ഭക്ഷ്യ സുരക്ഷിതത്വം

സുരക്ഷിതമായ ആഹാരമെന്നത്  ഒരു കൂട്ടായ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഭക്ഷ്യ സുരക്ഷിതത്വം ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ തലത്തിലുമുള്ള ആളുകളുടെ കൂട്ടായ ബോധവത്കരണവും പരിശ്രമവും ഇതിനാവശ്യമായി തീർന്നിരിക്കുന്നു. ഉല്പാദകരും വിതരണക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ ഈ വിഷയത്തിലുണ്ട്. വയറിളക്കരോഗങ്ങൾ, വൈറസ് അണുബാധകൾ തുടങ്ങി പ്രജനനാരോഗ്യ പ്രശ്നങ്ങൾ, കുട്ടികളുടെ വളർച്ചയിലും വികാസത്തിലുമുള്ള പ്രശ്നങ്ങൾ തുടങ്ങി കാൻസർ വരെ സുരക്ഷിതമല്ലാത്ത ആഹാരത്തിലൂടെ മനുഷ്യരിലേക്ക് എത്തിച്ചേരാമെന്നിരിക്കെ ഈ വിഷയം ആരോഗ്യരംഗത്തും പൊതുരംഗത്തും ചർച്ചചെയ്യപ്പെടേണ്ടത് വളരെയധികം പ്രാധാന്യമർഹിക്കുന്നു.

ഭക്ഷ്യസുരക്ഷിതത്വത്തിന് അനുദിനം ഭീഷണികൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും വന്നമാറ്റങ്ങൾ, പരിസര മലിനീകരണം, പുതിയതും ശക്തി പ്രാപിച്ചതുമായ ബാക്ടീരിയകൾ, വൈറസുകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയോക്കെ ഭക്ഷ്യ സുരക്ഷിതത്വത്തിന് വെല്ലുവിളികളായി മാറിക്കൊണ്ടിരിക്കുന്നു. 2015 ൽ ലോകാരോഗ്യദിനത്തിന്റെ പ്രധാന വിഷയമായി ഈ വിഷയം തിരഞ്ഞെടുത്തതിന്റെ പ്രധാന ലക്ഷ്യം സർക്കാർ തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ കൂടുതൽ നടപടികൾ എടുക്കുവാൻ സഹായിക്കുക, പൊതുജനങ്ങൾക്ക് തങ്ങളുടെ പാത്രത്തിലെ ആഹാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സഹായകരമായ നിർദ്ദേശം നൽകുുക എന്നിവയാണ്.

ആഹാരജന്യരോഗങ്ങൾ (foodborne diseases) എന്നാലെന്ത്?

ലോകമെമ്പാടുമുള്ള ജനങ്ങൾ ദിവസവും അവർ കഴിക്കുന്ന ആഹാരത്തിലൂടെ രോഗബാധിതരാകാറുണ്ട്. ആഹാരത്തിലുണ്ടായ സൂക്ഷ്മരോഗാണുക്കളിലൂടെ ഉണ്ടാകുന്ന ഇത്തരം രോഗങ്ങൾക്കാണ് ആഹാരജന്യരോഗങ്ങൾ എന്നു പറയുന്നത്. നാം കഴിക്കുന്ന ആഹാര സാധനങ്ങളിൽ അപകടകാരികളായ സൂക്ഷ്മ രോഗാണുക്കൾ കടന്നുകൂടുന്നത് വഴിയാണ് ആഹാരജന്യ രോഗങ്ങൾ ഉണ്ടാകുന്നത്. സൂക്ഷ്മാണുക്കൾ ഭക്ഷണപദാർത്ഥങ്ങൾ മലിനമാക്കുന്നത് തടയുക മാത്രമാണ് ആഹാരജന്യരോഗങ്ങൾ പ്രതിരോധിക്കാനുള്ള മാർഗ്ഗം.

എന്താണ് സൂക്ഷ്മാണുക്കൾ?

