- October 16, 2020
- Posted by: Caring
- Category: Parenting
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷം ഒരു ദശലക്ഷം ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നറിയുന്നത് വേദനാജനകമാണ്. ഇതിന്റെ ഇരുപതിലിരട്ടി ആളുകൾ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു, ചെറുപ്പക്കാരുടെ ഇടയിലെ മരണകാരണം പരിശോധിച്ചാൽ മൂന്നാംസ്ഥാനം ആത്മഹത്യക്കാണെന്ന് കാണാം. യുവാക്കളിൽ ആത്മഹത്യാപ്രവണത വർദ്ധിച്ചുവരുന്നതായാണ് പൊതുവെ കണ്ടു വരുന്നത്. ആത്മഹത്യകൾ തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എല്ലാവർഷവും സെപ്തംബർ 10 ലോക ആത്മഹത്യ തടയൽ ദിനമായി ആചരിച്ചുവരുന്നത്. ആത്മഹത്യ എന്ന വാക്കിനുതന്നെ ഒരു stigma ധാരാളമായുണ്ട്. ഇതിനെപറ്റി ചർച്ചചെയ്താൽ ആത്മഹത്യക്ക് പ്രേരണയാകും എന്നൊരു വലിയ തെറ്റിദ്ധാരണ നമ്മുടെ ഇടയിലുണ്ട്. ഈ ലക്ഷ്യം നേടേണ്ടത് മൂന്ന് പ്രായോഗിക മാർഗ്ഗങ്ങളിൽ കൂടിയാണ്.
- ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന മാനസിക അസുഖങ്ങൾ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക – മരുന്നിന്റെയും കൗൺസലിംഗിന്റെയും സഹായത്തോടെ.
- ഒരു പ്രശ്നം വന്നാൽ കിട്ടാവുന്ന support service കളെ പറ്റി ബോധവത്കരണം നൽകുക.
- ആത്മഹത്യയിലേയ്ക്ക് നയിക്കാവുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ആർക്കും എപ്പോഴും ഉണ്ടാകാമെന്നും അത് തടയാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കോളേജ് മാനേജ്മെന്റിനും ഉത്തരവാദിത്വമുണ്ടെന്ന് ബോധ്യപ്പെടുത്തുക.
ആത്മഹത്യയിലേയ്ക്ക് നയിക്കാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ
സ്കൂൾ / കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിക്കേണ്ടതും വേണ്ട പരിഹാരം തേടേണ്ടതും അവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ വെച്ചുതന്നെയാണ്. ഇതിനായി ഓരോ കോളേജിലേയും രണ്ട് അദ്ധ്യാപകർക്ക് ഒരു വർഷം രണ്ട് ദിവസം വീതം മൂന്ന് തവണ പ്രത്യേക പരിശീലനം കൊടുക്കുന്ന ഒരു പദ്ധതി KUHS തുടങ്ങിയിട്ടുണ്ട്. ഈ വർഷം നഴ്സിംഗ് വിദ്യാർത്ഥികൾക്കും അടുത്തവർഷം മറ്റു കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതാണ്. അവരവരുടെ മാനസികാരോഗ്യം സ്വയം വിലയിരുത്തുന്നതിനായി ഏഴ് ചോദ്യങ്ങൾ അടങ്ങിയ ലഘുവായ Teen Screen Questions – Mental Health എന്ന validate ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള ലഘുവായ ഒരു ചോദ്യാവലി KUHS എല്ലാ വിദ്യാർത്ഥികൾക്കും എത്തിക്കുന്നതാണ്. ഇത് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകരെ കാണിച്ച് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്താവുന്നതാണ്. (പക്ഷെ ആരേയും കാണിക്കാൻ നിങ്ങൾ ബാധ്യസ്ഥരല്ല) താഴെ പറയുന്ന ഏതെങ്കിലും മാനസിക പ്രശ്നത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് സംശയം തോന്നിയാൽ പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകർ നിങ്ങൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതാണ്. അവർ ഈ കാര്യങ്ങൾ വളരെ രഹസ്യമായി വെയ്ക്കും എന്നും മറ്റാരോടും ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുകയില്ല എന്നും ഉറപ്പു നൽകിയിട്ടുണ്ട്. താഴെ പറയുന്ന മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, കൂടുതൽ പരിശോധന ആവശ്യമുണ്ട് എന്നു തോന്നിയാൽ, ഏറ്റവും അടുത്ത് നമുക്ക് വിശ്വാസമുള്ള ഒരു മനശാസ്ത്രജ്ഞനെയോ മാനസികരോഗവിദഗ്ദനെയോ കാണാനുള്ള സൗകര്യവുംഅവർ തന്നെ ചെയ്തു തരുന്നതാണ്.
