- October 14, 2020
- Posted by: Caring
- Category: Parenting
കുട്ടികളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സംസാര-ഭാഷ വികസനത്തിനുള്ള കാല താമസം. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബങ്ങളിലേക്ക് നാം മാറിയപ്പോൾ ഉടലെടുത്ത പല പ്രശ്നങ്ങളിൽ ഒന്നായിട്ടാണ് കുട്ടികളിലെ ഈ പ്രശ്നത്തെ പലപ്പോഴും പറയപ്പെടുന്നത്. അഞ്ചുകുട്ടികളിൽ ഒരാൾക്ക് ഈ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെങ്കിലുംഇതിൽ 80% കുട്ടികൾക്കും വളരെ ലഘുവായ ഇടപെടലുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളിൽ ഈ പ്രശ്നം പ്രകടമാകുന്നത്പലവിധത്തിലാകാം; (i) ചിലര്‍ക്ക് സംസാരിച്ചു തുടങ്ങാൻ വൈകുന്നതാകാം, (ii) ചിലർക്ക് ഉച്ചാരണത്തിലുള്ള പ്രശ്നങ്ങളാകാം, (iii) ചിലർക്ക്അനർഗളമായി സംസാരിക്കാനുള്ള ബുദ്ധിമുട്ടാകാം, (iv) മറ്റുചിലർക്ക്ശബ്ദത്തിലുള്ളപ്രശ്നങ്ങളാകാം.
മിക്ക കുട്ടികളിലും സംസാര – ഭാഷ വികസനം പൊതുവെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ നടക്കുന്ന പ്രക്രിയയാണ്. ഇതിൽ ബുദ്ധിമുട്ടുണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. ചില കുട്ടികൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടാകില്ല, അവന്റെ/അവളുടെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് സംസാര-ഭാഷ വികസനത്തിനുള്ള താമസമാകാം. ഉദാ: അണുകുടുംബങ്ങളിൽ കുഞ്ഞിനോട് സംസാരിക്കാനും കളിപ്പിക്കാനുമൊന്നുംമാതാപിതാക്കൾക്ക് സമയം കിട്ടാത്ത സാഹചര്യം, മറ്റു കുഞ്ഞുങ്ങളോട് ഇടപഴകാനും കളിക്കാനും സൗകര്യമില്ലാതെസദാസമയവും ടിവിയുടെയും മൊബൈൽ ഗെയിമുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ലോകത്തു കഴിഞ്ഞു കൂടേണ്ടിവരുന്നവർ, ഇവർക്കൊക്കെ സംസാര-ഭാഷാവികസനത്തിനുള്ള ശരിയായ ഉത്തേജനം ലഭിക്കാത്തതുമൂലമാകാം സംസാരിച്ചു തുടങ്ങുന്നതിൽ കാലതാമസം ഉണ്ടാകുന്നത്. എന്നാൽ മറ്റുചിലര്‍ക്കാകട്ടെ മറ്റു ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം. ഉദാ: ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിവികാസക്കുറവ് തുടങ്ങിയവ. പഠനപ്രശ്നങ്ങളുള്ള പല കുട്ടികൾക്കും സംസാര-ഭാഷാ വികസനത്തിൽ കാലതാമസമുണ്ടായിട്ടുള്ളതായിപഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്നചൈൽഡ് ഡെവലപ്മെന്റ്സെന്ററിൽ ചികിൽസ തേടുന്ന കുട്ടികളിൽ 8 ൽ ഒരാൾ സംസാര ഭാഷ വികസനത്തിനുള്ള പ്രശ്നങ്ങൾക്ക്ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ പകുതിയിലേറെപേര്‍8 വയസ്സായപ്പോഴേക്കും വായനയിലും ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ സംസാര-ഭാഷ വികസന പ്രശ്നങ്ങൾ നിസ്സാരമായി തള്ളി