- October 16, 2020
- Posted by: Caring
- Category: Parenting
ഏറ്റവും കൂടുതൽ ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന തയ്യാറാക്കിയപ്പോൾ അതിലൊരു പ്രധാന സ്ഥാനം ഇന്ത്യക്ക് ഉണ്ട് എന്ന വസ്തുത നാം വളരെ ഗൗരവപൂർവ്വം പരിഗണിക്കേണ്ടിയിരിക്കുന്നു. ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നമുക്ക് എല്ലാവർക്കുമുണ്ട്.
ഇന്ത്യയിൽ 10% ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. നമ്മുടെ നാട്ടിൽ 50 ദശലക്ഷം ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ എട്ടിൽ ഒരാൾക്ക് 40 വയസ്സിൽ താഴെയാണ് പ്രായം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ത്യയിൽ 31% നഗരവാസികൾ അമിതഭാരം ഉള്ളവരാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമിത വണ്ണം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രമേഹ രോഗികളുടെ എണ്ണവും അനുദിനം വർദ്ധിച്ചുവരുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. 100 ദശലക്ഷം ഇന്ത്യാക്കാർക്ക് അമിത രക്തസമ്മർദ്ദം ഉണ്ടെന്നും കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിൽ രക്താതിസമ്മർദ്ദത്തിന് (Hypertension) വലിയൊരുപങ്കുുണ്ടെന്നും നമുക്കെല്ലാം അറിയാം. നമ്മുടെ നഗരവാസികളിൽ 40% പേർ അമിത കൊളസ്ട്രോൾ ഉള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൗമാരത്തിലെ അമിതവണ്ണം (BMI>25), രക്താതിസമ്മർദ്ദം, അമിതകൊളസ്ട്രോൾ നില എന്നിവ ഭാവിയിൽ ഹൃദ്രോഗ സാധ്യത ഉണ്ടാക്കും എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രതിരോധ നടപടികൾ ചെറുപ്പത്തിൽ തന്നെ തുടങ്ങണം എന്ന യാഥാർത്ഥ്യം ഈ കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം എന്നിവ ഭാവിയിൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നത് ജനിതക ഘടകങ്ങളോടൊപ്പം ജനനസമയത്തെ തൂക്കകുറവും ആദ്യവർഷങ്ങളിലേയും കൗമാരത്തിലേയും തൂക്കകൂടുതലും അതോടൊപ്പം അനാരോഗ്യകരമായ ഭക്ഷണ രീതിയും – പ്രത്യേകിച്ച് കൊഴുപ്പും, ഉപ്പും കൂടുതലായിട്ടുളള ആഹാരപദാർത്ഥങ്ങൾ, കൗമാരത്തിൽ തുടങ്ങിയേക്കാവുന്ന മദ്യപാനം പുകവലി എന്നിവയാണ്. മേൽപറഞ്ഞ അപകടസാധ്യതകൾ ഒത്തുചേരുമ്പോൾ Syndrome X ഏന്നുവിളിക്കുന്ന ഒരു metabolic പ്രശ്നത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ കാതലായ പ്രശ്നം എൻഡോക്രയിൻഗ്രന്ഥികളിലാണെങ്കിലും തുടക്കം അമിതവണ്ണത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ അമിതവണ്ണം ഉണ്ടാകുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല.
നമ്മുടെ ആഹാരരീതിയിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിശക്കുമ്പോൾ മാത്രം കഴിക്കുക എന്നതിൽ നിന്ന് മാറി സമയത്തും അസമയത്തും ആഹാരം കഴിക്കുന്ന രീതി, ഒട്ടും തന്നെ ആരോഗ്യപ്രദമല്ലാത്ത ബേക്കറി പലഹാരങ്ങളുടെ അമിതഉപയോഗം, പച്ചക്കറികൾ തീരെ കഴിക്കാതിരിക്കുന്ന ഒരു പ്രവണത, വളരെ താമസിച്ച് അത്താഴം കഴിക്കുന്നരീതി, ഇവയോടൊപ്പം ഒട്ടും തന്നെ വ്യായാമം ചെയ്യാതിരിക്കുകയും കൂടി ആകുമ്പോൾ പൊണ്ണത്തടി ഉണ്ടാകാൻ മതിയായ കാരണമായി. ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം, സാഹചര്യം എന്നൊക്കെ പറഞ്ഞ് സ്വയം ഒഴിഞ്ഞുമാറാമെങ്കിലും പ്രത്യേകിച്ച് വയറിലും അരക്കെട്ടിലും അടിഞ്ഞുകൂടിയ കൊഴുപ്പ് അത്ര പെട്ടെന്നൊന്നും മാറിത്തരില്ല എന്ന് നാം ഓർക്കണം. കൃത്യമായി വ്യായാമം ചെയ്യുക, ഓരോരുത്തർക്കും അനുയോജ്യമായ തൂക്കത്തിൽ കൂടുതൽ വരാതെ നോക്കുക, ഒരുകാരണവശാലും ശരീരത്തിന്റെ മധ്യഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക, തുടങ്ങിയ നല്ല ശീലങ്ങൾ നമ്മൾ ഓരോരുത്തരും അനുവർത്തിക്കണം.
