പഠനമികവിന് ഒരു വഴികാട്ടി

“നിങ്ങളുടെ മുന്നിൽ വിശാലമായ ഒരു ലോകമുണ്ട്. അവിടെ എങ്ങിനെ കാര്യങ്ങൾ വീക്ഷിക്കണമെന്നും പഠിക്കണമെന്നും അറിയുന്ന നിങ്ങളുടെ മുന്നിൽ ഒരു വാതിലുണ്ടാകും. അതിന്റെ താക്കോൽ നിങ്ങളുടെ കയ്യിലും. നിങ്ങൾക്കല്ലാതെ ഭൂമിയിലുള്ള മറ്റൊരാൾക്കും ആ താക്കോൽ നിങ്ങൾക്കു തരാനോ വാതിലു തുറന്നു തരാനോ ആവില്ല.”

ജെ. കൃഷ്ണമൂർത്തി

എന്താണ് പഠനത്തിന്റെ ഉദ്ദേശം? ആത്യന്തികമായി നമ്മുടെ വ്യക്തിവികാസവും സാമൂഹികബോധവും ആത്മാഭിമാനവും വളർത്തിയെടുക്കുക എന്നതാണ് എങ്കിൽപോലും ഒരു പ്രോഫഷണൽ കോഴ്സിന് ചേരുന്ന കുട്ടിയ്ക്ക് വേണ്ടത് പരീക്ഷ പാസാകണം, അതും ഉയർന്ന മാർക്കോടെ, ഒരു ജോലി കിട്ടണം, സ്വന്തം കാലിൽ നിൽക്കണം, ഒരു കുടുംബം ഉണ്ടാക്കണം എന്നിങ്ങനെ പലതാണ്. നല്ലൊരു ജോലി സാമൂഹിക ഉയർച്ചയ്ക്ക് ഒരാൺകുട്ടിക്ക് ആവശ്യമാണെങ്കിൽ, സ്ത്രീയെന്ന നിലയിൽ തന്റെ സ്വാതന്ത്ര്യത്തിനും വ്യക്തിത്വ ബോധത്തിനും അതിലഭിമാനം കൊണ്ടുകൊണ്ടുതന്നെ ഒരു നല്ല കുടുംബിനി ആകാനും ഒരു പെൺകുട്ടിക്ക് ആവശ്യമാണ്. ഒരു ഹെൽത്ത് പ്രോഫഷണൽ കോഴ്സിന് പഠിക്കുമ്പോൾ ധാരാളം വിവരം നേടുക എന്നതിലുപരി കാര്യങ്ങൾ സ്വയം ചെയ്യാനുള്ള കഴിവ്, അതോടൊപ്പം തന്റെ മുന്നിൽ വരുന്ന ഒരു വ്യക്തിയോടോ രോഗിയോടോ അങ്ങേയറ്റം പ്രതിബദ്ധത കാണിക്കാനുള്ള ഒരു മനോഭാവവും വളർത്തിയെടുക്കേണ്ടതുണ്ട്. അദ്ധ്യപകൻ/അദ്ധ്യാപിക തന്നെ മനസ്സിലാക്കുന്നില്ല എന്നു പറയുന്ന വിദ്യാർത്ഥി, തന്റെ പ്രശ്നങ്ങൾ പ്രിൻസിപ്പാളോ മാനേജ്മെന്റോ മനസ്സിലാക്കുന്നില്ല എന്നു പരാതിപ്പെടുന്ന അദ്ധ്യപകൻ/അദ്ധ്യാപിക, ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടുകൾ ആരും മനസ്സിലാക്കുന്നില്ല എന്ന് വിലപിക്കുന്ന മാനേജ്മെന്റ് ഇതിലെല്ലാം ഒരു പൊതുകാര്യമില്ലേ? മറ്റുള്ളവർ നമ്മെ മനസ്സിലാക്കണം, നമ്മുടെ പ്രയാസം മനസ്സിലാക്കണം എന്നു വിലപിക്കുമ്പോൾ മറ്റുള്ളവരുടെ പ്രശ്നം മനസ്സിലാക്കാനോ, അവരുടെ പ്രയാസങ്ങൾ തൊട്ടറിയാനോ താൽപര്യമില്ലാത്ത ഒരവസ്ഥ. ഇതിനൊരു മാറ്റം വേണ്ടേ? ഇതൊക്കെ തന്നെയാണ് നമ്മൾ നമ്മോട് ചോദിക്കേണ്ട ചോദ്യങ്ങൾ, പ്രത്യേകിച്ചും നാലോ അഞ്ചോ കൊല്ലം ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കേണ്ടി വരുമ്പോൾ – ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

സ്കൂളിൽ നിന്നും പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം ചില കുട്ടികൾക്ക് വൈകാരികവും സാമൂഹികവും പഠനപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. വലിയ കാമ്പസ്സിലെ പുതിയ അന്തരീക്ഷവും പഠന സാഹചര്യങ്ങളും വ്യക്തിപരമായി കിട്ടിയ സ്വാതന്ത്ര്യവും ഒക്കെ ചിലർക്കെങ്കിലും ഒരു സംഭ്രമം ഉണ്ടാക്കിയേക്കാം. പല പല വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്ന് എത്തിയ ഇവർക്ക് കലാലയ വിദ്യാഭ്യാസം മികവുറ്റതാക്കാൻ ശരിയായ പഠനനിപുണത ആവശ്യമാണ്. പുതിയതായി പ്രോഫഷണൽ വിദ്യാഭ്യാസ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ വളരെ സാധാരണമായി കാണുന്ന പരാജയകാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  1. പഠന മാധ്യമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ( Difficulty with medium of instruction) : പന്ത്രണ്ടാം ക്ലാസ്സുവരെ ബോധനമാധ്യമം മാതൃഭാക്ഷയിലായിരുന്ന വിദ്യാർത്ഥികൾക്ക് അത് പൂർണ്ണമായും ഇംഗ്ലീഷിലേയ്ക്ക് ആകുമ്പോൾ മനസ്സിലാക്കാനും ഓർത്തെടുക്കാനുമുള്ള ബുദ്ധിമുട്ട്.
  2. സ്വയം ഉൾപ്രേരണ ഇല്ലാതിരിക്കുക (Lack of self-motivation): ചില വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള ഉൾപ്രേരണ ഉണ്ടാവില്ല. അവർക്ക് സ്വയം പഠിക്കണമെന്നോ പഠനം മെച്ചപ്പെടുത്തണമെന്നോ ഉള്ള താൽപര്യം ഉണ്ടാവില്ല. പലപ്പോഴും സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ഇക്കൂട്ടരിൽ കാണാറുണ്ട്.
  3. സ്ഥിരോത്സാഹം ഇല്ലാതിരിക്കുക (Lack of persistence) :ചില വിദ്യാർത്ഥികൾക്ക് പഠിക്കുന്ന കോഴ്സിലോ പഠന വിഷയം തൊഴിലായി തിരഞ്ഞെടുക്കുന്നതിലോ താൽപര്യം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ എന്തിനാണ് താനിത് പഠിക്കുന്നതെന്ന തോന്നൽ അവരെ അലട്ടികൊണ്ടിരിക്കും.
  4. നിഷേധാത്മക സമീപനം (Negative attitude) : ചില കുട്ടികൾ അവരെക്കുറിച്ചും അവരുടെ കോളേജിനെ കുറിച്ചും ക്ലാസ്സിനെ കുറിച്ചും അവരുടെ ചുറ്റുപാടിനെക്കുറിച്ചുമൊക്കെ ഒരു നിഷേധാത്മകസമീപനം പ്രകടമാക്കാറുണ്ട്. അവർ വാക്കുകളിലൂടെ ഇത് പ്രകടമാക്കികൊണ്ടിരിക്കും.
  5. തെറ്റായ മുൻഗണനകൾ (Wrong priorities) : ചില വിദ്യാർത്ഥികൾക്ക് മുൻഗണന പഠനമാകില്ല, മറിച്ച് പ്രേമം, കൂട്ടുകെട്ട് തുടങ്ങിയവയ്ക്ക് ആയിരിക്കും.
  6. സ്ഥിരമായി ക്ലാസ്സിൽ ഹാജരാകാതിരിക്കുക (Irregular attendance) : വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പല കുട്ടികൾ സ്ഥിരമായി ക്ലാസ്സിൽ ഹാജരാകാറില്ല.
  7. കലാലയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാകാതിരിക്കുക (Uncomfortable with college environment) : ചില വിദ്യാർത്ഥികൾ കാമ്പസ്സിന്റെ വിശാലതയിൽ മുങ്ങിപോകുകയും അവിടെ അവർക്ക് ലഭിക്കാനിടയുള്ള വിദ്യാഭ്യാസപരവും വ്യക്തിപരവുമായ പന്ഥാവ് കാണപ്പെടാതെ പോകുകയും ചെയ്യാം.
  8. എല്ലാം പെട്ടെന്നങ്ങ് വേണ്ടെന്ന് വെയ്ക്കാൻ തോന്നുക (Giving up too quickly): പരീക്ഷകളിലും കോളേജിലെ മൂല്യനിർണ്ണയത്തിലും (Internal assessment) കുറഞ്ഞ മാർക്ക് കിട്ടുന്നത് പലപ്പോഴും തുടർന്ന് പഠിക്കുന്നതിനുള്ള താൽപര്യം ഇല്ലാതാക്കാറുണ്ട്.
  9. യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക : എന്താണ് കലാലയ ജീവിതമെന്നോ എങ്ങിനെയാണ് പഠിക്കേണ്ടതെന്നോ അറിയാതെ പഠനഭാരം ഓർത്ത് സംഭ്രമിച്ച് പോകുന്ന ചില വിദ്യാർത്ഥികളുണ്ട്.
  10. ഉദാസീനത : ചില കുട്ടികൾ ഉദാസീനതമൂലം അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ അവസാന നിമിഷം വരെ മാറ്റിവെയ്ക്കാറുണ്ട്.

