- October 16, 2020
- Posted by: Caring
- Category: Parenting
Drug addiction, Substance use disorder എന്നീ പേരുകളിൽ അറിയപ്പെടുന്ന മയക്കുമരുന്നുകളുടെ ദുരുപയോഗം, മദ്യം, പുകയില എന്നിവ കൂടാതെ കൊക്കയിൻ (cocaine) പോലത്തെ മയക്കുമരുന്നുകളോടുള്ള ആസക്തി തലച്ചോറിനെ ബാധിച്ച് അതിനോട് അടിമപ്പെടുന്ന ഒരു സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. തമാശയായി തുടങ്ങി, അതൊരത്യാവശ്യമായി, മയക്കുമരുന്ന് കിട്ടാൻ എന്തു ക്രൂരകൃത്യവും നിന്ദ്യമായ പ്രവർത്തിയും മറ്റുള്ളവരോട് മാത്രമല്ല സ്വയം നശിപ്പിക്കുന്ന രീതിയിലും ചെയ്യാൻ നമ്മെ നിർബന്ധിക്കുന്ന ഒരവസ്ഥയാണിത്. മയക്കുമരുന്ന് ഒരു തവണ ഉപയോഗിച്ചാൽ പോലും അത് addictionലേക്ക് നയിക്കാം എന്നതുകൊണ്ട് തന്നെ നമ്മുടെ യുവതലമുറ സംഗീതത്തിന്റേയും സിനിമയുടെയും മാസ്മര പ്രളയത്തിൽപ്പെട്ട് മയക്കുമരുന്നിന്റെ അടിമകളാകാതിരിക്കാൻ ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന നിങ്ങൾക്കു മാത്രമേ ശ്രദ്ധിക്കാനാകൂ.
15നും 24നും ഇടയ്ക്കുള്ള പ്രായമാണ് (young adults) മയക്കുമരുന്നിന്റെ ഉപയോഗം തടയാൻ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം എന്നു പറയുന്നത്. ലാളനയുടെയും ശാസനയുടെയും നന്മയുടെയും കുട്ടിക്കാലം വിട്ട് കൌമാരത്തിന്റെ വർണ്ണശബളമായ മായികലോകത്തിലേക്ക് വരുന്ന കുട്ടികൾക്ക് എന്തും പരീക്ഷിക്കാനും പരിശോധിക്കാനും ഉപയോഗിച്ചുനോക്കാനുമുള്ള ഒരു ത്വര ഭയങ്കരമായുണ്ടാകും. ഇവർക്കുവേണ്ടി ഒരു മായിക സങ്കല്പമുണ്ടാക്കി അവരെ വഴി തെറ്റിക്കാൻ പതുങ്ങിയിരിക്കുന്ന ഒരുപാട് കണ്ണുകളുണ്ടെന്ന് അവർ മനസ്സിലാക്കുമ്പോഴേക്കും പലപ്പോഴും തിരിച്ചു പോകാനാകാത്ത കുറ്റകൃത്യങ്ങളുടെ ഒരു വലയിൽപ്പെട്ടിരിക്കാനാണ് സാധ്യത. കൂട്ടുകാരുടെ സ്നേഹപൂർണ്ണമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങികൊടുത്ത് തന്റെ ഉള്ളിലെ എല്ലാമോഹഭംഗങ്ങൾക്കും ഒരു മറുമരുന്നായികണ്ട് കൌമാര പ്രായത്തിൽ കൂടുതലായുണ്ടാകുന്ന ഉൽക്കണ്ഠ, വിഷാദം മുതലായവയ്ക്കുള്ള ഒരു പ്രതിവിധിയായി മയക്കുമരുന്നിനെകാണാൻ ചെറുതെങ്കിൽ പോലും അവഗണിക്കാൻ പറ്റാത്ത അധികം കൂട്ടുകാർ പെട്ടുപോകുന്നെങ്കിൽ അത് തടയാൻ നമുക്ക് ഉത്തരവാദിത്വമില്ലേ?