കളയാതെ ഗൗരവപൂർവ്വം കാണേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മേല്പറഞ്ഞവ നമ്മെ എത്തിക്കുന്നത്. ഈ പ്രശ്നമുള്ള നല്ലൊരു ശതമാനം കുട്ടികളിലും മാതാപിതാക്കളുടെ സഹകരണത്തോടു കൂടിയുള്ള സ്പീച്ച് തെറാപ്പി പ്രയോജനം ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകൾ നടത്തുന്നതിലൂടെഇതുമൂലംഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പെരുമാറ്റ പ്രശ്നങ്ങളെയും, മാനസിക പ്രശ്നങ്ങളെയും പഠന പ്രശ്നങ്ങളെയും ഒഴിവാക്കാനാകും എന്ന് നാം ഓർക്കണം. കാരണം പലപ്പോഴും കുട്ടികളിൽ സംസാര-ഭാഷാവികസനപ്രശ്നങ്ങളുള്ളപ്പോൾ “അവന്റെ അച്ഛനും സംസാരിച്ചത് താമസിച്ചാണ്, അത് ശരിയായിക്കോളും” എന്ന് വിചാരിച്ചു സമയത്തിന് ചികിത്സ തേടാതിരിക്കുന്നത്ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കുട്ടികളിൽ സാധാരണ കണ്ടുവരാറുള്ള സംസാര ഭാഷ വികസന പ്രശ്നങ്ങൾ
ആശയ വിനിമയത്തിലും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് സംസാര-ഭാഷ വൈകല്യങ്ങൾ എന്ന് പറയുന്നത്. ഈ വൈകല്യങ്ങൾ വിക്കുകൾക്കു പകരം ശബ്ദം ഉപയോഗിക്കുന്നതു മുതൽ ഭാഷ മനസിലാക്കുവാനും ഉപയോഗിക്കാനുമുള്ള കഴിവില്ലായ്മ വരെയുള്ള വിവിധ തലങ്ങളിൽ പ്രകടമാകാം. സമപ്രായക്കാരായ മറ്റു കുട്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു കുട്ടി സംസാര-ഭാഷ കഴിവുകൾ നേടിയെടുക്കുന്നതിൽ പ്രകടമായ രീതിയിൽ പുറകിലാണെങ്കിൽ കുട്ടിക്ക് സംസാര-ഭാഷ വികസനത്തിൽ പ്രശ്നമുണ്ടോ എന്ന് പരിശോധിപ്പിക്കേണ്ടിയിരിക്കുന്നു. ഇവ താഴെ പറയുന്ന രീതിയിൽ പ്രകടമായേക്കാം.
- സംസാര വൈകല്യങ്ങൾ
സംസാര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിനുള്ള ബുദ്ധിമുട്ടോ അല്ലെങ്കിൽ സംസാര ശബ്ദത്തിന്റെ ഗുണ നിലവാരത്തിലുള്ള പ്രശ്നങ്ങളെയോ ആണ് സംസാര വൈകല്യങ്ങൾ എന്ന് പറയുന്നത്. സംസാര വൈകല്യമുള്ളവർക്ക് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ഉദാ: ‘ പശു’ എന്നതിന് ‘ ‘പച്ചു’ എന്നോ ‘പസു’ എന്നോ പറയുക. മാത്രമല്ല അവർക്കു ചില അക്ഷരങ്ങൾ പറയുന്നതിന് തീരെ കഴിയാറില്ല. സംസാര വൈകല്യമുള്ളവർ പറയുന്നത് മനസ്സിലാക്കാൻ ശ്രോതാക്കൾ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
- ഭാഷ വൈകല്യങ്ങൾ
വാക്കുകൾ മനസ്സിലാക്കുന്നതിനും സംസാരത്തിലൂടെയോഅല്ലാതെയോ അവ സന്ദർഭോചിതമായി ഉപയോഗിക്കുന്നതിനുള്ള ഒരു വ്യക്തിയുടെ കഴിവിലുള്ള അപര്യാപ്തതയെയാണ് ഭാഷ വൈകല്യം എന്ന് പറയുന്നത്. ആശയങ്ങൾ പ്രകടിപ്പിക്കുന്നതിലും ഗ്രഹിക്കുന്നതിലും ഈ പ്രശ്നമുള്ളവർക്ക്ബുദ്ധിമുട്ടുണ്ടാകാം. ഭാഷ വൈകല്യമുള്ള കുട്ടി പറയുവാൻ ശ്രമിക്കുന്നതെന്താണെന്നു മനസ്സിലാക്കാൻ ശ്രോതാക്കൾക്ക്ബുദ്ധിമുട്ടേണ്ടി വരും.