ദേഷ്യം വരാത്ത, മോഹം ഭംഗം വരാത്ത ആരെങ്കിലുമുണ്ടോ? എന്നെങ്കിലും എപ്പോഴെങ്കിലും ഒക്കെ നമുക്കെല്ലാം ഉണ്ടായിട്ടുണ്ട്. അതൊരു മാനസികാരോഗ്യ പ്രശ്നമല്ല. എപ്പോഴാണ് അത് ഒരു പ്രശ്നമാകുന്നത് :
- കാരണത്തിന് അതീതമായി ഉത്കണ്ഠയോ വിഷാദമോ ഉണ്ടാകുക
- അതോടൊപ്പം ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുക
- ശാരീരിക അസ്വാസ്ഥ്യം മൂലം നമുക്ക് ദൈനംദിന പ്രവർത്തികൾ ചെയ്യാൻ പറ്റാതിരിക്കുക
വിഷാദരോഗം ആത്മഹത്യയിലേക്ക് നയിക്കാമെന്ന് ഒട്ടുമുക്കാലും എല്ലാവർക്കും അറിയാമെങ്കിലും അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് anxiety disorders എന്ന് നാം പ്രത്യേകം ഓർക്കണം. അതുകൊണ്ടു തന്നെ ഇവ രണ്ടിനെപറ്റിയും കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
Anxiety disorders
ഉത്ക്കണ്ഠ കൂടുതലുള്ളവർക്ക് ഉണ്ടാകുന്ന പ്രധാന ശാരീരിക അസ്വാസ്ഥ്യങ്ങൾ നെഞ്ചിടിപ്പ് കൂടുക, വിയർക്കുക, വെപ്രാളം വരുക തുടങ്ങിയവയാണ്. ഇതൊക്കെ ആർക്കും വരാമെങ്കിലും കൂടെകൂടെ കൂടുതൽ കാലം വരുക, സഹിക്കാൻ പ്രയാസമായി തീരുക തുടങ്ങിയവ രോഗലക്ഷണങ്ങളാകാം.
Anxiety disorders പല തരത്തിലുണ്ട്.
- Generalized anxiety disorder: ഇതിന്റെ ലക്ഷണം ഉത്ക്കണ്ഠ നമ്മുടെ മുഖമുദ്ര ആകുന്നു എന്നതാണ്. എല്ലാ കാര്യത്തിനും പഠിത്തത്തിലും കളിയിലും മറ്റു കാര്യങ്ങളിലും ഏതവസരത്തിലും ഇതുമൂലം എപ്പോഴും ടെൻഷൻ, തലവേദന, ക്ഷീണം, ഛർദ്ദി, ഓക്കാനം എന്നിവ ഒരു മെഡിക്കൽ കാരണവുമില്ലാതെ
ഉണ്ടാകുക, അതുമൂലം ജീവിതം ദുസ്സഹമാകുക, പഠനത്തെ കാര്യമായി ബാധിക്കുക. - Post-traumaticstress disorder: നമ്മെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവം വ്യക്തി ജീവിതത്തിലോ കൂട്ടുകാരിലോ കുടുംബത്തിലോ കോളേജിലോ ഉണ്ടാകുക, അതുകണ്ടുനിൽക്കുന്ന ഒരു സാഹചര്യം ഉണ്ടാകുക, ഇതു കഴിഞ്ഞാൽ എത്ര വിചാരിച്ചാലും ആ സംഭവം മറക്കാൻ പറ്റാതിരിക്കുക, മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തലയിലേയ്ക്ക് ഇടിച്ചു കയറുക, തൻമൂലം ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുക, നമ്മുടെ ദിനചര്യയെ സാരമായി ബാധിക്കുക.
- Obsessive Compulsive Disorder: ചിന്തകളിൽ obsession നും പ്രവർത്തികളിൽ compulsion ഉം ഉണ്ടാകുന്നതിനാൽ ചില പ്രത്യേക കാര്യങ്ങൾ അനിയന്ത്രിതമായി ആവർത്തിച്ചു ചെയ്തുകൊണ്ടിരിക്കുന്ന ഒരവസ്ഥ ചിലരിൽ ഉണ്ടാകാറുണ്ട്. ഇതുമൂലം അമിതമായ ഉത്ക്കണ്ഠ ഉണ്ടാകുകയും ദൈനംദിന പ്രവർത്തികളെയും സാമൂഹിക ജീവിതത്തെയും ബാധിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.