മയക്കുമരുന്നുപയോഗത്തിന്റെ വിവിധ ഘട്ടങ്ങൾ
ഒന്നാം ഘട്ടം :- മയക്കുമരുന്ന് ആദ്യമായുപയോഗിക്കുമ്പോൾ നമ്മുടെ തലച്ചോറിലെ dopamine എന്ന രാസവസ്തുവിന്റെ അളവ് കൂടുകയും അതൊരു സുഖമുള്ള അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത് വീണ്ടും വീണ്ടും ഉപയോഗിക്കാൻ പ്രേരണ ഉണ്ടാകുന്നു.
രണ്ടാം ഘട്ടം :-വീണ്ടും വീണ്ടും ഉപയോഗിച്ചുകഴിയുമ്പോൾ വെള്ളം, ഭക്ഷണം മുതലായവയെപോലെ ഇത് ഒരു ദൈനംദിന ആവശ്യമായി മാറുന്നു.
മൂന്നാം ഘട്ടം :- മയക്കുമരുന്നിന്റെ ഉപയോഗം തലച്ചോറിലുണ്ടാക്കിയ രാസപ്രക്രിയകൾ ചിന്തിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും സ്വഭാവത്തെ നിയന്ത്രിക്കാനും സാധാരണപോലെ പെരുമാറാനുമുള്ള കഴിവിനെ ഇല്ലാതാക്കുകയും തന്മൂലം ദിവസവും മയക്കുമരുന്നില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.
നാലാം ഘട്ടം :- ഏതുതരം മയക്കുമരുന്നാണ് ഉപയോഗിക്കുന്നതെങ്കിലും അതിനോട് നിയന്ത്രിക്കാനാകാത്ത ആസക്തി ഉണ്ടാകുകയും കുടുംബബന്ധങ്ങളും കൂട്ടുകാരും പഠിത്തവും ജോലിയുമൊക്കെ അപ്രധാനമായി തീരുകയും ചെയ്യും.
അഞ്ചാം ഘട്ടം :- ഈ ഘട്ടത്തിൽ ലഹരിമരുന്നിന്റെ കരാള ഹസ്തത്തിൽ വീണുപോയിരിക്കുന്നു എന്ന സത്യം മനസ്സുകൊണ്ട് നിഷേധിച്ചുകൊണ്ട് വീണ്ടും വീണ്ടും മയക്കുമരുന്നുപയോഗിക്കൻ തുടങ്ങും. അതോടെ താനെത്രമാത്രം ഈ വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാതെ, എത്രമാത്രം നമ്മെ സ്നേഹിക്കുന്നവരെ മുറിവേല്പിക്കുന്നു എന്നോർക്കാതെ, എത്രമാത്രം തന്റെ ആരോഗ്യത്തെ കാർന്നുതിന്നുന്നു എന്നറിയാതെ ഇതിന്റെ മേൽ ഉപയോഗിക്കുന്ന ആളിന് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. ഈ ഘട്ടത്തിൽ എത്തികഴിഞ്ഞാൽ മയക്കുമരുന്നിനായി ഏതൊരു കുറ്റകൃത്യവും ചെയ്യാൻ ആൺകുട്ടിയും സ്വയം വില്പനചരക്കാകാൻ പെൺകുട്ടിയും ഒരു മടിയും കുറ്റബോധവും കാണിക്കില്ല.
മയക്കുമരുന്നുകളുടെ പ്രവർത്തനം തലച്ചോറിൽ
മയക്കുമരുന്നുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ തലച്ചോറിലെ നാഡികൾ സ്വാഭാവികമായി ആശയങ്ങൾ സ്വീകരിക്കുന്നതും അവലോകനം ചെയ്യുന്നതുമായ പ്രക്രിയക്ക് തടസ്സമുണ്ടാക്കി ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കും. മരിജുവാന, ഹെറോയിൻ മുതലായ നർക്കോട്ടിക് മയക്കുമരുന്നുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളുടെ ഘടന തലച്ചോറിലെ സ്വാഭാവിക neurotransmitterനെ പോലെ പ്രവത്തിച്ച് തലച്ചോറിലെ ‘neuron’ കളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി അസ്വാഭാവികമായിട്ടുള്ള സന്ദേശങ്ങൾ അയച്ചുതുടങ്ങാൻ സാധ്യതയുണ്ട്. ഇത് ആരെങ്കിലും നമ്മുടെ ചെവിയിൽ മന്ത്രിക്കുന്നതും ചെവിയിലേക്ക് അലറി വിളിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമാണ്.