ഉദാസീനത എങ്ങിനെ മാറ്റിയെടുക്കാം

  1. ഉദാസീനത മാറ്റാനുള്ള ആദ്യ നടപടി എന്തുകൊണ്ട് ഉദാസീനത തോന്നുന്നു എന്ന് കണ്ടുപിടിക്കലാണ്. പരാജയഭീതിയാണ് കാരണമെങ്കിൽ ലക്ഷ്യം എന്താണെന്ന് ഉറപ്പാക്കിയും ചിന്തകളെ യാഥാർത്ഥ്യബോധത്തോടെ ചിട്ടപ്പെടുത്തിയും എന്തൊക്കെയാണ് സ്വന്തം ദൌർബല്ല്യങ്ങളെന്ന് കണ്ടെത്തി തിരുത്തിയും മുന്നോട്ട് പോകാവുന്നതാണ്.
  2. ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് കാരണമെങ്കിൽ കർത്തവ്യങ്ങളെ ചെറിയചെറിയ ലക്ഷ്യങ്ങളായി (mini goals) തിരിച്ച് കുറച്ച് കുറച്ച് ചെയ്ത് തീർക്കാവുന്നതാണ്. എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനാവുന്നില്ലെങ്കിൽ അദ്ധ്യാപകരുടെയോ, സുഹൃത്തുക്കളുടെ- യോ സഹായം തേടാവുന്നതാണ്.
  3. സമയം ശരിയായി വിനിയോഗിക്കാത്തതാണ് കാരണമെങ്കിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ മുൻഗണനാപ്രകാരം ക്രമപ്പെടുത്തി നടപ്പാക്കാനാകുന്ന വിധത്തിൽ ദൈനംദിന പഠനം ആസൂത്രണം ചെയ്യുക.
  4. വ്യക്തിപരമായ പ്രശ്നങ്ങൾ അലട്ടുന്നുവെങ്കിൽ കോളേജിലെ Student Support and Guidance Cellന്റെ സഹായം തേടുകയോ ഏറ്റവും അടുപ്പമുള്ള കുടുംബാംഗത്തിന്റെയോ, അദ്ധ്യാപകരുടെയോ, സുഹൃത്തുക്കളുടേയോ സഹായം തേടുകയോ ചെയ്യുക.
  5. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കിൽ, പഠനത്തിന് ശ്രദ്ധ പതറാൻ സാധ്യതയുള്ള അന്തരീക്ഷം ഒഴിവാക്കുക, കൂടുതൽ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ താരതമ്യേന ഊർജ്ജസ്വലമായിരിക്കുന്ന സമയത്ത് പഠിക്കുക, ഗൃഹാന്തരീക്ഷം ശാന്തമായിരിക്കുന്ന പുലർകാലങ്ങളിൽ അല്ലെങ്കിൽ രാത്രി വൈകി ഏതാണോ പഠിക്കാൻ ഏറ്റവും അനുകൂലമെന്ന് തോന്നുന്നത് ആ സമയം പഠനത്തിനായി തിരഞ്ഞെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.

ഈ പഠന സഹായിയുടെ ഉദ്ദേശം വിദ്യാർത്ഥികളുടെ പഠനമികവിന് സഹായകരമാകുുന്ന ചില നിർദ്ദേശങ്ങൾ നൽകുക എന്നതാണ്. പ്രധാനമായും പഠനത്തിന്റെ അഞ്ചു പ്രധാന തലങ്ങളായ

  1. സ്വന്തം പഠനശൈലി (learning style) തിരിച്ചറിഞ്ഞ് പഠിക്കുക
  2. പഠനസമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം.
  3. എങ്ങനെ നോട്ടുകൾ നന്നായി തയ്യാറാക്കാം
  4. വായന, പഠനം, ഓർമ്മവെയ്ക്കൽ എന്നിവ എങ്ങനെ മെച്ചപ്പെടുത്താം
  5. പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കാം

എന്നിവ ശാസ്ത്രീയമായി എങ്ങനെ കൈകാര്യം ചെയ്യാം എന്ന് വിശകലനം ചെയ്യുകയാണ് ഈ പഠന സഹായിയിൽ.

  • പഠനശൈലി സ്വയം തിരിച്ചറിയുന്നതെങ്ങനെ?

എല്ലാവർക്കും അവരവരുടേതായ പഠനശൈലി ഉണ്ടായിരിക്കും. ചിലർ കണ്ടുപഠിക്കുന്നതിൽ (visual learner) ഉൽസുകരാകുമ്പോൾ മറ്റുചിലർക്ക് കേട്ടുപഠിക്കുന്നതാകും (auditory learner) താല്പര്യം. ചിലർക്ക് ചെയ്തു പഠിക്കുന്നതാകും (kinaesthetic learner) കൂടുതൽ താല്പര്യം. ഇതിൽ ഏത് ശൈലിയാണ് തനിക്ക് ഏറ്റവും യോജിച്ചതെന്ന് കണ്ടെത്തി ആ രീതിയിൽ പഠിക്കുന്നത് പഠനം മെച്ചപ്പെടുത്താൻ സഹായകരമായേക്കും. ഒരു ചെറിയ ചോദ്യാവലി പരിചയപ്പെടുത്താം. അതിലൂടെ സ്വന്തം പഠനശൈലി ഏതാണെന്ന് കണ്ടെത്താനാകും.

പഠനശൈലി തിരിച്ചറിയാനുള്ള ചോദ്യാവലി

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്നത്‘ടിക്ക്’ ചെയ്യുക.

  1. ടീച്ചർ പഠിപ്പിച്ച ഒരു പാഠം കൂടുതലും ഓർത്തെടുക്കുന്നതെങ്ങനെയാണ്?
  2. പഠിപ്പിക്കുമ്പോൾ നോട്ടെഴുതിയെടുക്കില്ല, പക്ഷേ ശ്രദ്ധിച്ച് കേൾക്കും.
  3. മുൻനിരയിലിരുന്ന് എങ്ങനെയാണ് ടീച്ചർ പഠിപ്പിക്കുന്നതെന്ന് ശ്രദ്ധാപൂർവ്വം വീക്ഷിക്കും.
  4. നോട്ടെഴുതിയെടുക്കും.
  5. ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യം എങ്ങനെയാണ് നിങ്ങൾ ചെയ്യുന്നത്?
  6. സ്വയം പറഞ്ഞുനോക്കിയോ അല്ലെങ്കിൽ ഒരു സുഹൃത്തുമായി സംസാരിച്ചോ

ചെയ്യാൻ ശ്രമിക്കും.

  1. ചിട്ടയായ ഒരു സമീപനം ഉപയോഗിച്ച് ചെയ്യും.
  2. നടന്നോ മറ്റെന്തെങ്കിലും ശാരീരികചലനമുണ്ടാക്കുന്ന പ്രവർത്തിയിലൂടെയോ ചെയ്യും.
  3. ഫോൺ നമ്പറുകൾ നിങ്ങൾ എങ്ങനെയാണ് ഓർമ്മിച്ചെടുക്കുന്നത്?
  4. ഫോൺനമ്പർ പലതവണ ഉരുവിടും.
  5. മനസ്സിൽ ആ നമ്പർ കാണാൻ ശ്രമിക്കും.
  6. കൈയ്യിലോ മേശപ്പുറത്തോ ചുവരിലോ എഴുതിയിടും
  7. നിങ്ങൾക്ക് പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള എളുപ്പമാർഗ്ഗം ഏതാണ്?
  8. എങ്ങനെ ചെയ്യണമെന്ന് ആരെങ്കിലും വിശദീകരിക്കുന്നത് ശ്രദ്ധിക്കും
  9. എങ്ങനെ ചെയ്യണമെന്ന് ആരെങ്കിലും മാതൃക കാണിച്ച് വിശദീകരിക്കുന്നത് കാണും.
  10. സ്വയം ചെയ്തു നോക്കും.
  11. നിങ്ങൾ എങ്ങനെയാണ് എന്തെങ്കിലും ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്?
  12. അതെങ്ങനെയാണ് സംഭവിച്ചതെന്ന് മനസ്സിൽ കാണാൻ ശ്രമിക്കും
  13. അതിനെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് അല്ലെങ്കിൽ എന്തൊക്കെ ശബ്ദങ്ങളാണ് കേട്ടതെന്ന് മനസ്സിൽ കേൾക്കാൻ ശ്രമിക്കും.
  14. എങ്ങനയാണ് അത് നിങ്ങളിൽ എത്തിയതെന്ന് വൈകാരികമായി തൊട്ടറിയാൻ ശ്രമിക്കും
  15. ഒരു വാക്ക് ഉച്ചരിക്കുന്നതെങ്ങനെയെന്നറിയില്ലെങ്കിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?
  16. പറഞ്ഞുനോക്കും.
  17. അതെങ്ങനെയാണെന്ന് മനസ്സിൽ കണ്ടുനോക്കും.
  18. ആ വാക്ക് പലതവണ എഴുതിനോക്കി ഏറ്റവും ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കും
  19. വായിക്കുമ്പോൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് നിങ്ങൾ എന്ത് വായിക്കുമ്പോഴാണ്?
  20. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം
  21. മനസ്സിൽ ചിത്രങ്ങളുണ്ടാക്കാൻ പറ്റുന്ന തരത്തിലുള്ള വിശദീകരണങ്ങളുള്ള ഖണ്ഡിക
  22. ആരംഭത്തിൽ തന്നെ ധാരാളം ചലനങ്ങളുള്ള കഥകൾ
  23. നിങ്ങൾ കണ്ടുമുട്ടിയിട്ടുള്ള ആളുകളെ ഓർക്കുന്നത് അവരുടെ:
  24. പേര് മുഖേന
  25. മുഖം മുഖേന
  26. ചലനങ്ങളും, ചേഷ്ടകളും മുഖേന
  27. നിങ്ങളുടെ ശ്രദ്ധ പതറുന്നതെപ്പോഴാണ്?
  28. ശബ്ദം
  29. ആളുകൾ
  30. ചുറ്റുപാട് (താപനില, സുഖകരമായ ഫർണിച്ചർ മുതലായവ)
  31. നിങ്ങൾക്ക് അടങ്ങിയിരുന്ന് വായിക്കുന്നതിന് ബുദ്ധിമുട്ട് തോന്നാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ
  32. ഒരു സുഹൃത്തുമായി സംസാരിക്കും
  33. V കാണുകയോ പുറത്തു നോക്കിയിരിക്കുകയോ ചെയ്യും
  34. കസേരയിലിരുന്ന് ഞെളിപിരികൊള്ളും, അല്ലെങ്കിൽ അടങ്ങി യിരിക്കാനാവില്ല

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്ക്(a) വിഭാഗത്തിലാണ് കൂടുതൽ സ്കോറെങ്കിൽ കേട്ടുപഠിക്കുന്നതിലും (auditory learner) (b) വിഭാഗത്തിലാണ് കൂടുതൽ സ്കോർ എങ്കിൽ കണ്ടുപഠിക്കുന്നതിനും (visual) (c) യിലാണ് കൂടുതൽ സ്കോർ എങ്കിൽ ചെയ്തു പഠിക്കുന്നതിലും (kinaesthetic) താല്പര്യമുള്ള ആളാണെന്ന് മനസ്സിലാക്കാം. ഇനി നമുക്ക് ഓരോ വിഭാഗം പഠിതാവിനും എങ്ങനെയൊക്കെ പഠനം ആസൂത്രണം ചെയ്യാം എന്ന് നോക്കാം.