എന്തുകൊണ്ട് ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം?
- വ്യായാമം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാനും മാംസപേശികൾ ഉറയ്ക്കാനും എല്ലിന് ദൃഢത വരുത്താനും കാരണമാകുന്നു.
- ശാരീരിക fitness പോലെതന്നെ cardio-pulmonary fitness ഉണ്ടാകുന്നതിനും വ്യായാമം സഹായിക്കുന്നു.
- വ്യായാമം വിശപ്പ് കൂട്ടുമെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ മാംസപേശികളിലെ ഗ്ലൂക്കോസിന്റെ ഉപയോഗം കൂട്ടി അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത തടയുകയാണ് ചെയ്യുന്നത്. അമിതവണ്ണം ഉള്ള ഒരാൾക്ക് അതില്ലാത്ത ഒരാളെ അപേക്ഷിച്ച് ഏതസുഖവും വരാനുള്ള സാധ്യത കൂടുതലാണെന്ന് നമ്മൾ മനസ്സിലാക്കണം.
മേല്പറഞ്ഞ എല്ലാ കാരണങ്ങളും പ്രധാനമാണെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിതശൈലീരോഗങ്ങൾ ഉണ്ടാകുന്നതിനേക്കാൾ പ്രധാനമാണ് ജീവിതപാതയിലെ ഓരോ വഴിയിലും ഇവയുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത്. കാരണം, മാസം തികഞ്ഞെങ്കിലും തൂക്കം കുറഞ്ഞ് ജനിച്ച കുട്ടി, ആദ്യവർഷങ്ങളിൽ അമിതവണ്ണം ഉള്ള കുട്ടി, കൗമാരത്തിൽ അമിതവണ്ണം ഉള്ള കുട്ടി, യുവത്വത്തിൽ പുകവലിയും മദ്യപാനവും അമിതമായി ഉപയോഗിക്കുന്നത് ശീലമാക്കിയ കുട്ടി, വീട്ടിലോ പഠനസ്ഥലത്തോ യാതൊരു വ്യായാമവും ചെയ്യാത്തൊരു കുട്ടി, junk food മാത്രമേ കഴിക്കൂ എന്ന് വാശിപിടിക്കുന്ന കുട്ടി, ഇവർ ഭാവിയിൽ വരാവുന്ന ജീവിതശൈലീരോഗങ്ങളെ ക്ഷണിച്ചു വരുത്താൻ വേണ്ട എല്ലാ പടവുകളും കേറി കേറി പോവുകയാണ് എന്നതാണ് സത്യം. ഇവയോടൊപ്പം നമ്മളറിയാതെ തന്നെ ഓരോ ദിവസവും നമ്മളനുഭവിക്കുന്ന മാനസിക സംഘർഷവും (stress) ജീവിതശൈലീരോഗങ്ങളുണ്ടാക്കുന്ന ഒരു അപകട സാധ്യതയാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അല്പം സമ്മർദ്ദം കാര്യപ്രാപ്തി വർദ്ധിപ്പിക്കും എന്ന് പറയുന്നതിൽ സത്യമുണ്ടെങ്കിലും വർഷങ്ങളായി നമ്മളനുഭവിക്കുന്ന ചെറിയ സമ്മർദ്ദങ്ങളുടെ ആകെത്തുക അത്ര നിസ്സാരമല്ല എന്ന് നാം മനസ്സിലാക്കണം. സമ്മർദ്ദം പല കാരണങ്ങൾ കൊണ്ടാകാം, അകാരണമായിട്ടാകാം, നമ്മുടെ ചിന്തയിലുള്ള വൈകല്യംകൊണ്ടാകാം. പക്ഷെ അതിന്റെ അളവ് കൂടുമ്പോൾ എല്ലാ ശാരീരിക പ്രക്രിയകളെയും അപകടകരമാം വിധം സ്വാധീനിക്കും എന്നതാണ് സത്യം -പ്രത്യേകിച്ച് ഒട്ടും സഹനശക്തിയില്ലാത്ത ഇന്നത്തെ യുവത്വത്തിന്. ആഗ്രഹിക്കുന്നത് മിക്കവാറും കിട്ടാൻ സാധ്യതയില്ലാതിരുന്ന പഴയ തലമുറയിൽ നിന്ന് ആഗ്രഹിക്കുന്നതിന് മുമ്പുതന്നെ രക്ഷിതാക്കൾ വാരിക്കോരി കൊടുക്കുന്ന പുതിയ തലമുറയിലേക്ക് മാറിയപ്പോൾ നഴ്സറിയിൽ പഠിക്കുന്ന കുട്ടിയ്ക്കും ഇന്ന് സമ്മർദ്ദം ഒരു പ്രശ്നമായിട്ട് മാറി.
ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന യുവജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ ഭാവിയിൽ വരാൻ സാധ്യതയുള്ള ജീവിതശൈലീരോഗങ്ങൾ നല്ല ഒരളവുവരെ നമുക്ക് പ്രതിരോധിക്കാനാകും. മധ്യ വയസ്സുകാരുടെ മരണകാരണം പരിശോധിച്ചപ്പോൾ നല്ലൊരു ശതമാനം മരണത്തിനും കാരണമായത് ചെറുപ്പത്തിൽ അവർ സ്വീകരിച്ച പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളോടൊപ്പം അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണവും വ്യായാമം ഇല്ലാത്ത ജീവിത രീതിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തടയാനാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ യുവജനങ്ങൾ ആരോഗ്യകരമായ ജീവിതചര്യകൾ സ്വീകരിച്ചേ മതിയാകൂ.
ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാതിരിക്കാൻ കൗമാരപ്രായക്കാർക്കും യുവാക്കൾക്കും എന്തൊക്കെ ചെയ്ചാം ?
- ശരീരഭാരം അമിതമായി കൂടിയശേഷം കുറയ്ക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് അമിതവണ്ണം ഉണ്ടാകാതെ സൂക്ഷിക്കുന്നതാണ്. പൊക്കത്തിന് ആനുപാതികമായിട്ടുള്ള ശരീരഭാരമെ തനിയ്ക്കുുള്ളു എന്ന് ഉറപ്പാക്കുകയാണ് ഇതിന് ഏറ്റവും നല്ല മാർഗ്ഗം.
- പുതിയ പുതിയ രുചികൾ തേടിപ്പോകുന്നത് ഇന്ന് നമ്മുടെയെല്ലാം ഒരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. വല്ലപ്പോഴുമൊക്കെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷെ അത് ഒരു ശീലമാക്കാതിരിക്കുക. വീട്ടിൽ അമ്മയുണ്ടാക്കിതരുന്ന പോഷക സമൃദ്ധമായ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
- നമ്മുടെ വീടുകളിലും കുട്ടികൾക്ക് വറുത്തതും പൊരിച്ചതും കൊഴുപ്പ് കൂടുതലുള്ളതു മായ ആഹാരസാധനങ്ങൾ അമിതമായി കൊടുക്കുന്നരീതി ഇപ്പോൾ കണ്ടുവരുന്നുണ്ട്. അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരത്തോടൊപ്പം വ്യായാമം തീരെ ഇല്ലാതെ ടീവിയുടെ മുമ്പിൽ ചടഞ്ഞ് കൂടാനാണ് ഇപ്പോൾ കൂടുതൽ പേരും ശ്രമിക്കുന്നത്. കുറഞ്ഞത് 30-45 മിനിട്ടെങ്കിലും തുടർച്ചയായി വ്യായാമം കിട്ടുന്ന ശാരീരിക പ്രവർത്തികളിൽ ഏർപ്പെടേണ്ടതാണ്. കളിക്കുകയോ, ഓടുകയോ, ചാടുകയോ, നടക്കുകയോ, നീന്തുകയോ, ഡാൻസ്ചെയ്യൂകയോ എന്തുവേണമെങ്കിലും ആകാം. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
- ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മത്തി, അയല, ചൂര എന്നീ മത്സ്യങ്ങളൊക്കെ ഇതിന്റെ നല്ല ഉറവിടങ്ങളാണ്.