നമ്മുടെ തലച്ചോറിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുഭുതി കിട്ടുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ആസ്വദിക്കുവാനും അതില്ലാത്തതിനെ ഒഴിവാക്കാനും ആണ്. മയക്കുമരുന്ന് നമ്മുടെ അനുഭുതികളെ നിയന്ത്രിക്കുന്ന dopamine എന്ന രാസവസ്തുകൊണ്ട് തലച്ചോറിൽ ഒരു പ്രളയം തന്നെ സൃഷ്ടിക്കുമെന്ന് അല്പം അതിശയോക്തി കലർത്തി പറയാം. ഇത് നമുക്ക് അമിതമായ സുഖസന്തോഷത്തിന്റെ (euphoria) ഒരു മായിക പ്രപഞ്ചം തന്നെ ഉണ്ടാക്കുന്നു. അത് വീണ്ടും വീണ്ടും ആസ്വദിക്കാൻ മനസ്സ് വെമ്പൽകൊള്ളുന്നു, ഈ പ്രക്രിയ ഓർത്തുവയ്ക്കുന്നു, വീണ്ടും അനുഭവിക്കാൻ ദാഹിക്കുന്നു. ഈ അനുഭുതികൾ പിന്നെയും പിന്നെയും ഉണ്ടാകുമ്പോൾ നാം സാധാരണ ആസ്വദിച്ചിരുന്ന കാര്യങ്ങളൊക്കെ തൃണവൽക്കരിച്ച് അതിനൊക്കെ ഉപരിയായി അമിതമായ സുഖം പകർന്നുതരുന്ന മയക്കുമരുന്നു തന്നെ വേണമെന്ന ആസക്തി (addiction) ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. ഇവിടെയെത്തിക്കഴിഞ്ഞാൽ മയക്കുമരുന്ന് കഴിക്കാത്ത സമയത്തുണ്ടാകുന്ന പ്രയാസമാണ് നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രധാന പ്രശ്നം എന്നാകും. പക്ഷെ എല്ലാത്തിനും ഒരു പരിധി ഇല്ലേ. അതുകൊണ്ട് തന്നെ സാധാരണ ഗതിയിൽ മരുന്നുകഴിച്ചാൽ വേണ്ടത്ര euphoria തോന്നാത്ത അവസ്ഥ ഉണ്ടാകുകയും കൂടുതലളവിൽ കഴിക്കാൻ വ്യക്തി പ്രേരിതനാവുകയും ചെയ്യുന്നു. ഇതാണ് ശരിക്കും നാശത്തിലേക്ക് നയിക്കുന്ന അവസ്ഥ.
മയക്കുമരുന്നുപയോഗത്തിന്റെ ലക്ഷണങ്ങൾ
നിങ്ങളുടെ സ്ഥാപനത്തിൽ ഏതെങ്കിലും കുട്ടി മയക്കുമരുന്നിന് അടിമയാണോ എന്നറിയാൻ ഒരുപക്ഷെ നിങ്ങൾക്കുമാത്രമെ സാധിക്കൂ. കാരണം അവരുമായി ഏറ്റവും കൂടുതൽ ഇടപഴകുന്നത് കൂട്ടുകാരാണ്. അങ്ങനെയൊരു കുട്ടി പെട്ടുപോയിട്ടുണ്ടെങ്കിൽ നമുക്ക് എങ്ങനെ അത് സംശയിക്കാം എന്നു നോക്കാം.
ശാരീരിക ലക്ഷണങ്ങൾ
- ഒട്ടും വൃത്തിയില്ലാത്ത അലസമായ വസ്ത്രധാരണം
- അമിതമായി ചുവന്ന കണ്ണുകൾ (blood shot eyes). കൃഷ്ണമണി (pupil) വളരെ ചെറുതോ വലുതോ (constricted or dilated) ആയിരിക്കും.