- ശബ്ദ വൈകല്യങ്ങൾ
അനുചിതമായ ശ്രുതി (വളരെ ഉയർന്നത്, വളരെ താഴ്ന്നത്, ഒരിക്കലും മാറാത്തത്, അല്ലെങ്കിൽ ഇടയ്ക്കു മുറിഞ്ഞു തടസ്സം വരുന്നത്, ഉചിതമല്ലാത്ത ഒച്ച (വളരെ ഉച്ചത്തിലുള്ളത്, തീരെ ഒച്ചയില്ലാത്തത്), ശബ്ദ ഗുണനിലവാരമില്ലായ്മ(പരുഷമായത്, മൂക്കിലൂടെയുള്ളത്) എന്നിങ്ങനെ വിവിധ തരത്തിൽ പ്രകടമാകുന്ന ഈ പ്രശ്നം സ്വന തന്തുക്കളിലെപോളിപ്പു (Polip) മൂലമോ എന്തെങ്കിലും ദശവളർച്ചമൂലമോ ഉണ്ടാകാം.
- ഉച്ചാരണ വൈകല്യം
ഉച്ചാരണ വൈകല്യമുള്ള കുട്ടികളിൽ സംസാര ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഒരു പദത്തിന് പകരം മറ്റൊരു പദം ഉപയോഗിക്കുക (പഴം എന്നതിന് പകരം ‘പയം’ എന്ന് പറയുക), വാക്കുകള്‍ക്ക് ഇടയ്ക്കുള്ള പദം ഒഴിവാക്കുക (‘തവള എന്നതിന് ‘തള’ എന്ന് പറയുക) ഒരു പദത്തിനെവക്രീകരിക്കുക (പാത്രം എന്നതിന് ‘പാത്തിരം’ എന്ന് പറയുക) തുടങ്ങിയവ ഉച്ചാരണ വൈകല്യത്തിന് ഉദാഹരണമാണ് .
- വിക്ക്
സംസാരത്തിന്റെ ഒഴുക്കിലുള്ള തടസ്സമാണിത്. സംസാരിക്കുവാൻ അറച്ച് നിൽക്കുക, ആവർത്തിച്ചു പറയുക, ശബ്ദങ്ങൾ, അക്ഷരങ്ങൾ, വാക്കുകൾ, വാക്യ ശകലങ്ങൾ തുടങ്ങിയവ നീട്ടി നീട്ടി പറയുക എന്നിവയാണ് ഇക്കൂട്ടരുടെ പ്രശ്നം.
കാരണങ്ങളും പ്രതിവിധിയും
കുഞ്ഞുങ്ങളിൽ സംസാര – ഭാഷ വികസന പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടുണ്ടാകാം
- സംസാര ഭാഷ വികസനത്തിലെ കാല താമസം (General Speech Language Delay): മറ്റു ശാരീരിക- മാനസിക പ്രശ്നങ്ങളൊന്നുമില്ലാത്ത മിക്ക കുട്ടികളിലും സാധാരണ കണ്ടുവരാറുള്ളതുംഎളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഒരു പ്രശ്നമാണ് സമപ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ചു സംസാര-ഭാഷ വികസനത്തിൽ കാലതാമസം നേരിടുന്നു എന്നുള്ളത്. കുട്ടി വളർന്നു വരുന്ന സാഹചര്യം ഈ കഴിവുകൾ വികസിക്കുന്നതിന് അനുയോജ്യമല്ലാത്തതു കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇവർക്ക്സാഹചര്യത്തിൽ മാറ്റം വരുത്തിയും – കുട്ടിയുമായി ധാരാളം സംസാരിച്ചും പാട്ടുപാടിക്കൊടുത്തും കഥകൾ പറഞ്ഞു കൊടുത്തും സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചുംകുറച്ചുനാൾ സ്പീച്ച് തെറാപ്പി കൊടുത്തും വളരെ വേഗം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാകും.
- ഭാഷ പ്രകടിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ട് (Expressive Language Disorder):ഈ പ്രശ്നമുള്ള കുട്ടികൾക്ക് ഭാഷ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷെ ഭാഷ പ്രകടിപ്പിക്കാൻ കാര്യമായ ബുദ്ധിമുട്ടുണ്ടാകും. സ്പീച്ച് തെറാപ്പിയിലൂടെയും കുടുംബാംഗങ്ങളുടെ കുട്ടിയുടെ ബുദ്ധിമുട്ടറിഞ്ഞുള്ള ശരിയായ ഇടപെടലുകളിലൂടെയും ഇതു പരിഹരിക്കാനാകും.