- Phobia: സാധാരണഗതിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലാത്ത ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒരു വസ്തുവിനോടുള്ള അകാരണമായ ഭയമാണ് ഫോബിയയിൽ ഉണ്ടാകുന്നത്. ഇതുമൂലം ദൈനംദിന ജീവിതചര്യകൾ ചെയ്യുന്നതിനും പഠനത്തിനും ജോലിയിൽ ഏർപ്പെടുന്നതിനു മൊക്കെ പ്രശ്നമുണ്ടാകുമ്പോഴാണ് ഇതിന് ചികിത്സ ആവശ്യമായി വരുന്നത്.
- Depression: സങ്കടമുണ്ടാകുമ്പോഴും നിരാശ ഉണ്ടാകുമ്പോഴും പരാജയം ഉണ്ടാകുമ്പോഴും വിഷാദം തോന്നുന്നത് വളരെ സാധാരണമായ ഒരവസ്ഥയാണ്. പക്ഷെ കാരണത്തിനതീതമായി വിഷാദം തോന്നുകയും ഇതിനോടനുബന്ധിച്ച് ശാരീരിക അസ്വാസ്ഥ്യങ്ങൾ തോന്നുകയും അത് രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുകയും അത് നമ്മുടെ ദൈനംദിന പ്രവർത്തികളെ ബാധിക്കുകയും ചെയ്യുമ്പോഴാണ് അതൊരു പ്രശ്നമാകുന്നത്. ഏറ്റവും പ്രധാനപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കകൂടുതൽ, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിത വിശപ്പ്, ഇന്നലെവരെ ആസ്വദിച്ചിരുന്ന ഒരു കാര്യങ്ങളിലും താൽപ്പര്യമില്ലായ്മ എന്നിവയാണ്. ഇതോടൊപ്പം ഒരു നിസ്സഹായാവസ്ഥ തോന്നുകയും പ്രതീക്ഷകൾ ഇല്ലാതായി തീരുകയും തന്നെ ഒന്നിനും കൊള്ളില്ല,താൻ ജീവിച്ചിരുന്നിട്ട് ഒരു പ്രയോജനവുമില്ല എന്ന തോന്നൽ തുടർച്ചയായി ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും ഒരു മന:ശാസ്ത്ര വിദഗ്ദന്റെ സേവനം തേടേണ്ടതാണ്. ഈ ലക്ഷണങ്ങൾ ഉണ്ടാകുന്ന വ്യക്തിയ്ക്ക് ആത്മഹത്യാ പ്രവണത തോന്നാനുള്ള സാധ്യതയും കൂടുതലാണ്. കൗമാരപ്രായക്കാരിൽ വിഷാദരോഗ ലക്ഷണങ്ങൾ പഠന പ്രശ്നങ്ങൾക്കും ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനും വീട് വിട്ട് ഓടിപോകുന്ന സാഹചര്യത്തിനും ഒക്കെ ഇടയാക്കാറുണ്ട്. പ്രേമനൈരാശ്യം പോലുള്ള പ്രശ്നങ്ങളും കൗമാരപ്രായക്കാരിൽ വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. ചില മരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗവും വിഷാദരോഗത്തിലേയ്ക്ക് നയിക്കാറുണ്ട്.
- Suicidal ideation: ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ ആത്മഹത്യ ഒരു ‘പരിഹാര’മായി ചിലർ തിരഞ്ഞെടുക്കാറുണ്ട്. പരിഹാരം കണ്ടെത്താൻ ആകാത്ത ഒന്നിലധികം പ്രശ്നങ്ങൾ ഒന്നിച്ചു വരുമ്പോഴാണ് ഈ പ്രവണത കൂടുതലായി ഉണ്ടാകുന്നത്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്ത 90 ശതമാനം പേർക്കും വിഷാദരോഗ ലക്ഷണങ്ങളോ മറ്റ് മാനസിക ആരോഗ്യ പ്രശ്നങ്ങളോ അമിതമായി ലഹരി വസ്തുക്കളുടെ ഉപയോഗമോ ഉണ്ടായിരുന്നുവെന്നാണ്. വളരെ അടുത്ത ഒരു ബന്ധം ഇല്ലാതായി പോകുമ്പോഴും ശാരീരികവും മാനസികവും ലൈംഗികവും ആയ അതിക്രമങ്ങളുണ്ടാകുമ്പോഴും മാതാപിതാക്കളുടെ വിവാഹമോചനം, മരണം എന്നിവ ഉണ്ടാകുമ്പോഴും ഒക്കെ കുട്ടികളിൽ ആത്മഹത്യാപ്രവണത ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യ – കാരണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും
(ഡോ. വിധുകുമാർ, അഡീഷണൽ പ്രൊഫസർ, മാനസിക ആരോഗ്യ വിഭാഗം, മെഡിക്കൽ കോളേജ്, തിരുവനന്തപുരം.)