- ആഹാരത്തിൽ കൂടുതലായി പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. ഓരോ സീസണിലും സുലഭമായി കിട്ടുന്ന പഴങ്ങൾ കഴിച്ചാൽ മതി.
- ധാരാളം നാരുകളടങ്ങിയ പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കുക
- അപൂരിതകൊഴുപ്പുകളടങ്ങിയ (unsaturated fats) എണ്ണകൾ പാചകത്തിന് ഉപയോഗിക്കാതിരിക്കുക. സസ്യഎണ്ണയും തവിടെണ്ണയും പാചകത്തിനായി തിരഞ്ഞെടുക്കുന്നതിലൂടെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനാകും.
- പാൽ കൊഴുപ്പ് നീക്കിയ ശേഷം ഉപയോഗിക്കുന്നത് നന്നായിരിക്കും.
- എല്ലാ തരത്തിലുള്ള പുകയില ഉല്പന്നങ്ങളുടെയും ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക.
- Body mass index (BMI) എപ്പോഴും 25ൽ താഴെയാണെന്ന് ഉറപ്പ് വരുത്തുക. BMI നിരക്ക് 25ൽ കൂടുമ്പോൾ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത BMI 23ൽ താഴെയുള്ളവരെ അപേക്ഷിച്ച് 10മടങ്ങും രക്താതിസമ്മർദ്ദവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത 2മുതൽ 3മടങ്ങ് വരെയും കൂടും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. BMI നിരക്ക് 18.5നും 24നും ഇടയ്ക്ക് നിലനിർത്തുന്നതിലൂടെ വലിയൊരു ശതമാനം ജീവിതശൈലീ രോഗങ്ങളെ തടയാനാകും എന്നത് ചെറിയ കാര്യമല്ല എന്നോർക്കുക.
- BMI പോലെതന്നെ ശ്രദ്ധിക്കേണ്ട ശാരീരിക അളവുകളാണ് അരക്കെട്ടിന്റെ ചുറ്റളവും (waist circumference) വയറിന്റെ ചുറ്റളവും (abdomen circumference). വയറിൽ കൊഴുപ്പ് അടിയുന്നത് തടയുന്നതിലൂടെ നമുക്ക് ജീവിതശൈലീരോഗങ്ങളെ തടയുന്നത് കൂടുതലെളുപ്പമാകും. പെട്ടെന്ന് അളക്കാവുന്ന രണ്ടളവുകളാണ് ഇവ. വയറിന്റെ ചുറ്റളവ് ആൺകുട്ടികളിൽ 90cmനും പെൺകുട്ടികളിൽ 80cmനും മുകളിൽ പോകുന്നില്ല എന്ന് ഉറപ്പാക്കുക. അതുപോലെതന്നെ അരക്കെട്ടിന്റെ ചുറ്റളവ് ആൺകുട്ടികളിൽ 100cm നും പെൺകുട്ടികളിൽ 88cmനും മുകളിൽ പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഈ അളവുകൾ 5cmലേറെ കൂടുന്നതായി കണ്ടെത്തിയാൽ തീർച്ചയായിട്ടും ഭക്ഷണരീതിയിലെയും വ്യായാമത്തിലെയും പ്രശ്നങ്ങൾ കണ്ടെത്തി വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കുക.
- ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിൽ ചടഞ്ഞ് കൂടുന്ന ശീലം കുട്ടികളിലും യുവജനങ്ങളിലും വർദ്ധിച്ചുവരുന്നതായി നമുക്കെല്ലാവർക്കും അറിയാം. ഇത് പരമാവധി കുറയ്ക്കുക.
- മധുരപലഹാരങ്ങളുടെയും ലഘുപാനീയങ്ങളുടെയും (soft drinks) ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുക.