- പെട്ടെന്ന് തൂക്കത്തിലും ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലും വളരെയധികം ഏറ്റകുറച്ചിലുണ്ടാകുക
- അസാധാരണമായ ശ്വാസഗന്ധം
- കൈകാലുകൾക്ക് വിറയൽ, അസ്പഷ്ടമായ സംസാരം, കാലുറക്കാത്ത നടപ്പ്
സ്വഭാവ ലക്ഷണങ്ങൾ
- ക്ലാസ്സിൽ വരാതിരിക്കുക, പഠിത്തം മോശമാകുക
- അമിതമായ സാമ്പത്തിക പരാധീനത, അത് നേടാനുള്ള മോഷണ പ്രവണത
- പതിവില്ലാത്ത രഹസ്യസ്വഭാവങ്ങൾ കാണിക്കുക
- പെട്ടെന്ന് കൂട്ടുകാരെ മാറ്റുക, താവളങ്ങൾ മാറ്റുക, വിനോദ പ്രക്രിയകൾ മാറ്റുക
- പെട്ടെന്ന് ദേഷ്യം വരുക, വഴക്കിടുക, നിയമവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുക
മാനസിക ലക്ഷണങ്ങൾ
- വ്യക്തിത്വത്തിലും മനോഭാവത്തിലുമുള്ള വ്യത്യാസം
- പെട്ടെന്ന് ഭാവം (mood) മാറുക, ദേഷ്യം വരിക, അലറിവിളിക്കുക
- ഇടയ്ക്കിടക്ക് തലകറക്കം, മ്ലാനത
- ഒന്നിലും ഉത്സാഹമില്ലായ്മ, എപ്പോഴും ക്ഷീണം
- അകാരണമായ ഉത്കണ്ഠ, പേടി, മനോവിഭ്രാന്തി (paranoid)
ആർക്കാണ് മയക്കുമരുന്നിന് അടിമപ്പെടാൻ കൂടുതൽ സാധ്യത
- ആൺകുട്ടികൾ:- ആൺകുട്ടികളാണ് മയക്കുമരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്നത്
- കൌമാരപ്രായക്കാർ:- ഏതു പ്രായത്തിലും മയക്കുമരുന്നിന് അടിമപ്പെടാമെങ്കിലും കൌമാരപ്രായക്കാരിലും യുവാക്കളിലുമാണ് ഇതിന് കൂടുതൽ സാധ്യത. കാരണം തലച്ചോറിന്റെ വളർച്ച പൂർണ്ണമായിട്ടില്ല, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പക്വത ഉണ്ടായിട്ടില്ല, ജീവിതത്തിൽ നല്ലതും ചീത്തയും ഒരുപോലെ അംഗീകരിക്കാൻ സാധിക്കാത്ത പ്രായം, ലൈംഗികചൂഷണത്തിന് കൂടുതൽ അവസരങ്ങളുള്ള പ്രായം, പ്രണയനൈരാശ്യത്തിന് സാധ്യതയുള്ള പ്രായം.
- കുടുംബാംഗങ്ങളുടെ മയക്കുമരുന്നുപയോഗം: ഇത് ജനിതകപരമായ സാധ്യതകൾകൊണ്ടാകാം, പെട്ടെന്ന് ഇത്തരം സാധനങ്ങൾ ലഭ്യമാകാനുള്ള അവസരങ്ങൾ ഇക്കൂട്ടർക്ക് കൂടുതലായതുകൊണ്ടാകാം, കണ്ടുപഠിക്കാനുള്ള സാധ്യത കൊണ്ടുമാകാം.
- കുടുംബാന്തരീക്ഷം: ബാല്യത്തിലെ ദുരനുഭവങ്ങൾ, സ്നേഹം കുിട്ടുന്നില്ല എന്ന തോന്നൽ, കുടുംബാംഗങ്ങളുടെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മുതലായവ.
- കുടുംബത്തിലെ അരക്ഷിതാവസ്ഥ: മാതാപിതാക്കളുടെ ഉപാധികളില്ലാത്ത സ്നേഹം ഏതൊരു കുട്ടിയുടെയും ജന്മാവകാശമാണ്. പക്ഷെ അത് പ്രകടിപ്പിക്കാൻ പല രക്ഷിതാക്കൾക്കും അറിയില്ല എന്നതാണ് സത്യം. തന്നെ ആരും സ്നേഹിക്കുന്നില്ല, താൻ സ്വന്തം വീട്ടിൽ പോലും ഒറ്റപ്പെടുന്നു എന്നിങ്ങനെയുള്ള തോന്നൽ പല കുട്ടികളെയും മയക്കുമരുന്നിന്റെ പാതയിലേക്ക് തള്ളി വിടാം, പ്രത്യേകിച്ചും വിഷാദ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ.