ദുർഘടമായ പ്രശ്നങ്ങൾ നേരിടാൻ കഴിയാതെ സ്വീകരിക്കപ്പെടുന്ന ഒരു ഉപായമാണ് ആത്മഹത്യ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതിൽ നേരിയ സത്യമുണ്ടെങ്കിലും ലളിതവത്കരിച്ച വീക്ഷണമാണിത്. മറിച്ച് ആത്മഹത്യ വളരെയധികം സങ്കീർണ്ണമായ ഒരു ശൃംഖലയുടെ പരിണതഫലമാണ്. ഈ ശൃംഖലയുടെ കണ്ണികൾ എന്തൊക്കെയെന്ന് നോക്കാം.
ആത്മഹത്യയ്ക്ക് ഒരു ജനിതകസ്വഭാവമുണ്ടെന്ന് ശാസ്ത്രം പറയുന്നു. ശൈശവ ബാല്യങ്ങളിൽ വന്നുപെട്ടേക്കാവുന്ന ദുരനുഭവങ്ങൾ ഉദാഹരണമാണിതിന്. പീഢനം, മാതാപിതാക്കളുടെ അഭാവം എന്നിവ ആത്മഹത്യയ്ക്ക് അടിസ്ഥാനമായി വരാറുണ്ട്. മേൽപറഞ്ഞ കാരണങ്ങൾ പലപ്പോഴും നിഗൂഢവും അകന്നതുമായിരിക്കും. ജനിതക ഘടകങ്ങളും ശൈശവബാല്യ പ്രതിസന്ധികളും കൂടിചേർന്ന ഒരു ലോലതയിൽ നിന്നാണ് ആത്മഹത്യാവാസന ഉടലെടുക്കുന്നത്.
ആത്മഹത്യയോടു കൂടുതൽ അടുത്തതും എന്നാൽ പലപ്പോഴും പ്രകടമാകാത്തതുമായ കാരണങ്ങൾ രോഗങ്ങളും വിഷാദം, ഉന്മാദം എന്നിവ പോലുള്ള മാനസിക രോഗങ്ങളും മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തിയും തന്നെ. വ്യക്തിത്വവൈകല്യങ്ങളേയും ഇക്കൂട്ടത്തിൽ കൂട്ടാം. ഇവ അകന്ന കാരണങ്ങൾക്കും ഉറ്റ കാരണങ്ങൾക്കും മധ്യേ വർത്തിക്കുന്നു.
പ്രകടവും സ്പഷ്ടവുമായ കാരണങ്ങൾ ജീവിതത്തിലെ ദുർഘടസന്ധികൾ തന്നെ. പരാജയങ്ങൾ, ആത്മസംഘർഷങ്ങൾ എന്നിവ ഉദാഹരണങ്ങൾ. മാധ്യമങ്ങളും സാധാരണ ജനങ്ങളും ഇതു മാത്രമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിചാരിക്കുന്നു.
ഒരു വ്യക്തി ആത്മഹത്യ പോംവഴിയായി തിരഞ്ഞെടുക്കുമ്പോൾ ആ നിമിഷത്തിന്റെ ചുറ്റുപാടുകൾ പ്രധാനമാണ്. ചില പ്രതിലോമഘടകങ്ങൾ ആത്മഹത്യാചിന്തയെ ശക്തമാക്കുകയും ആത്മഹത്യാശ്രമത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് സാമൂഹികമായ ഒറ്റപ്പെടൽ, ആത്മഹത്യാ മാർഗ്ഗങ്ങളുടെ ലഭ്യത എന്നിവ. മറിച്ച് ചില ഘടകങ്ങൾ ആത്മഹത്യാ സാധ്യത കുറയ്ക്കുന്നു. കുടുംബബന്ധങ്ങളുടെ ദൃഢത, ഉറ്റവരുടെ സാമീപ്യം എന്നിവ ഉദാഹരണങ്ങളാണ്.