- ആഹാരത്തിൽ ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. രക്തസമ്മർദ്ദം കൂടുന്നതിന് പ്രധാന കാരണമായി തീരുന്ന സോഡിയത്തിന്റെ അളവ് ഒരു ദിവസം ഒരാൾക്ക് 1.7 ഗ്രാമിൽ കൂടാൻ പാടില്ല. 5ഗ്രാം ഉപ്പിൽ ഇത്രയും അളവ് സോഡിയം അടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ദിവസം ഒരാൾക്ക് ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ് 5ഗ്രാം ആണ്. പാക്കറ്റുകളിൽ ലഭിക്കുന്ന ചിപ്സ് പോലെയുള്ള സാധനങ്ങളിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലാണെന്ന് തിരിച്ചറിയുക.
- യാത്രാ സൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ നമ്മളൊക്കെ തീരെ നടക്കാതെയായി. എത്ര തിരക്കുള്ളപ്പോഴും നടക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുക. സൈക്കിൾ ചവിട്ടുന്നതും വളരെ നല്ല വ്യായാമം ആണെന്ന് ഓർക്കുക.
പഠനങ്ങൾ സൂചിപ്പിക്കുന്നത് 90%ലേറെ ടൈപ്പ് 2 ഡയബെറ്റിസും, 80%ലെറെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും 70%ലേറെ പക്ഷാഘാതം (stroke) അമിത ശരീരഭാരം ഒഴിവാക്കിയും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിച്ചും ആരോഗ്യകരമായ ഭക്ഷണം കഴിച്ചും പതിവായി വ്യായാമം ചെയ്തും തടയാവുന്നതാണ്. ഇതിന് നമുക്ക് ശരിയായ ബോധവത്ക്കരണ പരിപാടികൾ നടപ്പാക്കേണ്ടിയിരിക്കുന്നു. സ്കൂളുകളിൽ കളികൾക്കായി ദിവസവും 45മിനിറ്റെങ്കിലും നീക്കിവെയ്ക്കുന്നത് കുട്ടികളിൽ വ്യായാമം ഉറപ്പാക്കുന്നതിന് സഹായകരമാകും. യോഗപോലെയുള്ള വ്യായാമമുറകൾ ദിവസവും ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും വളരെ നല്ല ഫലങ്ങൾ ഭാവിയിൽ പ്രദാനം ചെയ്യും. സ്കൂൾ/കോളേജ് തലത്തിൽ ആരോഗ്യ ബോധവത്കരണ പദ്ധതികൾ നടപ്പാക്കി കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടുന്നതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കേണ്ടതാണ്. ഇതിന് നിങ്ങളോരുത്തരും മുൻകൈ എടുക്കണം. സ്വയം ഇവയെല്ലാം പാലിക്കുന്നു എന്ന് ഉറപ്പാക്കണം.
Key Messages
- മദ്യപാനവും പുകവലിയും ഒഴിവാക്കുക
- ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക
- ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക
- ഭക്ഷണത്തിൽ അന്നജത്തിന്റെയും(carbohydrate) കൊഴുപ്പിന്റെയും (fats)നീണ്ടകാലം സൂക്ഷിച്ചുവയ്ക്കാവുന്ന ഭക്ഷണസാധനങ്ങളുടെയും (processed food) അളവ് കുറയ്ക്കുക.
- വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക
- ദിവസവും 30-45 മിനിട്ടെങ്കിലും വ്യായാമത്തിനായി നീക്കിവെയ്ക്കുക
- പെൺകുട്ടികളിൽ പോളിസിസ്റ്റിക് ഓവറി ഡിസീസിന്റെ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കുക
- പോളിസിസ്റ്റിക് ഓവറി ഡിസീസിന് (PCOD) ശാശ്വതമായ പരിഹാര മാർഗ്ഗങ്ങൾ ഇല്ലെങ്കിലും നേരത്തേ ശ്രദ്ധിച്ചാൽ ഭാവിയിൽ വരാൻ സാധ്യതയുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.
- ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിന് യോഗ നല്ല രീതിയിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
- ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അമിതവണ്ണം, അമിത കൊളസ്ട്രോൾ, രക്താതിസമ്മർദ്ദം, പ്രമേഹം എന്നിവ തടയാനാകും.
- ഉറക്കം ആരോഗ്യത്തിന് അനിവാര്യമാണ്. ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം.
- നേരത്തേ ഉറങ്ങി നേരത്തേ എഴുന്നേൽക്കുന്നത് ശീലമാക്കണം