കേട്ടുപഠിക്കുന്നവർ (auditory learner)

  • ഉറക്കെ വായിച്ചു പഠിക്കാം
  • കൂട്ടുകാരുമായി ചർച്ചചെയ്ത് പഠിക്കാം.
  • പഠനഭാഗങ്ങൾ ടേപ്പ് ചെയ്ത് കേട്ട് പഠിക്കാം.
  • ഒരു സുഹൃത്തിനോട് പാഠഭാഗങ്ങൾ ഉറക്കെ വായിച്ചു തരാൻ ആവശ്യപ്പെടാം.
  • കഴിവതും ശാന്തമായ അന്തരീക്ഷത്തിൽ പഠിക്കാൻ ശ്രമിക്കാം.

കണ്ടുപഠിക്കുന്നവർ (visual learner)

  • പഠനഭാഗങ്ങൾ പട്ടികകളായും, ചിത്രങ്ങളായും രേഖാചിത്രങ്ങളായും (list, table, diagrams etc.) മാറ്റാം.
  • പഠനഭാഗങ്ങൾ എഴുതി പഠിക്കാം.
  • പ്രധാനപ്പെട്ട ഭാഗങ്ങൾ അടിവരയിടുകയോ നിറംകൊടുക്കുകയോ ചെയ്യാം
  • ഓരോ വിഷയത്തിനും ഓരോ കളറിലുള്ള പേപ്പറിൽ നോട്ട് തയ്യാറാക്കാം
  • ഓർമ്മവയ്ക്കേണ്ട പ്രധാന ഭാഗങ്ങൾ ചാർട്ട് പേപ്പറുകളിൽ രേഖപ്പെടുത്തി കാണുന്നവിധത്തിൽ ഒട്ടിച്ചുവയ്ക്കാം
  • പഠനഭാഗങ്ങൾ മനസ്സിൽ കാണാൻ ശ്രമിക്കാം

ചലനങ്ങളിലൂടെ ചെയ്തുപഠിക്കുന്നവർ (kinaesthetic learner)

  • ആശയങ്ങൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്ത് പഠിക്കാം.
  • നടന്ന് പഠിക്കാം.
  • രേഖാചിത്രങ്ങൾ വരച്ച് പാഠ്യഭാഗങ്ങൾ പഠിക്കാം

ഏതുതരം പഠിതാവാണെങ്കിലും പഠനത്തിനിടയിൽ ഇടവേളകൾ കൊടുക്കുന്നതും പഠനത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം തിരഞ്ഞെടുക്കുന്നതും പഠനമുറിയിലെ വെളിച്ചം അനുയോജ്യമായി ക്രമീകരിക്കുന്നതും ശരിയായ രീതിയിൽ ഇരുന്നു പഠിക്കുന്നതിനുള്ള സൌകര്യം ഉണ്ടാക്കുന്നതും പഠനം കൂടുതൽ ലളിതമാക്കാൻ സഹായകരമാകും.

2) പഠനസമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം

മികച്ച പഠനവിജയത്തിന് പഠനസമയം പ്രയോജനപ്രദമായി വിനിയോഗിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.ഒന്നിനും സമയം തികയുന്നില്ല എന്ന പ്രശ്നം ഒഴിവാക്കാൻ സമയം ആസൂത്രിതമായി വിനിയോഗിക്കുന്നത് നന്നായിരിക്കും.ആസൂത്രണം ചെയ്യുന്നതിൽ നിന്ന് ചിലപ്പോഴൊക്കെ മാറി പ്രവർത്തിക്കേണ്ടി വന്നേക്കുമെങ്കിലും ഇത് പഠനത്തിന് മാത്രമല്ല മറ്റു പ്രവർത്തികൾക്കും സമയം കണ്ടെത്താൻ സഹായകരമാകും. എത്ര സമയം പഠിക്കണം എന്നത് ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ഥമായേക്കാം. പഠനത്തിനു മാത്രമല്ല വ്യക്തിജീവിതത്തിലെ മറ്റ് കാര്യങ്ങൾക്കും സമയം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വ്യക്തമായ ഒരു കാഴ്ചപ്പാടോടുകൂടി കാര്യങ്ങൾ ആസൂത്രണം ചെയ്താൽ എല്ലാ കാര്യങ്ങളും വലിയ പ്രശ്നമില്ലാതെ കൊണ്ടുപോകാനാകും. സമയം ഫലപ്രദമായി വിനിയോഗിക്കാൻ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ സഹായകരമായേക്കും.

  1. വിശദമായ ഒരു സമയപ്പട്ടിക തയ്യാറാക്കുക: പഠിക്കാനെത്ര വിഷയമുണ്ടെന്നതിന് അനുസരിച്ച് പഠനത്തിനായി ചിലവഴിക്കാൻ കിട്ടുന്ന സമയം ക്രമീകരിക്കുക. രാവിലെ നേരത്തേ ഉണരുന്നവരാണെങ്കിൽ കോളേജിൽ പോകുന്ന ദിവസം എത്ര സമയം രാവിലെ പഠിക്കാൻ കിട്ടും എന്ന് നോക്കുക. വൈകി ഉണരുന്നവരാണെങ്കിൽ രാത്രി എത്ര സമയം പഠിക്കാൻ കിട്ടും എന്ന് കണക്കാക്കി പ്ലാൻ ചെയ്യുക. റിക്കോർഡും അസൈൻമെൻസും എഴുതാനുള്ള സമയം എപ്പോഴാണെന്ന് കണ്ടെത്തി അതനുസരിച്ച് പഠനം ക്രമീകരിക്കുക. വിശ്രമത്തിനും വിനോദത്തിനും എത്രസമയം ചിലവഴിക്കാം എന്നും നേരത്തേ തന്നെ തീരുമാനിക്കുക. എത്ര തിരക്കുള്ളപ്പോഴും കുറച്ചുസമയം ഇതിനായി കണ്ടെത്തുന്നത് ബോറടി ഒഴിവാക്കാൻ സഹായകരമാകും. ഉറങ്ങാനും ആവശ്യത്തിന് സമയം കണ്ടെത്താൻ മറക്കരുത്. ഇതെല്ലാം മനസ്സിൽവെച്ച് നടപ്പാക്കാനാകുന്ന രീതിയിലുള്ള ഒരു ടൈംടേബിൾ തയ്യാറാക്കുന്നതിലൂടെ പഠനം കൂടുതൽ മെച്ചപ്പെടുത്താനാകും. അവിചാരിതമായ കാരണങ്ങളാൽ ചില ദിവസങ്ങളിൽ ഇത് പാലിക്കപ്പെടാൻ കഴിയാതെ വന്നേക്കാം. അപ്പോൾ ആ ദിവസം മാറ്റിവെച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി അടുത്ത ദിവസത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ശ്രമിക്കുക. കഴിയുന്നില്ലെങ്കിൽ അവധിദിവസങ്ങളിൽ അത് കവർചെയ്യുക. ടൈംടേബിൾ ഉണ്ടാക്കുമ്പോൾ പ്രായോഗികമായി നടക്കുന്ന രീതിയിൽ ഉണ്ടാക്കാൻ ശ്രദ്ധിക്കുക.
  2. ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ആസൂത്രണം ചെയ്യുക: പൂതിയ വിഷയങ്ങൾക്കും പഠിക്കാൻ പ്രയാസം തോന്നുന്ന വിഷയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുക. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കുക. പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങൾ പഠിക്കാൻ ഏറ്റവും ‘ഫ്രഷ്’ ആയിരിക്കുന്ന സമയം വിനിയോഗിക്കാനും ശ്രദ്ധിക്കണം. പരീക്ഷാസമയങ്ങളിൽ പ്രത്യേകം ടൈംടേബിൾ ഉണ്ടാക്കി പഠിക്കാൻ ശ്രദ്ധിക്കുക. പരീക്ഷാതീയതി വന്നു കഴിഞ്ഞാൽ പരീക്ഷാ ടൈംടേബിൾ അനുസരിച്ച് ഒരു പഠനപട്ടിക തയ്യാറാക്കുക. ഏതെങ്കിലും പരീക്ഷ ഇടയ്ക്കുവെച്ച് മാറ്റിയാൽ അതനുസരിച്ച് വീണ്ടും പഠനം ക്രമീകരിക്കുക.
  3. പ്രലോഭനങ്ങളെ കൈകാര്യം ചെയ്യാൻ ശീലിക്കുക: സ്വകാര്യ ജീവിതത്തിൽ പലപ്പോഴും പല വിധ പ്രലോഭനങ്ങൾ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് തടസ്സമുണ്ടാക്കിയേക്കാം. ഇത് നമുക്ക് മനസ്സിലാക്കാനായാൽ പല പ്രലോഭനങ്ങളേയും അതിജീവിക്കാൻ നമുക്ക് ശ്രമിക്കാവുന്നതാണ്. പഠനത്തിന് മുൻതൂക്കം നൽകികൊണ്ട് അല്പസ്വല്പം വ്യതിയാനങ്ങളൊക്കെ ഒഴിച്ചുകൂടാനാകാത്ത സന്ദർഭങ്ങളിൽ വരുത്തുന്നതുകൊണ്ട് പ്രശ്നമില്ല. പക്ഷേ സ്ഥിരമായി മാറ്റം വരുത്തുന്നത് വളരെയധികം കാര്യങ്ങൾ കുന്നുകൂടുന്നതിന് കാരണമാകും എന്ന് തിരിച്ചറിയുന്നതു തന്നെ പ്രലോഭനങ്ങളിൽ വീഴുന്നതിൽനിന്ന് പിന്തിരിപ്പിക്കും. ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു തീർത്തിട്ട് ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നതുകൊണ്ട് പ്രശ്നമില്ല. എങ്കിലും ഒഴിവാക്കാനാകുന്ന കാര്യങ്ങൾ ഒഴിവാക്കുക തന്നെ ചെയ്യുമെന്ന് തീരുമാനിച്ചാൽ അത് നടപ്പാക്കുന്നതിന് വലിയ ബുദ്ധിമുട്ട് വരില്ല.
  4. പഠനത്തിനായി ഒരു നല്ല അന്തരീക്ഷം കണ്ടെത്തുക: പഠനത്തിനായി ഓരോരുത്തർക്കും അനുയോജ്യമായ അന്തരീക്ഷം കണ്ടെത്തുക. ശാന്തമായ അന്തരീക്ഷമായതുകൊണ്ടുമാത്രം എല്ലാവർക്കും അത് അനുയോജ്യമാകണം എന്നില്ല. ചിലർക്ക് ഒറ്റക്ക് പഠിക്കുന്നതാകും താല്പര്യം, ചിലർക്കാകട്ടെ കൂട്ടുകാരുമൊത്തു പഠിക്കുന്നതിനാകും കൂടുതൽ ഇഷ്ടം. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സ്ഥലം പഠനത്തിനായി തിരഞ്ഞെടുക്കുക.
  5. പഠനം എപ്പോഴും ചിട്ടയായി ചെയ്യാൻ ശ്രമിക്കുക: ധാരാളം പഠിക്കാനുള്ളപ്പോൾ അത് ശരിയായി ചിട്ടപ്പെടുത്തി ചെയ്തില്ലെങ്കിൽ അവസാനം എല്ലാം കൂടി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലെത്തിച്ചേരും. ഓരോ വിഷയത്തിന്റെയും പുസ്തകങ്ങളും, നോട്ട്ബുക്കുകളും, മറ്റ് പഠനസഹായികളും ഒരുമിച്ച് വെയ്ക്കാൻ ശ്രദ്ധിക്കുക. ഇത് തിരഞ്ഞുനടന്ന് സമയം നഷ്ടമാക്കുന്നത് ഒഴിവാക്കാൻ സഹായകരമാകും.