ആത്മഹത്യാചിന്ത ഒരു സ്ഥിര ഭാവമല്ല. അത് ചഞ്ചലമാണ്. ഓരോ വ്യക്തിയും ഒരു ഉഭയ ഭാവനയോടെയാണ് ആത്മഹത്യയെ സമീപിക്കുന്നത്. അവസാനം ഒരു ദുർബലനിമിഷത്തിൽ ഉദ്യമം പ്രായോഗികമാക്കുന്നു.
മേൽ പറഞ്ഞ ശൃംഖലയുടെ കണ്ണികൾ തന്നെയാണ് ആത്മഹത്യാ പ്രതിരോധത്തിന്റെയും നെടുംതൂണുകൾ. ജനിതകഘടകങ്ങൾ മാറ്റത്തിന് വിധേയമല്ല. പക്ഷെ ചില മരുന്നുകൾ ഈ സാധ്യതയെ മറച്ച് വെയ്ക്കുന്നു എന്നതിന് തെളിവുകളുണ്ട്. ശൈശവ ബാല്യാവസ്ഥകളിൽ കൃത്യവും ആരോഗ്യപൂർണ്ണവുമായ പരിപാലനം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ജീവിത നൈപുണ്യ പരീശീലനത്തിന്റെ സാധ്യതകൾ ഈ സന്ദർഭത്തിൽ പ്രസ്താവ്യമാണ്. വിഷാദം, ഉന്മാദം തുടങ്ങിയ മാനസിക രോഗങ്ങളുടെ ഉചിതമായ ചികിത്സ ആത്മഹത്യാ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയെ നേരിടാൻ സഹായിക്കുന്ന മനശാസ്ത്ര ചികിത്സയും ചില സാഹചര്യങ്ങളിൽ വ്യക്തികളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കുന്നു.
ആത്മഹത്യാ പ്രതിരോധ ചികിത്സ കൃത്യസമയത്ത് ആത്മഹത്യാചിന്ത പേറുന്നവരിൽ എത്തുക എന്നതാണ് പ്രധാന പ്രശ്നം. എങ്ങിനെ ഇവരെ നാം തിരിച്ചറിയും? ഇവിടെയാണ് സമൂഹത്തിന്റെ സംവേദനക്ഷമതയുടെ ആവശ്യം. ആത്മഹത്യാചിന്ത പേറുന്നവർ ഒളിഞ്ഞും തെളിഞ്ഞും ഇത് പുറത്തുവിട്ട് കൊണ്ടിരിക്കും. ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ആത്മഹത്യ ചെയ്യുന്ന ഓരോ വ്യക്തിയും ഒരു ദ്വിമാനസികാവസ്ഥയിലൂടെയാണ് (ചെയ്യണമോ വേണ്ടയോ എന്ന്) കടന്നുപോകുന്നത്. ഈ നിർണ്ണായക നിമിഷത്തിൽ അദ്ദേഹത്തെ പരിപാലിച്ചുകൊണ്ട് ആത്മഹത്യയ്ക്ക് എതിരായ ഒരു ഉറപ്പ് വാങ്ങുകയും ഈ ഇടവേളയിൽ എല്ലാ ചികിത്സാമാർഗ്ഗങ്ങളും ഉപയോഗിച്ച് ആത്മഹത്യാചിന്ത ഉന്മൂലനം ചെയ്യുകയുമാണ് വഴി. ആത്മഹത്യാചിന്തയുടെ സ്വഭാവം അനുസരിച്ച് ലഘുവായ മനശാസ്ത്ര ചികിത്സ മുതൽ മരുന്നു ചികിത്സ വരെ ഉപയോഗിക്കേണ്ടി വരും. ആത്മഹത്യാചിന്ത അടിയന്തിരസ്വഭാവമുള്ള ഒന്നാണ്. ആത്മഹത്യാ സാധ്യത പെട്ടെന്ന് ഉന്മൂലും ചെയ്യാൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഷോക്ക് ചികിത്സയും അപൂർവ്വം സന്ദർഭങ്ങളിൽ
ആവശ്യമായി വരും. ഇങ്ങനെ ശാസ്ത്രീയമായി സമീപിച്ചാൽ ആത്മഹത്യയാൽ പൊലിയുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് നിലനിർത്താനാകും.
തയ്യാറാക്കിയത്: ഡോ. ലീന സുമരാജ്