- ഭാഷ ഗ്രഹിക്കുന്നതിലുള്ള ബുദ്ധിമുട്ട് (Receptive Language Disorder):ഈ പ്രശ്നമുള്ള കുട്ടികൾക്ക് ഭാഷ ഗ്രഹിക്കുന്നതിനുള്ള ബുദ്ധിമുട്ടുമൂലം സംസാരം അവ്യക്തമാകാനുംവാക്കുകൾ കൂട്ടിച്ചേർത്തു സംസാരിക്കാനും നിർദ്ദേശങ്ങൾ മനസിലാക്കാനും പ്രയാസമുണ്ടായേക്കാം. ഒരു ശിശുരോഗ വിദഗ്ധൻ വിശദമായി വിലയിരുത്തേണ്ടതും ആവശ്യമെങ്കിൽ ചൈൽഡ്സൈക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതുമാണ്.ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തി കൂടുതൽനാൾ നീണ്ട തെറാപ്പി ഇവർക്ക് ആവശ്യമായി വന്നേക്കാം.
- കേൾവിക്കുറവ്:സംസാര ഭാഷ വികസനത്തിൽ കേള്‍വിശക്തിക്കു വളരെ പ്രധാനമായ ഒരു പങ്കുണ്ട്. കുഞ്ഞുങ്ങൾ കേൾക്കുന്നണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ് . പ്രത്യേകിച്ചും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്കേൾവിത്തകരാറില്ല എന്ന് പരിശോധിച്ചു ഉറപ്പു വരുത്തണം. കേൾവിക്കുറവ്സംശയിച്ചാൽ പരിശോധനയിലൂടെ അതിന്റെ കാരണം കണ്ടെത്തി ശ്രവണ സഹായിയുടെ സഹായത്തോടെയോചിലപ്പോഴെങ്കിലുംശാസ്ത്രക്രിയയിലൂടെയോകേൾവിശക്തിനൽകാൻ ശ്രമിക്കേണ്ടതാണ്. ശ്രവണശക്തിനൽകിയ ശേഷം സ്പീച്ച് തെറാപ്പിയിലൂടെ സംസാര ഭാഷ വികസിപ്പിച്ചെടുക്കാവുന്നതാണ്. ഒരു ഇ എൻ ടി വിദഗ്ധന്റെയും ഓഡിയോളോജിസ്റ്റിന്റെയും സ്പീച്ച് തെറാപ്പിസ്റ്റിന്റെയും സേവനം ഈ കുട്ടികൾക്ക്പ്രയോജനകരമാകും.
- ഓട്ടിസം: ഓട്ടിസം എന്ന അവസ്ഥയുള്ള കുട്ടികൾക്ക് സംസാര-ഭാഷ വികസനത്തിൽ കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെടാം. സംസാര ഭാഷ പ്രകടമാക്കി തുടങ്ങിയ ശേഷം പെട്ടെന്ന് അതിൽ കുറവുവരുന്നത് ഇത്തരം പ്രശ്നമുള്ള കുട്ടികളിൽ സാധാരണമാണ്. മറ്റു ചിലർക്ക് സംസാരം തീരെ വികസിക്കണമെന്നില്ല. ഇവർക്ക് ആശയ വിനിമയത്തിലും മറ്റുള്ളവർ സംസാരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുകയും ചില പ്രത്യേക പെരുമാറ്റപ്രശ്നങ്ങൾ പ്രകടമാക്കുകയും ചെയ്തേക്കാം. കുഞ്ഞുങ്ങളിൽ ആദ്യം അച്ഛനമ്മമാർ ശ്രദ്ധിക്കുന്ന പ്രശ്നം തീരെ സംസാരിക്കുന്നില്ല എന്നതുതന്നെയാകാം. ഇവർക്ക് പ്രശ്നത്തിന്റെ തോത് വിലയിരുത്തി നേരത്തെ തന്നെ ചികിത്സാപരമായഇടപെടലുകൾ ആരംഭിക്കേണ്ടത് വളരെ പ്രധാനമാണ്. സ്പീച്ച് തെറാപ്പിയോടൊപ്പം പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റു സ്വഭാവ സംബന്ധമായ പ്രശ്നങ്ങൾക്കും അനുയോജ്യമായ ദീർഘകാലം നീണ്ടു നിൽക്കുന്ന ബഹുമുഖ ചികിത്സാ പദ്ധതി ആവശ്യമായി വന്നേക്കാം.