3). ക്ലാസ്സ് നോട്ടുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം

അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ പ്രധാന പോയിന്റുകൾ എഴുതി എടുക്കുന്നത് വളരെ ഫലപ്രദമായ ഒരു പഠന സഹായി ആക്കി മാറ്റാനാകും. ഒരു മണിക്കൂറുള്ള ക്ലാസ്സിൽ പറയുന്നതു മുഴുവൻ എഴുതിയെടുക്കാൻ ആർക്കും സാദ്ധ്യമാവില്ല. അതുകൊണ്ടുതന്നെ പ്രധാന പോയിന്റുകൾ ശ്രദ്ധാപൂർവ്വം കേട്ട് കുറിച്ചുവെയ്ക്കുക. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ എഴുതിചേർക്കാൻ സ്ഥലം വിടുകയോ നോട്ട് ബുക്കിലാണെഴുതുന്നതെങ്കിൽ പേജ് രണ്ടായി ഭാഗിച്ച് ഒരു ഭാഗത്തിൽ ലെക്ച്ചർ നോട്ടും മറ്റേ ഭാഗം റഫറൻസ് പുസ്തകം വായിച്ച് കൂടുതൽ വിശദമായ വിവരണങ്ങൾ എഴുതുന്നതിനുമായി ഉപയോഗിക്കാം. പേപ്പറിലാണെഴുതുന്നതെങ്കിൽ നോട്ടെഴുതിയ തീയതിയും വിഷയവും പഠിപ്പിച്ച ടീച്ചറിന്റെ പേരും കുറിച്ചുവെയ്ക്കുന്നത് നന്നായിരിക്കും. പഠിപ്പിക്കുമ്പോൾ അദ്ധ്യാപകൻ കൂടുതൽ ഊന്നൽ കൊടുത്ത പോയിന്റുകൾ പ്രത്യേകം മാർക്കു ചെയ്യാൻ മറക്കരുത്. കാരണം അവ പരീക്ഷാ സമയത്ത് നിങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാകും. ഇത്തരം പോയിന്റുകൾ അടിവരയിട്ടോ ഹൈലൈറ്റർ ഉപയോഗിച്ച് നിറം കൊടുത്തോ വയ്ക്കുന്നത് പരീക്ഷ സമയത്ത് ആ പോയിന്റുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതിന് സഹായകരമാകും. കൂടുതലായി എഴുതിച്ചേർക്കുന്ന പോയിന്റുകളുടെ റഫറൻസും പേജ്നമ്പറും മാർജിനിൽ എഴുതുന്നത് പിന്നീട് എന്തെങ്കിലും വിട്ടുപോയതായി തോന്നുകയോ കൂടുതൽ വിവരണം വേണമെന്ന് തോന്നുകയോ ചെയ്താൽ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കും. വലിച്ചുവാരി എഴുതാതെ നിങ്ങളുടേതായ ഒരു രീതി ഉണ്ടാക്കി എഴുതാൻ ശ്രമിക്കുക. ഉദാ: പ്രധാന തലക്കെട്ടുകളും ചെറിയ തലക്കെട്ടുകളും നൽകുക, പോയിന്റുകൾ നമ്പർ ചെയ്യുകയോ ബുള്ളറ്റ് ഇട്ട് എഴുതുകയോ ചെയ്യുക, ഓർത്തെടുക്കാൻ എളുപ്പമാകുന്നരീതിയിൽ ഡയഗ്രമുകൾ വരയ്ക്കുക ഇവയോക്കെ പാഠഭാഗങ്ങൾ പെട്ടെന്ന് പഠിക്കാനും ഓർത്തെടുക്കാനും സഹായകരമാകും.

ലെക്ച്ചർ നോട്ട് എഴുതുമ്പോൾ സാധാരണ ഉപയോഗിക്കാറുള്ള ചുരുക്കെഴുത്തുകളും (eg. ADHD for Attention Deficit Hyperactivity Disorder) അടയാളങ്ങളും (eg. :. For therefore) ഉപയോഗിച്ചാൽ പെട്ടെന്ന് എഴുതിയെടുക്കാനാകും. ചില വാക്കുകൾക്ക് നിങ്ങളുടേതായ ചുരുക്കെഴുത്തുകൾ കൊടുക്കാവുന്നതാണ്. ഏതെങ്കിലും ഒരു പോയിന്റ് എഴുതിയത് ശരിയല്ല എന്ന് തോന്നിയാൽ അവിടെ ഒരു ചോദ്യചിഹ്നം (?) ഇട്ടുവെയ്ക്കുക. ആ ഭാഗം പഠിപ്പിച്ച ടീച്ചറിനോടോ സഹപാഠികളോടോ ചോദിച്ച് ശരിയാക്കുകയോ പുസ്തകം റഫർചെയ്ത് ശരിയാക്കുകയോ ചെയ്യുക.

ഓരോ ക്ലാസ്സിനും മുൻപ് തൊട്ടുമുൻപ് പഠിപ്പിച്ച ഭാഗം ഒന്നു വായിച്ചുവെയ്ക്കുന്നത് വിഷയം പെട്ടെന്ന് മനസ്സിലാക്കാൻ മാത്രമല്ല തനിക്ക് ആവശ്യമുള്ള പുതിയ പോയിന്റുകൾ എഴുതുന്നതിനും സഹായകരമാകും. കഴിവതും ക്ലാസ്സുകൾ കട്ടുചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇടയ്ക്ക് ക്ലാസ്സിൽ കയറാതിരുന്നാൽ ആ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗം മനസ്സിലാക്കാനും തുടർന്നുള്ള ഭാഗം മനസ്സിലാക്കാനും ബുദ്ധിമുട്ടാകുമെന്ന് മാത്രമല്ല ആ ക്ലാസ്സിൽ പഠിപ്പിച്ച പോയിന്റുകൾ വിട്ടുപോകുന്നതിന് കാരണമാകും. കൂട്ടുകാരിൽ നിന്ന് എഴുതിയെടുക്കാമെന്ന് വെച്ചാലും അവർ എഴുതുന്ന രീതിയും നിങ്ങളുടെ രീതിയും വ്യത്യസ്തമായാൽ പൂർണ്ണമായി മനസ്സിലാക്കാൻ പ്രയാസമായിരിക്കും.

ഓരോ ക്ലാസ്സിലും അദ്ധ്യാപകൻ വരുന്നതിനു മുൻപുതന്നെ ബുക്കും പേനയും മറ്റ് പഠനോപകരണങ്ങളും എടുത്ത് തയ്യാറായിരിക്കുക. ക്ലാസ്സിൽ ബ്ലാക്ക്ബോർഡ് / ഓവർഹെഡ്പ്രോജക്ടർ / LCD projector കാണാൻ പറ്റുന്ന തരത്തിൽ ഒരു ഇരിപ്പിടം കണ്ടെത്തുന്നത് ക്ലാസ്സ് നോട്ടുകൾ ഫലപ്രദമായി എഴുതി എടുക്കുന്നതിന് സഹായകരമാകും. ക്ലാസ്സു തുടങ്ങിയാൽ അതിന്റെ ഘടന എങ്ങനെയാണെന്ന് ശ്രദ്ധാപൂർവ്വം വീക്ഷിക്കുക. സാധാരണഗതിയിൽ ഒരു ലക്ചർ ക്ലാസ്സിന് ഒരു ആമുഖം ഉണ്ടാകും. അതിൽ താൻ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞുനിർത്തിയ കാര്യങ്ങളും ആദിവസം പറയാൻ പോകുന്ന കാര്യങ്ങളുടെയും രത്നച്ചുരുക്കമായിരിക്കും സാധാരണ ഗതിയിൽ അദ്ധ്യാപകൻ പറയാൻ പോകുന്നത്. അതു കഴിഞ്ഞുവരുന്ന ഭാഗത്തായിരിക്കും അന്ന് ഉൾപ്പെടുത്താൻ പോകുന്ന പ്രധാന പോയിന്റുകളുടെ വിശദീകരണം ഉണ്ടാകുക. ഈ ഭാഗം പ്രത്യേകം ശ്രദ്ധിച്ച് വേണ്ട പോയിന്റുകൾ എഴുതിയെടുക്കാൻ ശ്രദ്ധിക്കുക. അവസാനം താൻ പറഞ്ഞ പോയിന്റുകൾ ചുരുക്കത്തിൽ പറയാനാകും അദ്ധ്യാപകൻ ശ്രമിക്കുക. എന്തെങ്കിലും പോയിന്റ് എഴുതാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അപ്പോൾ ചെയ്യുക.