- കൂട്ടുകാരുടെ സമ്മർദ്ദം: പഠിത്തത്തിൽ മോശമായ ഒരു കുട്ടി, പ്രേമനൈരാശ്യം വന്ന ഒരു കുട്ടി, അപകർഷതാബോധമുള്ള ഒരു കുട്ടി മുതലായവർ കൂട്ടുകാരുടെ സമ്മർദ്ദത്തിൽ അകപ്പെട്ട് മയക്കുമരുന്നുപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ചും വിഷാദ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ.
- മാനസിക രോഗങ്ങൾ: അമിതമായ ഉത്കണ്ഠ (anxiety disorder) വിഷാദ രോഗം (depression) post-traumatic stress disorder എന്നീ മാനസിക രോഗാവസ്ഥകൾ മയക്കുമരുന്നിന്റെ ദുരുപയോഗത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
- കഞ്ചാവ്, കൊക്കെയിൻ മുതലായ കൂടിയ തരം മയക്കുമരുന്നിന്റെ ഉപയോഗം നമ്മെ പെട്ടെന്ന് അതിന് അടിമകളാക്കും എന്നതുപോലെ അത്രയും വീര്യമില്ലാത്ത മരുന്നുകളും ലഹരിയുടെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുമെന്ന് ഓർക്കുക.
- മയക്കുമരുന്ന് ഉപയോഗിക്കുന്ന രിതി: മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോൾ അത് നമ്മുടെ രക്തത്തിൽ അലിഞ്ഞ് അമിതമായ സുഖസന്തോഷം ഉണ്ടാക്കുന്നതു പോലെതന്നെ അളവ് കുറയുമ്പോൾ പെട്ടെന്ന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് എത്തപ്പെടുകയും വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
- ഞാൻ അടിമപ്പെടുകയില്ല എന്ന മിഥ്യാധാരണ:എല്ലാം മറ്റുള്ളവർക്ക് സംഭവിക്കാം, എന്നാൽ ഞാൻ ഇതിലൊന്നും അടിമപ്പെടുകയില്ല എന്ന മിഥ്യാധാരണയാണ് പലപ്പോഴും ഇതിൽനിന്നും അകന്നുനിൽക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം. ഒന്ന് പരീക്ഷിച്ചു കളയാം എന്ന തോന്നലാണ് പലപ്പോഴും നമ്മെ വഴി തെറ്റിക്കുന്നത്.
മയക്കുമരുന്ന് പരീക്ഷിച്ച് നോക്കരുത് – എന്തുകൊണ്ട്?
ഉപയോഗിച്ച് തുടങ്ങാനുള്ള കാരണം നിങ്ങളുടേതാണെങ്കിലും അത് തുടർന്ന്കൊണ്ട് പോകാനുള്ള പ്രേരണ മരുന്ന് തലച്ചോറിലുണ്ടാക്കുന്ന രാസപ്രക്രിയകൾ മൂലമുള്ള ആത്മനിയന്ത്രണം ഇല്ലായ്മയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ചീത്ത മനുഷ്യരാവണമെന്നില്ല. പക്ഷെ അവരെകൊണ്ട് വേണ്ടത്ര ചീത്തകാര്യങ്ങൾ മരുന്നിനോടുള്ള ആസക്തി ചെയ്യിക്കും.
- Negative consequences: മയക്കുമരുന്നിന്റെ ഉപയോഗം ഉപയോഗിക്കുന്നവർക്കു മാത്രമല്ല സമൂഹത്തിനും പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇതുമൂലം കുടുംബങ്ങൾ തകരുന്നതിനും ഗാർഹിക അതിക്രമങ്ങൾക്കും കുട്ടികൾ വഴിതെറ്റി പോകുന്നതിനും കുട്ടികൾക്കെതിരെയുള്ള പീഢനങ്ങൾക്കും തൊഴിൽനഷ്ടമാകുന്നതിനും ഒക്കെ കാരണമായേക്കാം.