- സെറിബ്രൽ പാൾസി: ഈ പ്രശ്നമുള്ള കുട്ടികൾക്ക് സംസാര വികസനത്തിൽ മാത്രമല്ല ബുദ്ധിവികാസത്തിന്റെ മറ്റു നാഴികക്കല്ലുകൾ പിന്നിടുന്നതിലും പ്രകടമായ കാലതാമസം ഉണ്ടായേക്കാം. ഇവർക്ക്പേശികൾക്കുംസാന്ധിയ്ക്കുംപിടുത്തക്കൂടുതലുള്ളതുകൊണ്ടു സംസാര – ഭാഷ വികസനത്തിലും പ്രശ്നങ്ങൾ ഉണ്ടാകാം. ഇക്കൂട്ടരിൽ കേള്‍വിസംബന്ധമായ പ്രശ്നങ്ങളും ബുദ്ധിവികാസത്തിലുള്ള പ്രശ്ങ്ങളും ഉണ്ടായേക്കാം.
- ബുദ്ധിപരമായപരിമിതികൾ (Intellectual Disorder): ഈ പ്രശ്നമുള്ള കുട്ടികൾക്ക്കാര്യങ്ങൾ ഗ്രഹിക്കുന്നതിലുള്ളബുദ്ധിമുട്ടുമൂലം സംസാര-ഭാഷ വികസനത്തിലും കാര്യമായ കാലതാമസം ഉണ്ടായേക്കാം. ഇവർക്ക് വിശദമായ അവലോകനവും അനുയോജ്യമായ പരിശീലനവും ആവശ്യമാണ്.
- ജന്മനാലുണ്ടാകുന്നപ്രശ്നങ്ങൾ:ജന്മനാലുണ്ടാകുന്നമുച്ചുണ്ട് (Cleft Lip, Cleft Palet)മുതലായ പ്രശ്നങ്ങളും സംസാര വികസനത്തിന് തടസ്സമായേക്കാം. ലഘുവായ ശാസ്ത്രക്രിയയിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെകുട്ടികളിൽ സംസാര-ഭാഷ വികസനം സാധ്യമാകും.
കുട്ടികളിൽ സംസാര-ഭാഷ വികസന പ്രശ്നങ്ങളുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം.
ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ വികസിപ്പിച്ചെടുത്ത Language Evaluation Scale Trivandrum (LEST) എന്ന ലഘുവായ ചാര്‍ട്ട് ഉപയോഗിച്ച് കുട്ടികളിൽ സംസാര-ഭാഷ വികസന പ്രശ്നങ്ങള്‍ കണ്ടെത്താം.
കുട്ടിയുടെ പ്രായം X Axis ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സംസാരത്തിന്റെയും കേള്‍വിയുടെയും ഭാഷയുടെയും നാഴികക്കല്ലുകള്‍ മുകളിലുള്ള ദീര്ഘചതുരക്കട്ടകളില് കൊടുത്തിരിക്കുന്നു. കുട്ടിയുടെ പ്രായത്തിന്റെ നേരെ ഒരു സ്കെയിലോ പെന്‍സിലോ വെച്ചിട്ട് അതിന്റെ ഇടതുവശത്തുള്ള ദീര്‍ഘചതുരങ്ങള്‍ കുട്ടി കൈവരിച്ചിട്ടുണ്ടോ എന്നു നോക്കണം. ഇടതുവശത്തുള്ള രണ്ട് ദീര്ഘചതുരക്കട്ടകളിലെ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ താമസമുള്ളതായി കണ്ടെത്തിയാല്‍ കുട്ടിയ്ക്ക് സംസാര ഭാഷാ വികസനത്തില്‍ കാലതാമസമുള്ളതായി കണക്കാക്കാം. കുഞ്ഞിന്റെ സാഹചര്യങ്ങളില്‍ കാര്യമായി മാറ്റം വരുത്തി കുഞ്ഞിന് സംസാരിക്കാനുള്ള പ്രചോദനം കൂടുതലായി നല്‍കിയിട്ടും വ്യത്യാസം കാണുന്നില്ലെങ്കില്‍ ഒരു ശിശുരോഗ വിദഗ്ധന്റെയോ സ്പീച്ച് തെറാപ്പിസ്റ്റിന്റെയോ സഹായം തേടേണ്ടതാണ്.
