- October 14, 2020
- Posted by: Caring
- Category: Parenting
കുഞ്ഞു ജനിച്ചു ആദ്യ ദിനങ്ങളിൽ ആദ്യമായി അമ്മയാകുന്ന പലർക്കും കുഞ്ഞിനെ എങ്ങനെയെടുക്കണം, എങ്ങനെ പാലൂട്ടണം, എങ്ങനെ ഉറക്കണം, എങ്ങനെ കുളിപ്പിക്കണം എന്നിങ്ങനെ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ സംശയങ്ങളുണ്ടാകാറുണ്ട്. ഇത്തരം പ്രതിസന്ധികളിൽ ഒരു ഹെൽത്ത് കെയർ കൗൺസിലര്‍ക്ക് എങ്ങനെയൊക്കെ സഹായിക്കാനാകും എന്ന് നോക്കാം.
നവജാത ശിശുവിനെ കൈകാര്യം ചെയ്യുന്നതെങ്ങനെ?
- നവജാത ശിശുവിന് പ്രതിരോധശേഷി കുറവായതുകൊണ്ട് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് കുഞ്ഞിനെ എടുക്കുന്നവർ കൈകൾ സോപ്പിട്ടു കഴുകിയതിനുശേഷം മാത്രം എടുക്കാൻ ശ്രദ്ധിക്കുക.
- ജനിച്ച ആദ്യ ദിനങ്ങളിൽ കഴിവതും കൂടുതൽ പേര്‍ കുഞ്ഞിനെ എടുക്കുന്നതും ഉമ്മവെയ്ക്കുന്നതുമൊക്കെ ഒഴിവാക്കുന്നത് നന്നായിരിക്കും.
- കുഞ്ഞിനെ എടുക്കുമ്പോഴും കിടത്തുമ്പോഴും കുഞ്ഞിന്‍റെ തലയ്ക്കും കഴുത്തിനും നന്നായി സപ്പോർട്ട് കൊടുക്കാൻ ശ്രദ്ധിക്കുക.
- നവജാത ശിശുവിനെ ഉറക്കാൻ വേണ്ടിയോ, കരച്ചിൽ മാറ്റാൻ വേണ്ടിയോ, കളിപ്പിക്കാൻ വേണ്ടിയോ അമിതമായി ശക്തിയായി കുലുക്കരുത്. ഇത് കുഞ്ഞിന്‍റെ തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്നതിനുവരെ കാരണമാകാനിടയുണ്ട്.
- നവജാത ശിശുക്കൾ കൂടുതൽ സമയം ഉറങ്ങാൻ സാധ്യതയുണ്ട്. കുലുക്കി ഉണർത്താൻ ശ്രമിക്കാതെ കുഞ്ഞിന്‍റെ കാൽപ്പാടങ്ങളിൽ ഇക്കിളിയാക്കിയോ (tickle) കവിളിലോ ചെവിയുടെ പുറകുവശത്തോ തലോടിയോ ഉണർത്താവുന്നതാണ്. 2 – 3 മണിക്കൂർ ഇടവിട്ട് കുഞ്ഞിനെ മുലയൂട്ടാൻ മറക്കരുത്.
- കുഞ്ഞിനെ അമ്മയുടെ ചൂട് പറ്റി കിടക്കാൻ അനുവദിക്കുക. അത് കുഞ്ഞിന്‍റെ ശാരീരിക-മാനസിക-വൈകാരിക വികാസത്തിന് സഹായകരമാകും.
- മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മയുടെ മാറോടു ചേർത്ത് കിടത്തുന്നത് (കംഗാരു സംരക്ഷണം) വളരെയധികം പ്രയോജനപ്രദമാകും. ഇക്കൂട്ടർക്ക് ബുദ്ധി വികാസത്തിന് സഹായകരമാകുന്ന മുൻകൂട്ടി നൽകുന്ന ബുദ്ധിവികാസ പ്രചോദനം (Early Stimulation) വളരെ ഗുണകരമാകും.
