അതുപോലെ തന്നെ കുഞ്ഞിനെ കിടത്തുന്ന തുണിയും അണിയിക്കുന്ന ഉടുപ്പുകളുമൊക്കെ കാഠിന്യം കുറഞ്ഞ സോപ്പുപയോഗിച്ചു കഴുകി വെയിലത്തിട്ടുണക്കി ഉപയോഗിക്കണം. അണുനാശിനികൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. കാരണം ചില അണുനാശിനികൾ കുഞ്ഞിന് അലര്‍ജി ഉണ്ടാക്കിയേക്കാം. കുഞ്ഞിന്‍റെ തുണികൾ ഇസ്തിരിയിട്ടു ഉപയോഗിക്കുന്നത് അഭികാമ്യമാണ്‌. കുഞ്ഞിനെ നേർത്ത കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രദ്ധിക്കുക.

നവജാത ശിശുക്കളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരവസ്ഥയാണ് തൊലിപ്പുറത്തും കണ്ണിന്‍റെ പോളയിലും കാണപ്പെടുന്ന മഞ്ഞ നിറം. ജനിച്ചു രണ്ടാം ദിവസം മുതൽ ഒന്ന് രണ്ടാഴ്ച വരെ എല്ലാ കുഞ്ഞുങ്ങളിലും ഇത് ചെറിയ തോതിൽ കാണപ്പെടും. രക്തത്തിലെ ചുവന്ന രക്താണു കോശങ്ങൾ വിഘടിക്കുമ്പോഴുണ്ടാകുന്ന ബിലിറൂബിൻ പുറംതള്ളാൻആദ്യദിനങ്ങളിൽ നവജാത ശിശുവിന്‍റെ അപക്വമായ കരളിന് പൂർണ്ണമായും സാധിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മഞ്ഞ നിറം കൂടുതലായി കാണപ്പെടുന്നുവെങ്കിൽ തീർച്ചയായും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. കുഞ്ഞിനെ രാവിലെ കുറച്ചു നേരം സൂര്യപ്രകാശമുള്ളയിടത്തു കിടത്തുക, ഫോട്ടോ തെറാപ്പി തുടങ്ങിയവയിലൂടെ ഇത് മിക്ക കുഞ്ഞുങ്ങളിലും മാറുമെങ്കിലും അപൂർവ്വമായി ബിലിറൂബിന്‍റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നവരിൽ blood transfusion വേണ്ടി വന്നേക്കും. കാരണം ബിലിറൂബിന്‍റെ അളവ് അമിതമായാൽ കുഞ്ഞിന്‍റെ ബുദ്ധിവികാസത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയേറെയാണ്.

ജനിച്ചു ആദ്യ മണിക്കൂറുകളിൽ ചില കുഞ്ഞുങ്ങളുടെ കാൽപാദങ്ങളിലും കൈവെള്ളയിലും നീലനിറം കാണപ്പെടാറുണ്ട്. ഇത് ഈ ഭാഗങ്ങളിൽ തണുപ്പടിക്കുന്നതുമൂലംസംഭവിക്കുന്നതാണ്. ഇതിൽ പേടിക്കേണ്ടതില്ല. എന്നാൽ കുഞ്ഞിന്‍റെ ചുണ്ടിലും മുഖത്തും ശരീരഭാഗങ്ങളിലും നീലനിറം കാണപ്പെടുന്നുവെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. കുഞ്ഞിന് ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതുമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു ഉടൻ ചികിത്സ ആവശ്യമുണ്ട്. ഇനിയും ഒട്ടേറെ സംശയങ്ങള്‍ നവജാതശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് അമ്മമാര്‍ക്ക് ഉണ്ടായേക്കാം അത് അടുത്ത ലക്കത്തില്‍ പ്രതിപാദിക്കാം.



Leave a Reply