അന്നന്നത്തെ പഠനഭാഗം അന്നന്നുതന്നെ വായിച്ചുനോക്കി കൂടുതലായി എഴുതി ചേർക്കേണ്ട ഭാഗം ചേർക്കുന്നത് നോട്ട് പൂർണ്ണമാക്കുന്നതിന് കൂടുതൽ സഹായകരമാകുമെന്ന് മാത്രമല്ല ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് എല്ലാം ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും എളുപ്പമാകും. ഏതെങ്കിലും കാരണവശാൽ അന്നുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽതന്നെ അത് ചെയ്തുതീർക്കാൻ ശ്രദ്ധിക്കുക. ഒരു അദ്ധ്യായം പഠിപ്പിച്ചു കഴിയുമ്പോൾ ടീച്ചർ ഉൾപ്പെടുത്തിയ എല്ലാ കാര്യങ്ങളും നിങ്ങളുടെ നോട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കുക. ബുക്കുകൾ റഫർചെയ്ത് നോട്ടുതയ്യാറാക്കുമ്പോൾ കഴിവതും ടീച്ചർ പറഞ്ഞ റഫറൻസ് ബുക്കുകൾ/ടെക്സ്റ്റുകൾ തന്നെ നോക്കാൻ ശ്രമിക്കുക. പറ്റുമെങ്കിൽ ടീച്ചർ പഠിപ്പിക്കുന്നതിനു മുൻപുതന്നെ ആഭാഗം ഒന്നു വായിച്ചുവെയ്ക്കുന്നത് പാഠഭാഗം പെട്ടെന്ന് മനസ്സിലാക്കുന്നതിനും വേണ്ടതരത്തിൽ നോട്ടുകൾ തയ്യാറാക്കുന്നതിനും കൂടുതൽ സഹായകരമാകും. നോട്ടുകൾ പേപ്പറിൽ എഴുതുന്നവർ അത് ഒരുമിച്ച് കെട്ടിവെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമുണ്ടാക്കുന്ന ഒരു പ്രക്രിയയായി ഇത് മാറാറുണ്ട്. ഓരോ വിഷയത്തിന്റെ നോട്ടും പ്രത്യേകം നിറമുള്ള ഫയലിൽ സൂക്ഷിക്കുന്നതും ഓരോ അദ്ധ്യായവും നമ്പർ ചെയ്ത് വെയ്ക്കുന്നതും ഇക്കൂട്ടർ ശ്രദ്ധിക്കേണ്ട കാര്യമാണ്.

നിങ്ങളുടെ പരീക്ഷാസമ്പ്രദായത്തിനനുസരിച്ചുള്ള നോട്ടുകൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ പരീക്ഷാസമയത്ത് കൂടുതൽ എളുപ്പമാക്കാൻ സഹായകരമാകും. Short answer questions ഏതൊക്കെ ആയിരിക്കും essay questions ഏതൊക്കെ ചോദിക്കാം എന്നൊരു ഏകദേശ രൂപം ഓരോ അദ്ധ്യായത്തിലും നമുക്കുണ്ടാകും. അതിനനുസരിച്ചുള്ള വിവരങ്ങൾ നമ്മുടെ നോട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും.

4) വായിച്ചെടുക്കാനും പഠിക്കാനും ഓർമ്മിച്ചെടുക്കാനുമുള്ള കഴിവുകൾ എങ്ങനെ

      മെച്ചപ്പെടുത്താം

വായന പല തരത്തിലുണ്ട്. വെറുതെ ഒരു പുസ്തകം കിട്ടിയാൽ നാം വായിക്കുന്നതും പരീക്ഷക്കായി ഒരു പുസ്തകം വായിക്കുന്നതും തമ്മിൽ വളരെയധികം അന്തരമുണ്ട്. പരീക്ഷക്കായി നാം വായിക്കുമ്പോൾ അതു തുടങ്ങുന്നതിനുമുൻപ് രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം: (1) എനിക്ക് എന്തെല്ലാം വിവരങ്ങളാണ് ഈ വായനയിലൂടെ കിട്ടേണ്ടത്? (2)ഈ പുസ്തകത്തിൽ നിന്നും എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും കിട്ടുമോ? ഈ രണ്ടു കാര്യങ്ങളും ഉറപ്പാണെങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾ വായിക്കാൻ പോകുന്ന അദ്ധ്യായം ഒന്ന് അവലോകനം ചെയ്തു നോക്കുകയാണ്. ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് വായിക്കാൻ പോകുന്നതെന്ന ഒരേകദേശധാരണ നിങ്ങൾക്കു കിട്ടും. അടുത്ത പടി ഇതിൽ ഏതെങ്കിലൂം വാക്കുകളോ, പദസമുച്ചയങ്ങളോ, ആവിഷ്ക്കാര രീതികളോ നിങ്ങൾക്ക് മനസ്സിലാകാത്തത് ഉണ്ടോ എന്ന് നോക്കുന്നതാണ്. ഉണ്ടെങ്കിൽ അവയുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിന് dictionary യുടെ സഹായം തേടാം. ഇങ്ങനെ ചെയ്യുന്നത് തുടർവായനക്ക് സഹായകരമാകും. ഇതിനുശേഷം പഠിക്കാനുദ്ദേശിക്കുന്ന ഭാഗം സാവധാനം നിർത്തി നിർത്തി വായിക്കുക. തന്റെ ശ്രദ്ധ പോകുന്നത് മനസ്സിലാക്കി തിരിച്ചുപിടിക്കാൻ ശ്രദ്ധിക്കുക. ശ്രദ്ധ പൂർണ്ണമായും പോകുന്നു എന്നു കണ്ടാൽ ഒരു ചെറിയ ഇടവേള എടുത്തശേഷം വീണ്ടും വായിക്കാൻ ശ്രമിക്കുക. കുറച്ചുഭാഗം വായിച്ചശേഷം കണ്ണുകളടച്ച് വായിച്ചഭാഗം ഭാവനയിൽ കാണാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങൾക്ക് എന്തൊക്കെ കിട്ടി, എന്തൊക്കെ വിട്ടുപോയി എന്ന് മനസ്സിലാക്കാൻ സാധിക്കും. വീണ്ടും ഒന്നുകൂടി ആഭാഗം വായിക്കുക. നിർത്തിയശേഷം നിങ്ങൾ വായിച്ച ഓരോ പാരഗ്രാഫിലും എന്തൊക്കെ കാര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറഞ്ഞുനോക്കുക. ഇതിൽ നിന്നും വായിച്ച കാര്യങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ നിങ്ങൾക്ക് ഉൾക്കൊള്ളാനായി എന്നൊരു ഏകദേശധാരണ കുിട്ടും. ഇനി നിങ്ങൾക്കുവേണ്ട ഭാഗത്തിന്റെ നോട്ട് തയ്യാറാക്കുക. നോട്ടു തയ്യാറാക്കാതെ പഠിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ വേണ്ട ഭാഗങ്ങൾ അടിവരയിടുകയോ ഹൈലൈറ്റ് ചെയ്യുകയോ ചെയ്യുക. പോയിന്റുകൾക്ക് നമ്പർ കൊടുത്തുവെയ്ക്കാം. വീണ്ടും വായിക്കുമ്പോൾ നമ്പറിട്ട പോയിന്റുകൾ ഓർത്തെടുക്കാനാകുന്നുണ്ടോ എന്ന് നോക്കുക. വിട്ടുപോയവ വീണ്ടും നോക്കി പഠിക്കുക. പഠിച്ചഭാഗങ്ങൾ സ്വന്തം വാക്യത്തിൽ പറഞ്ഞുനോക്കുന്നത് ഓർത്തെടുക്കുന്നതിന് സഹായകരമാകും. വായിച്ച ഭാഗത്തിൽ നിന്നും ഏതൊക്കെ തരത്തിൽ ചോദ്യങ്ങൾ ചോദിക്കാം എന്ന് വിലയിരുത്തിനോക്കുക. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം മാർക്കിനനുസരിച്ച് എങ്ങനെ എഴുതണമെന്ന് മനസ്സിൽ ആലോചിച്ച് ഉറപ്പിക്കുക. ചിത്രങ്ങൾ വരയ്ക്കേണ്ടവ ഏതൊക്കെ എന്ന് നോക്കി അടയാളപ്പെടുത്തേണ്ട ഭാഗങ്ങൾ എവിടെയൊക്കെയാണെന്നും ഏതൊക്കെയാണെന്നും ഭാവനയിൽ ഓർത്തെടുക്കാൻ ശ്രമിക്കുക. പരീക്ഷയിൽ ഉത്തരങ്ങൾക്കൊപ്പം ചിത്രങ്ങൾ നൽകാൻ സമയം അനുവദിക്കുമെങ്കിൽ ചെയ്യുന്നത് കൂടുതൽ ‘സ്കോർ’ ചെയ്യുന്നതിന് സഹായകരമാകും. ഇതിനായി ചിത്രങ്ങൾ ഇടയ്ക്ക് വരച്ചുനോക്കുന്നത് വേഗത്തിൽ ചിത്രം വരയ്ക്കുന്നതിനും പൂർത്തിയാക്കുന്നതിനും സഹായകരമാകും.