- ജനിച്ചു ആദ്യ ദിനങ്ങളിൽ ശരീരോഷ്മാവ് ശരിയായി നിലനിർത്താൻ കുഞ്ഞിനെ നന്നായി പൊതിഞ്ഞു വയ്ക്കുക. പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്കും ശരീരോഷ്മാവ് താഴ്ന്നു പോകുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
- ഗർഭ കാലഘട്ടത്തിൽ പ്രമേഹമുണ്ടായിരുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യത കൂടുതലായതിനാൽ എത്രയും വേഗം മുലയൂട്ടാൻ ശ്രദ്ധിക്കുക. ഇക്കൂട്ടരുടെ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് പരിശോധന വിധേയമാക്കേണ്ടതാണ്.
നവജാത ശിശുവിനെ കുളിപ്പിക്കുന്നതെങ്ങനെ
നവജാത ശിശുവിനെ കുളിപ്പിക്കുന്നത് പല അമ്മമാർക്കും ടെന്‍ഷനുണ്ടാക്കുന്ന കാര്യമായി തോന്നിയിട്ടുണ്ട്. തീർച്ചയായും ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണിത്. പ്രത്യേകിച്ചും ആദ്യ ആഴ്ചകളിൽ കുഞ്ഞിന്‍റെ ശാരീരോഷ്മാവ് താഴ്ന്നു പോകാത്ത വിധത്തിൽ വേണം ഇത് ചെയ്യാൻ. ആദ്യം ചെയ്യേണ്ടത്, കുഞ്ഞിനെ കുളിപ്പിക്കുന്നതിനാവശ്യമായ സാധനങ്ങൾ, ഇളം ചൂട് വെള്ളം, കുഞ്ഞുങ്ങൾക്കായുള്ള സോപ്പും, ഷാംപൂവും, കുഞ്ഞിനെ തുടയ്ക്കാൻ കുഞ്ഞിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തോർത്ത് /ടവൽ, കുളിപ്പിച്ച ശേഷം അണിയിക്കാനുള്ള ഉടുപ്പും ഡയപ്പറും, പൊതിയാനുള്ള ടവൽ എന്നിവതയ്യാറാക്കി വെച്ച ശേഷം വേണം കുളിപ്പിക്കാൻ തുടങ്ങാൻ. ആദ്യ ദിനങ്ങളിൽ പ്രത്യകിച്ചും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് പൊക്കിൾക്കൊടി വീഴുന്നതുവരെ Sponge Bath നല്‍കുന്നതാകും ഉത്തമം. ഇതിനായി കുഞ്ഞിനെ ഉടുപ്പൊക്കെ മാറ്റിയശേഷം ഒരു ടൗവ്വലില്‍ പൊതിഞ്ഞു കുളിപ്പിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്തു റബര്‍/റക്‌സിന്‍ ഷീറ്റ് വിരിച്ചു കിടത്തുക. (അമിതമായി കാറ്റടിക്കുന്ന തുറന്ന സ്ഥലങ്ങൾ ആദ്യദിനങ്ങളിൽ കുഞ്ഞിനെ കുളിപ്പിക്കാൻ തിരഞ്ഞെടുക്കാതിരിക്കുന്നതു നന്നായിരിക്കും) ടവ്വൽ മാറ്റാതെ തന്നെ ആദ്യം കുഞ്ഞിന്‍റെ കണ്ണുകൾ തോര്‍ത്തന്‍റെ അറ്റം നന്നായി നനച്ചു മുന്നിൽ നിന്നും പിന്നിലേക്ക് തുടയ്ക്കുക. അതിനുശേഷം കുഞ്ഞിന്‍റെ മൂക്കും ചെവിയും നനഞ്ഞ തോർത്തുകൊണ്ട് തുടയ്ക്കുക. ഇതിനുശേഷം സോപ്പുവെള്ളമുപയോഗിച്ച് കുഞ്ഞിന്‍റെ മുഖം കഴുകുക. അതിനുശേഷം കുറച്ചു ബേബി ഷാംപൂ ഉപയോഗിച്ച് കുഞ്ഞിന്‍റെ തല കഴുകി തോർത്തിയ ശേഷം ഒരു ചെറിയ ഉണങ്ങിയ ടവൽ കൊണ്ട് പൊതിഞ്ഞു വെയ്ക്കുക. (കുഞ്ഞിന് താപ നഷ്ട്ടം വരാതിരിക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായകരമാകും.) അതിനു ശേഷം കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവ്വൽ മാറ്റി സോപ്പും വെള്ളവുമുപയോഗിച്ചു കുഞ്ഞിന്‍റെ കഴുത്തു മുതൽ താഴോട്ടുള്ള ഭാഗം വൃത്തിയാക്കുക. മടക്കുകളുള്ള ഭാഗങ്ങളായ കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവ പ്രത്യേകം ശ്രദ്ധിച്ചു വൃത്തിയാക്കുക. ഇതെല്ലാം പെട്ടെന്ന് ചെയ്ത് ഉണങ്ങിയ തോർത്തുകൊണ്ട് കുഞ്ഞിനെ നന്നായി തുടച്ചു വസ്ത്രം അണിയിച്ചു ടവ്വലില്‍ പൊതിയുക. പൊക്കിൾ കോടിയുടെ ഭാഗം അൽപ്പം പോലും ഈർപ്പമില്ലാതെ വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കുഞ്ഞിനെ സാധാരണ രീതിയിൽ കുളിപ്പിക്കാറാകുമ്പോൾ ബേബി ബാത്ത് ടബ്ബിലോ റബര്‍ ഷീറ്റിലോ കിടത്തി പെട്ടെന്ന് കുളിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തല അവസാനം കുളിപ്പിക്കുന്നത് കുഞ്ഞിന് തണുപ്പടിക്കാതിരിക്കാൻ സഹായകരമാകും. തല കഴുകിയ ശേഷം ഉണങ്ങിയ ടവ്വൽ കൊണ്ട് പൊതിഞ്ഞു വെയ്ക്കുന്നത് താപനഷ്ട്ടം വരുന്നത് തടയും. കുഞ്ഞിന്‍റെ കണ്ണിൽ സോപ്പ് കയറുന്നില്ല എന്നും ചെവിയിൽ വെള്ളം കയറുന്നില്ല എന്നും തണുപ്പടിക്കുന്നില്ല എന്നും ഉറപ്പാക്കണം. (കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ കൂടുതല്‍ സമയം കുഞ്ഞിന്‍റെ ശരീരത്തിൽ വെള്ളമൊഴിക്കാതിരുന്നാൽ കുഞ്ഞിന് തണുപ്പടിക്കാൻ സാധ്യത കൂടുതലായതിനാൽ കുഞ്ഞിന്‍റെ ശരീരത്തിലേക്ക് ഇടയ്ക്കിടെ ഇളം ചൂടുവെള്ളം ഒഴിക്കണം). ഓർക്കുക, കുഞ്ഞിനെ കുളിപ്പിക്കുന്ന വെള്ളത്തിന് ചൂടു കൂടാനും പാടില്ല. കുഞ്ഞിന്‍റെ മൃദുല ചർമ്മത്തിന് താങ്ങാവുന്ന ചൂടാണെന്നു ഉറപ്പ് വരുത്തിയ ശേഷം വേണം കുളിപ്പിച്ച് തുടങ്ങാൻ. കുഞ്ഞിനോട് മൃദുവായി സംസാരിച്ചുകൊണ്ടോ പാട്ടുപാടികൊണ്ടോ കുളിപ്പിക്കാൻ ശ്രദ്ധിക്കുക. അത് കുഞ്ഞിന് കൂടുതൽ സുരക്ഷിതത്വം തോന്നാൻ സഹായകരമാകും. പല കണ്മഷികളിലും ലെഡിന്‍റെ അംശം അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞിന്‍റെ കണ്ണെഴുതുന്നത് നന്നല്ല. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ഒരിക്കലും കുഞ്ഞിനെ ഒറ്റയ്ക്ക് കിടത്തിയിട്ട് അതുമിതുമെടുക്കാൻ പോകരുത്. കുഞ്ഞിനുപയോഗിക്കുന്ന തോർത്തും സോപ്പുമൊന്നും മറ്റാരും ഉപയോഗിക്കാൻ പാടില്ല. കുഞ്ഞിനെ കുളിപ്പിച്ച ശേഷം തോർത്തു കഴുകി വെയിലത്തിട്ടുണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുഞ്ഞിന്‍റെ തുണികൾ വീര്യം കുറഞ്ഞ സോപ്പുപയോഗിച്ചു കഴുകി വെയിലത്തിട്ടുണക്കി വേണം ഉപയോഗിക്കാൻ. തുണിയിൽ അണുനാശിനികൾ ഉപയോഗിക്കേണ്ടതില്ല. കുഞ്ഞിന്‍റെ തുണികൾ ഇസ്തിരിയിട്ടു ഉപയോഗിക്കാനായാൽ കൂടുതൽ ഉത്തമം.