താഴെ പറയുന്ന സംസാര – ഭാഷ വികസനത്തിന്റെനാഴികക്കല്ലുകൾ കുഞ്ഞ്അതിന്റെതായ സമയത്തു നേടിയിട്ടുണ്ടെന്ന്ഉറപ്പുവരുത്തുക.
വയസ്സ് സംസാര ഭാഷാ വികസനം
ജനനം മുതൽ 2 മാസം കരയുക
2 – 3 മാസം ഓരോ സാഹചര്യത്തിലും വ്യത്യസ്തമായി കരയുന്നു. നമ്മോട് പ്രതികരിക്കുന്നതുപോലെ കൂകുന്നശബ്ദമുണ്ടാക്കുന്നു.
3 – 4 മാസം പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെശബ്ദമുണ്ടാക്കുന്നു (Babbling)
5 – 6 മാസം ഒരു പ്രത്യേക താളത്തിൽ ശബ്ദമുണ്ടാക്കുന്നു. (Bubbling Rhythematically)
7 -11 മാസം യഥാർത്ഥസംസാരത്തിന്റെഅനുകരണമെന്നപോലെ ഭാവ പ്രകടനത്തോടെ ശബ്ദമുണ്ടാക്കുന്നു.
12 മാസം ഒന്നോ രണ്ടോ വാക്കുകൾ പറയുന്നു. പേര് തിരിച്ചറിയുന്നു. പരിചിതമായ ശബ്ദങ്ങൾ അനുകരിക്കുന്നു. ചെറിയ ചെറിയനിർദ്ദേശങ്ങൾ മനസ്സിലാക്കുന്നു.
18 മാസം പേര് ഉൾപ്പെടെ5-20വാക്കുകൾ ഉപയോഗിക്കുന്നു.
1 -2വയസ്സിനിടയ്ക്ക് രണ്ടു വാക്കുകളുള്ളവാക്യങ്ങൾ പറയുന്നു. പദ സമ്പത്ത് വർദ്ധിക്കുന്നു, റ്റാറ്റാ കാണിക്കുന്നു, പരിചിതമായ മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കുന്നു,ആവശ്യങ്ങൾ ഉന്നയിക്കുവാൻ വാക്യങ്ങൾ ഉപയോഗിക്കുന്നു, (ഉദാ: വേണം) അരുത് എന്നതിനർത്ഥം മനസ്സിലാക്കുന്നു.
2 -3വയസ്സിനിടയ്ക്ക് ശരീര ഭാഗങ്ങൾ തിരിച്ചറിയുന്നു, പേര് ഉപയോഗിക്കുന്നതിനു പകരം ഞാൻ/എന്നെ എന്ന് പറയുന്നു. നാമവും ക്രിയകളും ചേർത്ത് ഉപയോഗിക്കുന്നു. 450വാക്കിന്റെയെങ്കിലുംപദസമ്പത്തുണ്ടാകും. ചെറിയ ചെറിയവാക്യങ്ങൾ ഉപയോഗിക്കുന്നു. മൂന്നോ നാലോ നിറങ്ങൾ തിരിച്ചറിയുന്നു. വലുത്, ചെറുത് എന്നിവ തിരിച്ചറിയുന്നു. ചില കഥകൾ ആവർത്തിച്ചുകേൾക്കാൻ ഇഷ്ട്ടപ്പെടുന്നു.
3 -4വയസ്സിനിടയ്ക്ക് ഒരു കഥ പറയുവാൻ സാധിക്കുന്നു നാലോ അഞ്ചോ വാക്കുകളുള്ളവാക്യങ്ങൾ ഉപയോഗിക്കുന്നു. 1000 വാക്കുകളുടെ പദസമ്പത്തുണ്ടാകും. ധാരാളം നഴ്സറി പാട്ടുകൾ പാടുന്നു.