വായിക്കുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ചില കുറുക്കുവഴികൾ കണ്ടെത്താവുന്നതാണ്. ഉദാഹരണത്തിന് ചെറിയ ക്ലാസ്സിൽ ഏഴുനിറങ്ങൾ ഓർത്തെടുക്കാൻ VIBGIOR എന്ന് നമ്മൾ പഠിച്ചിട്ടില്ലേ. അതുപോലെ പാഠഭാഗങ്ങളിൽ ഓർത്തെടുക്കാൻപറ്റുന്നവയ്ക്ക് mnemonicsഎന്ന രീതിയിൽ ഉണ്ടാക്കി പഠിക്കാവുന്നതാണ്. പഠിച്ച ഭാഗങ്ങൾ സഹപാഠികളുമായി ചർച്ചചെയ്യുന്നതും അവർക്ക് പഠിപ്പിച്ചുകൊടുക്കുന്നതും എഴുതിനോക്കുന്നതുമൊക്കെ പഠിച്ചഭാഗങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ സഹായകരമാകും.

ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്തൊക്കെ ചെയ്യാം?

പഠനത്തിൽ മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കാൻ ശ്രദ്ധാപൂർവ്വമായ പ്രവർത്തികൾ അനിവാര്യമാണ്. മനസ്സിൽ നിന്ന് മറ്റ് അനാവശ്യ ചിന്തകളൊക്കെ മാറ്റിവെച്ച് ശ്രദ്ധ പഠനത്തിൽ മാത്രം കേന്ദ്രീകരിക്കാനായാൽ മാത്രമേ പഠനം മികവുറ്റതാക്കാനാകൂ. ഉദാഹരണത്തിന്, സൂര്യരശ്മികൾ ഒരു പേപ്പറിൽ പതിച്ചു എന്ന് വിചാരിച്ച് പേപ്പർ കത്തുന്നില്ല. പക്ഷെ സൂര്യരശ്മികളെ ഒരു ലെൻസ് ഉപയോഗിച്ച് ഒരു പേപ്പറിലേക്ക് കേന്ദ്രീകരിച്ചാൽ കുറച്ചു സമയത്തിനുള്ളിൽ അത് കത്തും. അതുപോലെ പലവിധ ചിന്തകളിൽ മുഴുകികൊണ്ട് പഠിക്കാനിരുന്നാൽ ഒന്നും തലയിൽ കയറില്ല. മറിച്ച് തന്റെ എല്ലാ മാനസിക കഴിവുകളേയും പഠനം എന്ന ഒരു ബിന്ദുവിലേക്ക് കൊണ്ടുവന്നാൽ മാത്രമേ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും വേണ്ട സമയത്ത് ഉപയോഗിക്കാനും കഴിയുകയുള്ളു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്തുനോക്കുക.

ശരിയായ ഉറക്കം: ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങാൻ സമയം കണ്ടെത്തുക. ഉറങ്ങി ഫ്രഷായിട്ട് ഉണരുന്ന ഒരാൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. തലച്ചോറിന് ആവശ്യത്തിന് വിശ്രമം നൽകുന്നതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമായിതീരും. ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിന് സഹായകരമാകും.

പതിവായ വ്യായാമം: തലച്ചോറിന്റെ പ്രവർത്തനത്തിന് രക്തത്തിൽ നിന്നും പോഷകങ്ങൾ സ്വീകരിക്കും. വ്യായാമം തലച്ചോറിലേക്കുള്ള രക്ത ഓട്ടം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ പോഷകങ്ങൾ ലഭ്യമാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഉദാ; യോഗ. ദിവസവും രാവിലെ എഴുന്നേറ്റാലുടൻ നിവർന്നിരുന്ന്  മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ ദീർഘശ്വാസം എടുത്ത് മറ്റേ ദ്വാരത്തിലൂടെ മുഴുവൻ പുറത്തു കളയുന്നത് തലച്ചോറിന് ധാരാളം ഓക്സിജൻ കൊടുത്ത് ഉണർവും ഉന്മേഷവും ഉണ്ടാക്കും.

ശ്രദ്ധ പതറാൻ സാധ്യത കുറഞ്ഞ ഒരു സ്ഥലം പഠനത്തിനായി തിരഞ്ഞെടുക്കുക:  ശ്രദ്ധ പതറാൻ സാധ്യതയുള്ള സ്ഥലങ്ങൾ, ഉദാ: ടി.വി കാണുന്ന മുറി, ഉറക്കെ പാട്ടുവെച്ചിരിക്കുന്ന സ്ഥലം, വീട്ടിലുള്ളവർ സംസാരിച്ചിരിക്കുന്ന സ്ഥലം, കുട്ടികൾ കളിക്കുന്ന സ്ഥലം ഇവയൊക്കെ പഠനത്തിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാകും ഉത്തമം. മറ്റ് ശബ്ദങ്ങൾ നമ്മുടെ ശ്രദ്ധയെ വഴിതെറ്റിക്കാത്ത ശാന്തമായ ഒരന്തരീക്ഷം പഠനത്തിനായി തിരഞ്ഞെടുക്കുക.

പഠന സമയം പലകാര്യങ്ങൾ ചെയ്യാതിരിക്കുക: പഠനസമയം അതിനായി മാത്രം ചിലവഴിക്കുക. അതിനിടയിൽ ഫോൺചെയ്യുക, മെസ്സേജ് അയയ്ക്കുക, ഒരു കണ്ണ് ടി.വിയിലും ഒരു കണ്ണ് ബുക്കിലുമായി പഠിക്കാൻ ശ്രമിക്കുക, ഇത്തരം  കാര്യങ്ങളൊക്കെ ഒഴിവാക്കുക. പഠനസമയം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഓഫ് ചെയ്ത് വെയ്ക്കുക. ഒരു സമയം ഒരു വിഷയം മാത്രം പഠിക്കാൻ ശ്രമിക്കുക.

പഠനസമയം മറ്റ് ചിന്തകൾ മനസ്സിൽ നിന്ന് മാറ്റി നിർത്തുക: പഠനസമയം മറ്റ് ചിന്തകൾ മനസ്സിനെ അലട്ടാതിരിക്കാൻ ശ്രദ്ധിക്കുക. പഠനസമയം അതിനായി മാത്രം ചിലവഴിക്കുക. ശ്രദ്ധ പതറിപ്പോകുന്നത് തിരിച്ചറിയാനും തിരിച്ചുപിടിക്കാനും പരിശീലിക്കുക. അമിതമായി മാനസിക പിരിമുറുക്കം ഉള്ളപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായിരിക്കും. നീണ്ട പഠനത്തിനിടയിൽ ചെറിയ ഇടവേളകൾ എടുക്കുക. കൂടുതൽ സമയം ഇരുന്നു പഠിക്കുമ്പോൾ ഇടയ്ക്ക് ചെറിയ ഇടവേളകൾ എടുക്കുന്നത് നന്നായിരിക്കും. 45-60 മിനിട്ടിലേറെ ശ്രദ്ധ ഒരേ പോയിന്റിൽ കേന്ദ്രീകരിക്കാൻ പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്ക് 10-15 മിനിട്ട് ഇടവേളകൾ എടുക്കുന്നത് നന്നായിരിക്കും. ഈ ഇടവേളകളിൽ ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൂടുതൽ ഉന്മേഷത്തോടെ പഠനത്തിലേക്ക് തിരിച്ചു വരുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രയോജനകരമായിരിക്കും. ഇടയ്ക്കുള്ള ചെറിയ ഇടവേളകൾ തലച്ചോറിനെ ‘refresh’ചെയ്യുന്നതിന് സഹായകരമാകും. എന്നാൽ ഇടവേളകളുടെ ദൈർഘ്യം നീണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക.

താല്പര്യത്തോടെ പഠിക്കുക: ആഗ്രഹിച്ച കോഴ്സിന് അഡ്മിഷൻ കിട്ടാത്തതുകൊണ്ട് പല കുട്ടികൾക്കും കിട്ടിയ കോഴ്സ് പഠിക്കേണ്ടി വരുന്ന അവസ്ഥ നമ്മുടെ നാട്ടിൽ വളരെ സാധാരണമാണ്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയും മറ്റ് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടുമൊക്കെ പലർക്കും ഇങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ടാകാം. അതിനാൽ പഠനത്തിലുള്ള താല്പര്യം ഇക്കൂട്ടർക്ക് കുറയാൻ സാധ്യതയുണ്ട്. പക്ഷെ, ഒന്നോർക്കുക, ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാൻ നമ്മൾ നിർബന്ധിതരായിത്തീരാറുണ്ട്. ഇതിൽ നിരാശരാകാതെ കിട്ടിയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി അതിൽ മുൻനിരയിലെത്താനാണ് നാം ശ്രമിക്കേണ്ടത്. താല്പര്യമില്ലാതെ പഠിക്കാനിരുന്നാൽ നമുക്ക് പെട്ടെന്ന് ബോറടിക്കാൻ തുടങ്ങും. അപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. അതുകൊണ്ടുതന്നെ പഠനം കൂടുതൽ ബുദ്ധിമുട്ടേറിയതാകും. പഠിച്ചത് ഓർത്തെടുക്കാൻ പ്രയാസമായിത്തീരും. അതുകൊണ്ടുതന്നെ താല്പര്യത്തോടെ പഠിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക.

പ്രഭാതഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക: പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണമാണ്. അത് ഒഴിവാക്കാതിരിക്കുക. രാത്രി ഭക്ഷണത്തിനുശേഷം 8 മണിക്കൂറിലേറെ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ കുറച്ച് മന്ദീഭവിപ്പിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ ഈ കുറവ് പരിഹരിക്കപ്പെടുകയും തലച്ചോറ് കൂടുതൽ പ്രവർത്തനോന്മുഖമാകുകയും ചെയ്യും. പല കുട്ടികളും സമയം കിട്ടുന്നില്ല എന്നു പറഞ്ഞ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പതിവാണ്. ഇതിലൂടെ സ്വന്തം പ്രവർത്തനക്ഷമത കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി പ്രഭാതഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം, സമയം കണ്ടെത്തണം.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വ്യായാമമുറകൾ:  ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകരമാകുന്ന യോഗ പോലുള്ള വ്യായാമമുറകൾ പരിശീലിക്കുന്നത് നന്നായിരിക്കും.

5) പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ

പരീക്ഷാപേടി പല കുട്ടികളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇതിനുകാരണമാകുന്നത് താൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്ന ആത്മവിശ്വാസമില്ലായ്മയാണ്. ആത്മവിശ്വാസം ഉണ്ടാകണമെങ്കിൽ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തേ തന്നെ തുടങ്ങണം. പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്കുമുൻപ് പഠിച്ചുതുടങ്ങുമ്പോൾ എല്ലാം കൂടി ഉൾക്കൊള്ളാനാകാതെ കുഴങ്ങുകയാണ് പലരും ചെയ്യുന്നത്. പരീക്ഷകളെ ധൈര്യമായി അഭിമുഖീകരിക്കാൻ ആദ്യം ഏതു തരത്തിലുള്ള ചോദ്യങ്ങളാണോ പരീക്ഷയ്ക്ക് വരുന്നത് അത് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളായിരിക്കണം നടത്തേണ്ടത്. പല കുട്ടികളും multiple choice ചോദ്യങ്ങൾ താരതമ്യേന എളുപ്പമുള്ളവയായിട്ടാണ് പരീക്ഷയ്ക്ക് കണക്കാക്കുന്നത്. തന്നിരിക്കുന്ന ഉത്തരങ്ങളിൽ ഒരെണ്ണം ശരിയാണെന്ന് ഉറപ്പുണ്ടെങ്കിലും അത് കണ്ടെത്തുന്നത് അത്ര നിസ്സാരമായി എടുക്കരുത്.പരീക്ഷയ്ക്ക് പഠനസമയത്തുതന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ പെട്ടെന്ന് ശരി ഉത്തരങ്ങൾ കണ്ടെത്താനാകും. Multiple choice questions പഠിക്കുന്ന സമയത്തുതന്നെ അങ്ങനെയുള്ല ചോദ്യങ്ങൾക്ക് സാധ്യതയുള്ള കാര്യങ്ങൾ ഓരോ chapterലും സ്വയം ഉണ്ടാക്കി ഉത്തരം കണ്ടുപിടിക്കണം, പ്രത്യേകം കുറിച്ചു വെയ്ക്കണം. പലപ്പോഴും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ വളരെ കുുറച്ച് സമയം മാത്രമേ ലഭ്യമാകുകയുള്ളൂ. ഉത്തരങ്ങളുടെ സാമ്യത പലപ്പോഴും നമ്മെ കുഴപ്പത്തിലാക്കുകയും ചെയ്യും. ക്ലാസ്സെടുക്കുമ്പോൾ അദ്ധ്യാപകൻ ഊന്നൽ കൊടുത്ത കാര്യങ്ങൾ പ്രത്യേകം നോട്ടുചെയ്ത് വെയ്ക്കണം. പാഠഭാഗത്തിൽ ഒരു പുതിയ വാക്കോ നിർവ്വചനമോ ഉണ്ടെങ്കിൽ അത് പ്രത്യേകം ശ്രദ്ധിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരം ചോദ്യോത്തരങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്യുന്നതും നേരത്തേ നടത്തിയിട്ടുള്ള പരീക്ഷകളിലെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതും സഹായകരമാകും. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് ചോദ്യത്തിനുതാഴെയുള്ള ‘options’ മറച്ചുവെച്ചിട്ട് ചോദ്യം വായിക്കുക. ഉത്തരം ആലോചിച്ചതിനുശേഷം താഴെ കൊടുത്തിട്ടുള്ള ഉത്തരങ്ങൾ നോക്കിയാൽ ശരിയുത്തരത്തിൽ എത്താൻകൂടുതൽ എളുപ്പമായിരിക്കും. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെഴുതുമ്പോൾ സമയം ഒരു പ്രധാന ഘടകമാണെന്ന് ഓർക്കുക. അതുകൊണ്ടുതന്നെ ഒരുത്തരം കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നെങ്കിൽ അതിനുവേണ്ടി അധികസമയം ചിലവഴിക്കാതെ അടുത്ത ചോദ്യത്തിലേയ്ക്ക് പോകുക. അവസാനം സമയം കുിട്ടുന്നെങ്കിൽ അങ്ങനെ വിട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. പലപ്പോഴും സംഭവിക്കുന്നത് ഇത്തരം ചോദ്യങ്ങൾക്കുവേണ്ടി കൂടുതൽ സമയം ചിലവഴിച്ചശേഷം കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ എഴുതാൻ കഴിയാതെ വരുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ പരീക്ഷകളിൽ ഓരോ ചോദ്യങ്ങൾക്കും എത്ര സമയം വിനിയോഗിക്കാനാകും എന്നതിനെക്കുറിച്ച് ഒരേകദേശ ധാരണയോടുകൂടി വേണം ഉത്തരമെഴുതാൻ. അതുപോലെതന്നെ ചില കുറുക്കുവഴികളിലൂടെ ഉത്തരം കണ്ടെത്താൻ പലരും ശ്രമിക്കാറുണ്ട്. പക്ഷേ അത് ശരിയാകണമെന്നില്ല.

Short answer questions ന് ഉത്തരം എഴുതേണ്ടതെങ്ങനെയെന്നു നോക്കാം. ഇത്തരം ചോദ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എഴുതണം. കാരണം, പല കുട്ടികളും ഇത്തരം ചോദ്യങ്ങൾക്ക് വളരെ നീണ്ട ഉത്തരങ്ങൾ എഴുതാറുണ്ട്. വളരെ നിശ്ചിതമായ ഉത്തരങ്ങൾ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് പ്രതീക്ഷിക്കൂ. ഇത്തരം ചോദ്യങ്ങളിൽതന്നെ ഉത്തരം എങ്ങനെയാണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ സൂചന ഉണ്ടാകും. ഉദാ: define………… തീർച്ചയായിട്ടും നിർവ്വചിച്ച് എഴുതേണ്ടതാണ്. List……. ഇവിടെ ചോദ്യകർത്താവ് ഉദ്ദേശിച്ചിരിക്കുന്നത് ഒരു പ്രത്യേക കാര്യത്തിന് കാരണമാകുന്നവയെല്ലാം point  ആയി എഴുതാനാണ്. Compare……. രണ്ടു കാര്യങ്ങളെ താരതമ്യപ്പെടുത്താനാണ് പറഞ്ഞിരിക്കുന്നത്. ഉത്തരത്തിൽ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ചോദ്യത്തിന് ഉപവിഭാഗം വല്ലതും ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ചോദ്യങ്ങൾക്ക് മാർക്കിനനുസരിച്ചു വേണം ഉത്തരം എഴുതാൻ. 2 മാർക്കിനാണ് എഴുതേണ്ടതെങ്കിൽ അര പേജുമുതൽ മുക്കാൽപേജുവരെ എഴുതാം. 5 മാർക്കിനാണ് എഴുതേണ്ടതെങ്കിൽ ഉത്തരം ഒന്നരപേജുവരെ ആകാം. Short answer ചോദ്യങ്ങൾ essay പോലെ എഴുതിയാൽ അവസാനം essay എഴുതാൻ സമയം ഉണ്ടാകില്ല എന്നോർക്കുക. ആകെ പരീക്ഷ സമയത്തിൽ എത്ര സമയം ഓരോ ചോദ്യങ്ങൾക്കും നൽകാനുണ്ടാകും എന്ന് കണക്കുകൂട്ടിവെച്ച് വേണം ഉത്തരം എഴുതാൻ. ഉദാഹരണത്തിന് 6 ചോദ്യങ്ങൾക്ക് അര മണിക്കൂറിനുള്ളിൽ ഉത്തരമെഴുതണമെങ്കിൽ 5 മിനിട്ടിലേറെ ഓരോ ചോദ്യത്തിനും ചിലവഴിക്കരുത്.

Essay questions: ഇത്തരം ചോദ്യങ്ങൾ സാധാരണ ഏറ്റവും അവസാനമായിരിക്കും കാണപ്പെടുക. സമയം ആലോചിച്ച് ക്രമപ്പെടുത്തി എഴുതിയില്ലെങ്കിൽ ഏറ്റവും കൂടുതൽ മാർക്ക് കൊടുത്തിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമറിയാമെങ്കിൽപോലും ആവശ്യത്തിനു സമയമില്ലാത്തതിനാൽ എഴുതാൻ കഴിയാതെ വരുന്ന അവസരങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഇത്തരം ചോദ്യങ്ങൾക്ക് വെറുതെ കുറേ കാര്യങ്ങൾ വലിച്ചുവാരി എഴുതുകയല്ല വേണ്ടത്. ഉത്തരത്തിന് ഒരു ആമുഖമുണ്ടാകണം (introduction) അതിനുശേഷം പ്രധാനമായും ഉൾപ്പെടുത്തേണ്ട 4-5 ഖണ്ഡിക(paragraph) എങ്കിലും ഉണ്ടാകണം. ഓരോ ഖണ്ഡികയിലും ഒരു പ്രധാന ആശയമെങ്കിലും അടിവരയിട്ട് എഴുതണം. അവസാനം ഉപസംഹാരവും (conclusion) ഉണ്ടായിരിക്കണം. ഉപന്യാസമെഴുതുമ്പോൾ കുറഞ്ഞത് മൂന്നുപേജ് എങ്കിലും ഉണ്ടായിരിക്കണം. വളരെയധികം പേജുകൾ എഴുതികൊണ്ടിരുന്നാൽ സമയം തികയാതെ ചില ചോദ്യങ്ങൾ എഴുതാതെ വിടേണ്ടിവരും എന്നോർക്കുക.ഇവിടെയും നിശ്ചിത സമയത്തിനുള്ളിൽ എഴുതേണ്ട പോയിന്റുകൾ ക്രമപ്പെടുത്തി എഴുതുന്ന ശീലം ഉണ്ടാക്കിയെടുക്കണം. ഇത്തരം ഉത്തരങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ എഴുതാൻ നേരത്തേ പരിശീലിക്കുന്നത് പരീക്ഷയ്ക്ക് പെട്ടെന്ന് ഉത്തരമെഴുതാൻ സഹായകരമാകും. ചില വിദ്യാർത്ഥികൾ ചോദിക്കാറുണ്ട് ഉപന്യാസത്തിന് സമയം തികയാതെ വന്നാൽ പോയിന്റുകൾ മാത്രം എഴുതിയാൽ മതിയോ എന്ന്. പോരാ എന്നാണ് ഉത്തരമെങ്കിലും, ഓർക്കുക ഒന്നുമെഴുതാതെ ഒരു ചോദ്യം വിട്ടുകളയുന്നതിലും ഭേദമാണ് ശരിയായ പോയിന്റുകളെങ്കിലും എഴുതുന്നത്.