- A complex problem: മയക്കുമരുന്നിന്റെ അമിത ഉപയോഗം വളരെ സങ്കിർണ്ണമായ ഒരു രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുകൊണ്ട് ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായാൽ പോലും അതിൽ നിന്നുമുള്ള മോചനം വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്, ഇന്ന് അതിനുള്ള മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ പോലും.
- Distort brain’s communication system: മയക്കുമരുന്നിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെയാകെ തകരാറിലാക്കും. അതുകൊണ്ട് സാധാരണയിൽ കവിഞ്ഞ അനുഭുതികളുടെ ഒരു വലിയ തലത്തിലേക്ക് വഴി തിരിച്ചുവിട്ട് ജീവിതത്തിലെ സാധാരണ ഇഷ്ടങ്ങളെ നിഷ്പ്രഭമാക്കിനമ്മുടെ താളം തെറ്റിക്കുന്നു.
- Cannot predict addiction: ആര് മയക്കുമരുന്നിനടിമപ്പെടും എന്ന് തീർത്ത് പറയാൻ പറ്റുകയില്ല. പല വിധ സാഹചര്യങ്ങളുടെ ഒരു കൂട്ടായ്മയാണ് നമ്മെ അതിലേക്ക് നയിക്കുന്നത്.
- Biological predisposition: ജനിതക പാരമ്പര്യത്തിന്റെയും നമ്മൾ വളരുന്ന സാഹചര്യങ്ങളുടെയും ഒരു മിശ്രിത ഫലമായിട്ടാണ് മയക്കുമരുന്നിന് അടിമപ്പെടുന്നത്, പ്രത്യേകിച്ചും വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക്.
- Environmental risk factors: നമ്മൾ വളർന്ന കുടുംബപശ്ചാത്തലം, സ്കൂൾ, കോളേജ്, കൂട്ടുകാർ, സാമൂഹ്യപശ്ചാത്തലം എന്നിവയിലെ പാകപിഴകൾ, ജീവിതത്തിലെ നിരന്തരമായ തോൽവി മുതലായവ മയക്കുമരുന്നിന് അടിമപ്പെടാൻ കാരണമാകാറുണ്ട്.
- Youngsters are more vulnerable: ഏതു പ്രായത്തിൽ ഉപയോഗിച്ചു തുടങ്ങിയാലും ആസക്തി (addiction)ഉണ്ടാകുമെങ്കിലും കൌമാരപ്രായത്തിൽ ഉപയോഗിച്ചുതുടങ്ങിയാൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം തലച്ചോറിന്റെ വളർച്ച പൂർത്തിയായിട്ടില്ല എന്നതുകൊണ്ട് തന്നെ.
- Cannabis use kills IQ: 18 വയസ്സിന് മുമ്പ്കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന കൌമാരപ്രായക്കാരിൽ ബുദ്ധിനിലവാരം (IQ) കുറയുന്നതായി ആധികാരിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- Predisposition to social anxiety disorder: കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നത് social anxiety disorderലേക്ക് നയിക്കുമെന്ന് മാത്രമല്ല അത് വീണ്ടും കൂടുതൽ മയക്കുമരുന്നുപയോഗിക്കുന്നതിന് കാരണമാകും.
- Not starting at all is the best prevention strategy: മയക്കുമരുന്നു ഉപയോഗിക്കുന്നത് തുടങ്ങാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാർഗ്ഗം. അദ്ധ്യാപകരും മാതാപിതാക്കളും ആരോഗ്യ പ്രവർത്തകരും ഇതിനെതിരെയുള്ള സന്ദേശങ്ങൾ തുടർച്ചയായി നൽകേണ്ടതാണ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മൾ ഓരോരുത്തരും ഈ സന്ദേശം ഉൾക്കൊണ്ട് കിട്ടുന്ന എല്ലാ സാഹചര്യങ്ങളിലും യുവാക്കളെ ഉത്ബോധിപ്പിക്കാൻ പ്രയത്നിക്കണം. നമ്മുടെ കാമ്പസ് ലഹരി വിമുക്തമാക്കാൻ വിദ്യാർത്ഥി സമുഹം മുന്നിട്ടിറങ്ങണം.