4 -5വയസ്സിനിടയ്ക്ക് 4-5 വാക്കുകളുള്ള വാക്യങ്ങൾ പറയുന്നു. ഭൂതകാലം (Future Tenses) ഉപയോഗിക്കുന്നു. 1500 വാക്കിന്റെപദസമ്പത്തുണ്ടാകുന്നു. നിറങ്ങൾ, ആകൃതികൾ എന്നിവ തിരിച്ചറിയുന്നു. എന്തുകൊണ്ട്, ആര് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉപയോഗിക്കുന്നു.
5 -6 വയസ്സിനിടയ്ക്ക് 5-6 വാക്കുകളുള്ള വാക്യങ്ങൾ ഉപയോഗിക്കുന്നു. 2000 വാക്കിന്റെ പദസമ്പത്തുണ്ടാകുന്നു. വസ്തുക്കൾ എന്തുകൊണ്ടാണ്ഉണ്ടായിരുന്നതെന്ന് പറയാൻ സാധിക്കുന്നു. തൊട്ടു മനസ്സിലാകാൻ സാധിക്കാത്ത കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുന്നു. (ഉദാ: അകലെ, മുകളിൽ) പത്ത് സാധനങ്ങൾ എണ്ണുന്നു. ഇടതുംവലതും തിരിച്ചറിയുന്നു. ഒരു പോലെയുള്ളതുംവ്യത്യസ്തമായതുമായസാധനങ്ങൾ തിരിച്ചറിയുന്നു.
മാതാപിതാക്കൾക്കുള്ളഹെൽത്ത്കെയർ കൗൺസലിങ്
ഓരോ കുഞ്ഞിനും ഭാഷാ കൊണ്ട് സമ്പന്നമായ ഒരു ചുറ്റുപാട് ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭാഷാ പ്രാവിണ്യം പരിപോഷിപ്പിക്കാൻ കുഞ്ഞുങ്ങൾക്ക്കുടുംബാംഗങ്ങളുമായുംമറ്റുള്ളവരുമായുമുള്ള സ്വാഭാവികമായ ഇടപെടലിനുള്ള സാഹചര്യങ്ങൾ നൽകണം. താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
- കുഞ്ഞുങ്ങളോട് അളവില്ലാതെ സംസാരിക്കുക, ഓർക്കുക, നവജാതശിശുവിനുപോലും സംസാരം കേൾക്കുന്നത്ഗുണകരമാകും.
- ശിശുക്കൾ ഉണ്ടാക്കുന്ന ശബ്ദങ്ങളോട് പ്രതികരിക്കാൻ ശ്രദ്ധിക്കുക
- കുഞ്ഞുങ്ങളോടൊപ്പം കളിയ്ക്കാൻ സമയം കണ്ടെത്തുക
- കുഞ്ഞുങ്ങൾ പറയുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവർക്ക് തോന്നുന്ന വിധത്തിൽ പ്രതികരിക്കുക. പ്രതികരിക്കുമ്പോൾ അവരുടെ മുഖത്തു നോക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുഞ്ഞു നിങ്ങളുടെ മുഖത്തു നോക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതിലൂടെ കേള്‍വിശക്തിയും കാഴ്ചശക്തിയും ഉറപ്പാക്കുന്നതിനോടൊപ്പംഓട്ടിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇല്ല എന്നും ഉറപ്പാക്കാം.
- നിങ്ങൾ കുഞ്ഞിന് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുമ്പോൾ അവയെക്കുറിച്ചു കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരിക്കുക. ഉദാ: കുളിക്കുമ്പോൾ, വസ്ത്രം ധരിപ്പിക്കുമ്പോൾ, ആഹാരം കൊടുക്കുമ്പോൾ ഒക്കെ അതിനെക്കുറിച്ചു നമുക്ക് കുഞ്ഞിനോട് സംസാരിക്കാവുന്നതാണ്.