പരീക്ഷപേടി എങ്ങനെ ഒഴിവാക്കാം

പരീക്ഷാപേടി തോന്നാത്തവർ ആരും ഉണ്ടാകില്ല. ഇത് വളരെ സാധാരണമായി എല്ലാവർക്കും തോന്നുന്നതാണ്. പക്ഷേ, ചില കുട്ടികൾക്ക് ഇത് അമിതമായി തോന്നുകയും അത് പരീക്ഷ എഴുതുന്നതിനുതന്നെ തടസ്സമാകുകയും ചെയ്യാറുണ്ട്. ഇത്തരക്കാർക്ക് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണ്. പലപ്പോഴും പഠന പ്രശ്നങ്ങളാണ് പരീക്ഷാപേടിയിലേയ്ക്ക് നയിക്കുന്നത്. ചിട്ടയായ ഒരു പഠനരീതിയില്ലാതെയിരിക്കുക, ഒരു വർഷം മുഴുവൻ പഠിക്കുന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പഠിച്ച് പരീക്ഷ എഴുതാൻ ശ്രമിക്കുക, സമയം കൃത്യമായി വിഭജിച്ച് ഓരോ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രമിക്കാതിരിക്കുക, നിശ്ചിത സമയത്തിനുള്ളിൽ എഴുതിത്തീർക്കാൻ കഴിയാതിരിക്കുക ഇവയൊക്കെ പരീക്ഷാപേടി ക്ഷണിച്ചുവരുത്തിയേക്കാം. താല്പര്യമില്ലാത്ത വിഷയങ്ങൾ മാതാപിതാക്കളുടേയോ മറ്റുള്ളവരുടേയോ നിർബന്ധത്തിനു വഴങ്ങി സ്വയം താല്പര്യമില്ലാതെ പഠിക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരാറുണ്ട്. പ്രയാസമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടത്ര സമയം ചിലവഴിക്കാത്തതും സഹപാഠികളോടോ കൂട്ടുകാരോടോ അദ്ധ്യാപകരോടോ  ചോദിച്ച് സംശയനിവാരണം വരുത്താതെ പരീക്ഷയെ അഭിമുഖീകരിക്കാൻ ശ്രമിക്കുമ്പോഴുമൊക്കെ ഈ പ്രശ്നം കൂടുതലായികണ്ടുവരാറുണ്ട്. പരീക്ഷാപേടി ക്രമാതീതമാകുമ്പോൾ അമിതമായ ഉത്കണ്ഠ, ടെൻഷൻ, ഭയം എന്നിവ പ്രകടിപ്പിക്കുകയും പഠിച്ചതെല്ലാം മറന്നുപോയതായി തോന്നുകയും ഉണ്ണാനും ഉറങ്ങാനുമൊന്നും കഴിയാതാകുകയും വരെ ചെയ്യുന്ന കുട്ടികളുണ്ട്. മറ്റു ചിലർക്കാകട്ടെ നെഞ്ചിടിപ്പ് വർദ്ധിക്കുക, തൊണ്ട വറ്റി വരണ്ടുപോകുക, ശ്വാസഗതി വർദ്ധിക്കുക, വിയർക്കുക, കൈകാലുകൾ തണുക്കുക, കൂടെകൂടെ മൂത്രമൊഴിക്കാൻ തോന്നുക, വയറിളകുക തുടങ്ങിയ പ്രശ്നങ്ങൾ വരെ പ്രകടിപ്പിക്കാറുണ്ട്. ഇതിനൊക്കെ ഇടയാക്കുന്ന പ്രധാന പ്രശ്നം പലപ്പോഴും ശരിയായ ഒരു പഠനരീതി അവലംബിച്ചിട്ടില്ല എന്നതുതന്നെയായിരിക്കും. കോഴ്സിന്റെ തുടക്കത്തിൽ തന്നെ ചിട്ടയായ ഒരു പഠനരീതി അവലംബിച്ചാൽ പരീക്ഷാപേടി നമുക്ക് ഒഴിവാക്കാനാകും. അന്നന്നുള്ള പാഠഭാഗങ്ങൾ അന്നന്നുതന്നെ പഠിക്കുന്നത് പാഠഭാഗങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ സഹായകരമാകും. പക്ഷേ അതിന് സമയം കിട്ടില്ല എന്നതാണ് പലരുടേയും പരാതി. സമയവിനിയോഗം ഒരല്പം ഔചിത്യപൂർവ്വം ആസൂത്രണം ചെയ്താൽ ഇത് ഒഴിവാക്കാവുന്നതേയുള്ളൂ. പഠനത്തിനു മാത്രമല്ല വിനോദത്തിനും, കളികൾക്കുമൊക്കെ സമയം കണ്ടെത്താൻ നേരത്തേ ആസൂത്രണം ചെയ്താൽ പറ്റും. അതുകൊണ്ടുതന്നെ നടപ്പാക്കാനാകുന്ന തരത്തിൽ ഒരു ടൈംടേബിൾ പ്രവർത്തി ദിവസങ്ങൾക്കും അവധി ദിനങ്ങൾക്കും ഉണ്ടാക്കിയെടുക്കുക. അത് നടപ്പാക്കാൻ പരമാവധി ശ്രമിക്കുക. അന്നന്നു പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ കഴിവതും ഒരു തവണയെങ്കിലും അന്നുതന്നെ വായിച്ചുനോക്കാൻ സമയം കണ്ടെത്തുക. സാധാരണ ഗതിയിൽ ഒരു അദ്ധ്യായം പഠിപ്പിച്ചുതീർക്കാൻ അദ്ധ്യാപകൻ അഞ്ചുദിവസം സമയമെടുക്കുമെന്ന് വിചാരിക്കുക. ഈ അഞ്ചുദിവസവും ഈ പാഠഭാഗം വായിക്കുകയാണെങ്കിൽ പിന്നെ വരുന്ന അവധി ദിവസത്തിൽ അത്രയും ഭാഗം പഠിച്ചുതീർക്കുന്നത് വളരെ എളുപ്പമായിരിക്കും. അതുപോലെ തന്നെ അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനുമുൻപ് ആ പാഠഭാഗം ഒന്നു വായിച്ചുനോക്കുന്നത് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കുന്നതിന് സഹായകരമാകും. പഠനത്തിന് ദൈനംദിന കലണ്ടർ ഉണ്ടാക്കുന്നതുപോലെ അവധി ദിവസങ്ങളിലേയ്ക്ക് ഒരു ‘revision calendar’ ഉണ്ടാക്കുന്നത് ഒരാഴ്ച പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചുതീർക്കുന്നതിന് സഹായകരമാകും. ഇങ്ങനെ അടുക്കും ചിട്ടയുമായി പഠിച്ചാൽ പഠിച്ച കാര്യങ്ങൾ മറക്കാതിരിക്കും. പഠിക്കാൻ പ്രയാസമായിതോന്നുന്ന വിഷയങ്ങളും പാഠഭാഗങ്ങളും പിന്നീടുപഠിക്കാമെന്ന് വിചാരിച്ച് മാറ്റിവെയ്ക്കരുത്. ഏറ്റവും ‘fresh’ ആയിരിക്കുന്ന സമയം ഇത്തരം വിഷയങ്ങൾ പഠിക്കാനായി മാറ്റിവെയ്ക്കണം. ഏതു സമയത്താണോ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നത് ആസമയം വേണം ഇതിനായി മാറ്റിവെയ്ക്കേണ്ടത്. പഴയ ചോദ്യപേപ്പറുകൾക്ക് സമയബന്ധിതമായി ഉത്തരം എഴുതി പഠിക്കുന്നത് നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതി തീർക്കുന്നതിന് സഹായകരമാകും. ചിട്ടയായി പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷാപേടി വരാനുള്ള സാധ്യത കുറവാണ്. 100% എല്ലാം പഠിക്കാനും പഠിച്ചത് ഓർക്കാനും ആർക്കും സാധിക്കില്ല എന്നോർക്കുക. പഠിച്ചുതീർന്നില്ല എന്നോർത്ത് മനസ്സ് അസ്വസ്ഥമാക്കാതെ ശാന്തമായി പരീക്ഷയെ നേരിടാൻ ശീലിക്കുക. പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കുന്ന ശീലം പല കുട്ടികൾക്കും ഉണ്ട്. അതുപോലെ പരീക്ഷാദിവസം ഭക്ഷണം കഴിക്കാതിരിക്കുന്നവരും കുറവല്ല. ഒഴിവാക്കേണ്ട രണ്ട് ശീലങ്ങളാണിവ. ചിട്ടയായ പഠനത്തോടൊപ്പം ആവശ്യത്തിന് ഉറങ്ങാനും (6 മണിക്കൂറെങ്കിലും), വ്യായാമം ചെയ്യാനും (അര മണിക്കൂറെങ്കിലും) വിനോദത്തിനും പോഷകാഹാരം കഴിക്കാനും ശ്രദ്ധിച്ചാൽ ശാന്തമായി പരീക്ഷകളെ നേരിടാനും ഉന്നതവിജയം നേടാനും എല്ലാ കുട്ടികൾക്കും കഴിയും. അമിതമായി ടെൻഷൻ തോന്നുന്നവർ ചില relaxation exercise പരിശീലിക്കുന്നത് നന്നായിരിക്കും.

 

തയ്യാറാക്കിയത് : ഡോ. ലീന സുമരാജ്



Leave a Reply