കുഞ്ഞിന് ഡയപ്പെർ റാഷ് വരാതിരിക്കാൻ
ഡിസ്പോസിബിൾ ഡയപ്പെർ ഉപയോഗിക്കുന്ന പല കുഞ്ഞുങ്ങളിലും ‘ഡയപ്പെർ റാഷ്’ ഒരു പ്രശ്നമായി തീരാറുണ്ട്. ഡിസ്പോസിബിൾ ഡയപ്പെർ മാത്രം ഉപയോഗിക്കുകയാണെങ്കിൽ കുഞ്ഞു ഒരുതവണ മൂത്രമൊഴിക്കുമ്പോഴും മലവിസർജ്ജനം നടത്തുമ്പോഴും അത് മാറ്റാൻ ശ്രദ്ധിക്കണം. ഡയപ്പെർ കെട്ടുന്ന ഭാഗം ഇപ്പോഴും വൃത്തിയായും ഈർപ്പ രഹിതമായും സൂക്ഷിക്കണം. പെൺകുട്ടികളുടെ പ്രജനനാവയവങ്ങൾ വൃത്തിയാക്കുമ്പോൾ മുന്നിൽ നിന്ന് പിന്നിലേക്ക് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇത് മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ആൺകുട്ടികളുടെ വൃഷണ സഞ്ചിയുടെ അടിഭാഗം വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുഞ്ഞിന് വയറിളക്കമുള്ളപ്പോഴോ മറ്റെന്തെങ്കിലും അസുഖത്തിന് ആന്‍റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോഴും ഡയപ്പെർ റാഷ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഡയപ്പെർ റാഷ് ഉണ്ടായാൽ Zinc oxide അടങ്ങിയ ക്രീമുകൾ ആ ഭാഗത്ത് പുരട്ടുകയും കൂടുതൽ സമയം ഡയപ്പെർ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രതിവിധി. എന്തായാലും 24 മണിക്കൂറും കുഞ്ഞിന് ഡിസ്പോസിബിൾ ഡയപ്പെർ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. കോട്ടൺ ഡയപ്പെർഉപയോഗിക്കുകയും അത് ആവശ്യാനുസരണം ഒരോ തവണയും മാറ്റി കഴുകി വെയിലത്തുണക്കി ഉപയോഗിക്കുകയും ചെയ്യുന്നതാണ് റാഷ് ഉണ്ടാകാതിരിക്കാനുള്ള മാർഗം.
നവജാത ശിശുക്കളിലെ നിർത്താതുള്ള കരച്ചിൽ
കുഞ്ഞിന്‍റെ കരച്ചിൽ പലപ്പോഴും അമ്മമാരെ കുഴപ്പത്തിലാക്കാറുണ്ട്. കുഞ്ഞിന് തന്‍റെ ആവശ്യങ്ങൾ അമ്മയെ അറിയിക്കാനുള്ള മാർഗമാണ് കരച്ചിൽ. വിശക്കുമ്പോഴും, മൂത്രമൊഴിച്ചു തുണികൾ നനഞ്ഞാലും തണുപ്പോ ചൂടോ അമിതമായി അനുഭവപ്പെട്ടാലും എന്തെങ്കിലും അസ്വസ്ഥതയോ അസുഖമോ തോന്നിയാലുമൊക്കെ കുഞ്ഞിന് കരയാൻ മാത്രമല്ലേ കഴിയൂ. ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തപ്പോഴും ചിലപ്പോൾ കുഞ്ഞു നിര്‍ത്താതെ കരഞ്ഞെന്നിരിക്കും. സാധാരണയിലും കൂടുതൽ സമയം കരയുക, ആശ്വസിപ്പിക്കാൻ ഒരു വിധത്തിലും കഴിയാതെയിരിക്കുക, പകൽ സമയം കുഴപ്പമില്ലാതെ ഇരുന്ന കുഞ്ഞു വൈകുന്നേരമാകുമ്പോഴേക്കും നിർത്താതെ കരയുക, കാൽമുട്ടുകൾ നെഞ്ചോളം അടുപ്പിച്ചും കൈകൾ വിടർത്തിയും കരയുക, കുഞ്ഞു നടുവ് മുന്നോട്ടു വളച്ചു നിർബന്ധം പിടിച്ചു കരയുക, കരയുമ്പോള്‍ കുഞ്ഞിന്‍റെ വയർ കല്ലുപോലെ കട്ടിയായി തോന്നുക, കുഞ്ഞിന്‍റെ വയറ്റിൽനിന്നു ഗ്യാസ് പുറത്തുപോകുക, ഈ ലക്ഷണങ്ങളൊക്കെ കുഞ്ഞിന് കോളിക് എന്ന അവസ്ഥ ഉണ്ടാകുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്ന ആഹാര സാധനങ്ങളും പ്രസവ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുമൊക്കെ കുഞ്ഞിന് ഇതുപോലെയുള്ള അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ട്. അമ്മ അത്തരം ആഹാര സാധനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഓരോ തവണ മുലയൂട്ടി കഴിയുമ്പോഴും കുഞ്ഞിനെ മെല്ലെ തോളിൽ കിടത്തിയോ അമ്മയുടെ മടിയിൽ കമിഴ്ത്തി കിടത്തിയോ മൃദുവായി തട്ടി ഗ്യാസ് കളയാൻ ശ്രദ്ധിക്കുക, തുടങ്ങിയവയൊക്കെ ഒരു പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാൻ സഹായകരമാകും.
ഉറക്കം നവജാത ശിശുക്കളിൽ
എല്ലാ നവജാത ശിശുക്കളും ഒരു പോലെയായിരിക്കണമെന്നില്ല. ചിലർ ഇടയ്ക്കിടെ ഉണർന്ന് കളിക്കുകയും പാലുകുടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടാകും. മറ്റു ചിലരാകട്ടെ ആദ്യ ദിനങ്ങളിൽ 18 -20 മണിക്കൂർ ഉറങ്ങിയെന്നിരിക്കും. ഇതിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. പക്ഷെ കുഞ്ഞിനെ രണ്ടു മൂന്നു മണിക്കൂർ ഇടവിട്ട് ഉണർത്തി മുലപ്പാൽ നൽകാൻ ശ്രദ്ധിക്കണം. കാൽ വെള്ളയിലും കവിളിലും ചെവിയുടെ പുറകിലും മൃദുവായി തലോടി കുഞ്ഞിനെ ഉണർത്താവുന്നതാണ്. ചില കുഞ്ഞുങ്ങൾ പകൽ മുഴുവനുറങ്ങിയിട്ടു രാത്രി കൂടുതൽ സമയം ഉണർന്നിരിക്കുകയും കരയുകയുമൊക്കെ ചെയ്തെന്നിരിക്കും. ഇതെല്ലാം സാധാരണ ഗതിയിലാക്കാൻ ചില കുഞ്ഞുങ്ങൾ 2-3മാസം എടുത്തെന്നിരിക്കും. കുഞ്ഞുറങ്ങുന്ന സമയം അമ്മയും വിശ്രമിക്കാൻ ശ്രദ്ധിക്കുക. നവജാത ശിശുക്കളെ എപ്പോഴും മലർത്തി കിടത്തുക. ചെറിയ തുണികൾ കുഞ്ഞിനെ കിടത്തുന്നതിനു സമീപം വെയ്ക്കാതിരിക്കുക. കുഞ്ഞിന്‍റെ കൈ തട്ടി ഈ തുണികൾ കുഞ്ഞിന്‍റെ മുഖത്തു വീഴാൻ സാധ്യതയുണ്ട്.