- കുഞ്ഞുങ്ങൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതും പാട്ടുപാടി കൊടുക്കാനും സമയം കണ്ടെത്തുക, ഇതിലൂടെ കുഞ്ഞുങ്ങൾ വേഗത്തിൽ വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യും. മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആദ്യ പാഠങ്ങൾ കുഞ്ഞു പഠിച്ചു തുടങ്ങുന്നതും ഇവയിലൂടെയാണെന്നുഓർക്കുക. ഇന്നും പലരും കുഞ്ഞുങ്ങൾക്ക് കഥ പറഞ്ഞുകൊടുക്കുന്നതിനും പാട്ടുപാടി കൊടുക്കുന്നതിനും മൊബൈൽ ഫോണും, ടാബും, കമ്പ്യൂട്ടറും, ടിവിയും ഒക്കെ ഉപയോഗിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ട്. ഓർക്കുക ഇതൊക്കെ കുഞ്ഞിന് കാണാനും കേൾക്കാണുമെ കഴിയൂ, കുഞ്ഞിന് പ്രതികരിക്കാനാകില്ല (One way Communication). ആശയ വിനിമയം പൂര്ണമാകാനുംഎളുപ്പത്തിൽ ഉൾക്കൊള്ളാനും എപ്പോഴും നല്ലത് കുഞ്ഞു അടുത്തിടപഴകുന്ന ആളുകൾ കുഞ്ഞിനോട് സംസാരിക്കുന്നതും കഥ പറഞ്ഞു കൊടുക്കുന്നതുമൊക്കെയാണ് (Two way communication). അതുകൊണ്ടാണ് ധാരാളം അംഗങ്ങൾ ഉള്ള വീട്ടിലെ കുഞ്ഞുങ്ങൾ വേഗം സംസാരിച്ചു തുടങ്ങുന്നത്.
- കുഞ്ഞുങ്ങൾക്ക്ചിത്രങ്ങൾ കാട്ടിക്കൊടുത്ത് കഥകൾ വായിച്ചുകൊടുക്കാവുന്നതാണ്.
- കുഞ്ഞുങ്ങളെ വാക്കുകൾ പഠിപ്പിക്കുന്നതിന് ചിത്രങ്ങളും വസ്തുക്കളും കാണിച്ചു കൊടുത്ത പറഞ്ഞു കൊടുക്കുന്നത് പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നതിനും അവ പ്രകടിപ്പിക്കുന്നതിനും സഹായകരമാകും.
- കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ ധാരാളം ചോദ്യങ്ങൾ ചോദിക്കുന്നതിനും അവരുടെ ചോദ്യങ്ങൾക്ക് അനുയോജ്യമായ ഉത്തരങ്ങൾ നൽകുന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
- കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ വാക്കുകളോടൊപ്പം ആംഗ്യങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക
- കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകളെ കളിയാക്കാനോ ആ തെറ്റായ വാക്കുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുവാനോ പാടില്ല. മറിച്ച് ശരിയായി സംസാരിക്കാൻ വാക്കുകൾ വ്യക്തമായി പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്
- കുട്ടിയോടൊപ്പം കളിയ്ക്കാൻ സമയം കണ്ടെത്തുക കളിയെക്കുറിച്ചുംകളിപ്പാട്ടങ്ങളെക്കുറിച്ചുമൊക്കെ ഈ സമയം കുട്ടിയോട് സംസാരിക്കുക.
- മറ്റു കുട്ടികളോടൊപ്പം കളിക്കാനുള്ള സാഹചര്യങ്ങൾ കുട്ടിക്ക് ഉണ്ടാക്കികൊടുക്കുക.
- കുട്ടിക്ക്സമപ്രായക്കാരുമായി ഇടപഴകാനും കളിക്കാനുമുള്ളസാഹചര്യങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കുക. സംസാര ഭാഷാ വികസന പ്രശ്നങ്ങളുള്ള കുട്ടികളെ നേരത്തെ തന്നെ അംഗൻവാടിയിലോപ്ലേസ്കൂളിലോ വിടുന്നത് നന്നായിരിക്കും
- മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തകുട്ടികൾക്ക് സംസാര ഭാഷാ വികസനത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ ലഭ്യമല്ല. ഒരു ശിശുരോഗവിദഗ്ദന്റെവിലയിരുത്തലിന് ശേഷം ആവശ്യമെങ്കിൽ നേരത്തെ തന്നെ വേണ്ട മാറ്റങ്ങൾ കുട്ടിയുടെ സാഹചര്യത്തിൽ വരുത്തുന്നതിനോടൊപ്പം ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം തേടാവുന്നതാണ്.
ഡോ. എം.കെ.സി നായര്‍
ഡോ. ലീന സുമരാജ്