കുഞ്ഞിന് മലബന്ധവും വയറിളക്കവും ഉണ്ടാകാതിരിക്കാൻ
കുഞ്ഞുങ്ങൾക്ക് മലബന്ധം ഉണ്ടാകുന്നതും വയറിളക്കമുണ്ടാകുന്നതും വളരെ സാധാരണമായി അമ്മമാർ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. രണ്ടു പ്രശ്നവും കൂടുതലായുണ്ടാകുന്നത് മുലയൂട്ടാത്ത കുഞ്ഞുങ്ങളിലാണ്. അതുകൊണ്ടുതന്നെ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കുഞ്ഞിനെ ആവശ്യാനുസരണം മുലയൂട്ടുക എന്നതാണ്. പ്രത്യേകിച്ചും വയറിളക്കമുള്ളപ്പോൾ കുഞ്ഞിന് നീര്‍ജലനീകരണം ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ കൂടുതൽ തവണ മുലയൂട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക.
നവജാത ശിശുവിന്‍റെ ആദ്യത്തെ മലവിസർജനം കറുത്ത നിറമുള്ളതും ഒട്ടുന്നതുമായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഇത് ചെറിയ പച്ച നിറത്തിലും ബ്രൗൺ നിറത്തിലുമൊക്കെ കാണുന്നത് സാധാരണമാണ്. കുഞ്ഞു നന്നായി പാല് കുടിച്ചു തുടങ്ങുമ്പോൾ നാലഞ്ചു ദിവസത്തിനുള്ളിൽ അത് മഞ്ഞ നിറമായിക്കൊള്ളും. മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന് മഞ്ഞ നിറത്തിൽ അയഞ്ഞു വലിയ ഗന്ധമില്ലാതെയായിരിക്കും വയറ്റിൽ നിന്ന് പോകുന്നത്. കുപ്പിപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങളിൽ കുറച്ചുകൂടി കട്ടിയായ് അൽപ്പം ഗന്ധത്തോടുകൂടിയുമായിരിക്കും പോകുന്നത്. കഴിവതും കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുക. മുലപ്പാൽ ആവശ്യത്തിനില്ല എന്ന പരാതി പല അമ്മമാരും പറയാറുണ്ട്. കുഞ്ഞിനെ ശരിയായ രീതിയിൽ ഇടയ്ക്കിടെ മുലയൂട്ടുക. അമ്മ ആവശ്യത്തിന് പോഷകാഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്‌താൽ കുഞ്ഞിനാവശ്യമുള്ള പാൽ എല്ലാ അമ്മമാർക്കും ഉണ്ടാകും.
ചില പ്രത്യേക സാഹചര്യങ്ങളിൽ മറ്റ പാൽ കൊടുക്കേണ്ടി വന്നാൽ യാതൊരു കാരണവശാലും കുഞ്ഞിന് പശുവിൻ പാൽ കൊടുക്കരുത്. ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ കൂടുതൽ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല കുഞ്ഞിനാവശ്യമായ എല്ലാ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ടാവില്ല. മാത്രമല്ല പല അമ്മമാരും വളരെ നേർപ്പിച്ച പശുവിൻപാൽ കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് വിചാരിക്കാറുണ്ട്. അത് ശരിയല്ല അങ്ങനെ ചെയ്യുന്നതുകൊണ്ട് കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാകില്ല. ഇത്തരം സാഹചര്യങ്ങളിൽ ഫോർമുല മിൽക്ക് അതിൽ പറഞ്ഞിരിക്കുന്ന അളവിൽ കുഞ്ഞിന് കൊടുക്കണം. കുഞ്ഞിന്ദഹിച്ചില്ലെങ്കിലോ എന്ന് കരുതി വളരെ നേർപ്പിച്ചു കൊടുക്കുന്ന ഒരു രീതി ഇതിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കുഞ്ഞിന്‍റെ വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. കുപ്പിപ്പാൽ നൽകുന്ന കുഞ്ഞുങ്ങൾക്ക് വയറിളക്കരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. (ഇവിടെയാണ് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ അമ്മമാർ ഗർഭിണിയായിരിക്കുന്ന സമയത്തുതന്നെ ഇത്തരം കാര്യങ്ങളിൽ ഹെൽത്ത് കെയർ കൗൺസിലിങ് നടത്തേണ്ടതിന്‍റെ ആവശ്യകതയും നൽകേണ്ടതിന്‍റെ പ്രാധാന്യം.