നഗ്ന നേത്രങ്ങൾക്ക് കാണാനാകാത്തവിധം ചെറിയ ജീവികളാണ് സൂക്ഷ്മാണുക്കൾ. ഇവയിൽ നല്ലത്, ചീത്ത, അപകടകാരികൾ എന്നിങ്ങനെ മൂന്നുതരത്തിലുള്ള സൂക്ഷ്മാണുക്കളുണ്ട്. നല്ലസൂക്ഷ്മാണുക്കൾ മനുഷ്യന് ഗുണകരമാണ്. ഇവ ആഹാരം ദഹിപ്പിക്കുന്നതിനും ചില മരുന്നുകൾ ഉണ്ടാക്കുന്നതിനും (ഉദാ. പെൻസിലിൻ) ചില ഭക്ഷണ സാധനങ്ങളും പാനീയങ്ങളും (ഉദാ. ചീസ്, യോഗർട്ട്, വൈൻ) ഉണ്ടാക്കുന്നതിനും സഹായകരമാണ്. ചീത്ത സൂക്ഷ്മാണുക്കൾ മനുഷ്യന് അസുഖം ഉണ്ടാക്കുകയില്ല. പക്ഷെ അവ ആഹാരസാധനങ്ങളെ കേടാക്കും. അപകടകാരികളായ സൂക്ഷ്മാണുക്കൾ മനുഷ്യന് രോഗങ്ങൾ ഉണ്ടാക്കുകയും മരണകാരണം വരെ ആയേക്കാം. ബാക്ടീരിയ, വൈറസ്, ഈസ്റ്റ്, മോൽഡ് തുടങ്ങിയവ ഈ ഗണത്തിൽപ്പെടുന്ന സൂക്ഷ്മ ജീവികളാണ്. അപകടകാരികളായ  സൂക്ഷ്മാണുക്കൾ ആഹാരത്തിന്റെ നിറത്തിനോ, മണത്തിനോ, ഗുണത്തിനോ മാറ്റം വരുത്താത്തതുകൊണ്ട് ആഹാരസാധനങ്ങളിൽ ഇവ അടങ്ങിയിട്ടുണ്ടോ എന്ന് പറയാനാവില്ല.

എങ്ങനെയാണ് സൂക്ഷ്മാണുക്കൾ ഉണ്ടാകുന്നത് ?

എല്ലാ ജീവജാലങ്ങളിലും സൂക്ഷ്മാണുക്കൾ ഉണ്ടായിരിക്കും. മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വായിലും തൊലിപ്പുറത്തുമൊക്കെ ഇവ ഉണ്ടാകും. ചില സൂക്ഷ്മാണുക്കൾ ജീവികളുടെ വിസർജ്ജ്യ വസ്തുക്കളിലൂടെ പുറത്തുവരും. ഈ സൂക്ഷ്മാണുക്കൾ സഞ്ചരിക്കുന്നത് ഏതെങ്കിലും ജീവികളിലൂടെയോ വസ്തുക്കളിലൂടെയോ ആയിരിക്കും. അപകടകാരികളായ സൂക്ഷ്മാണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത് പലപ്പോഴും കൈകളിലൂടെ ആയിരിക്കും. കൃഷിസ്ഥലങ്ങൾ മലിനമാകുുന്നത് പലപ്പോഴും കൃഷിപ്പണിയിൽ ഏർപ്പെടുന്നവരുടെ വ്യക്തിശുചിത്വ കുറവുകൊണ്ടും കൃഷിസ്ഥലങ്ങളിൽ മനുഷ്യരുടേയും മൃഗങ്ങളുടേയും പക്ഷികളുടേയും സംസ്കരിക്കാത്ത വിസർജ്ജ്യ വസ്തുക്കൾ എത്തുന്നതുകൊണ്ടും കൃഷിയിടങ്ങൾ നനയ്ക്കുന്നതിന് മലിനജലം ഉപയോഗിക്കുന്നതുകൊണ്ടും വിളവെടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളും വൃത്തിഹീനമായിരിക്കുന്നതുകൊണ്ടുമാണ്.

സൂക്ഷ്മാണുക്കൾ പെരുകുന്നതെങ്ങനെ ?

മിക്ക സൂക്ഷ്മാണുക്കളും പെരുകുന്നത് വിഘടനപ്രക്രിയയിലൂടെ (multiplication) യാണ്. സൂക്ഷ്മാണുക്കൾക്ക് വളരാൻ ആഹാരവും വെള്ളവും ചൂടും ആവശ്യമാണ്. ഒരു സൂക്ഷ്മാണുവിന് രണ്ടാകാൻ 15 മിനിറ്റ് മതി. ഇതിനർത്ഥം ഒരു ബാക്ടീരിയക്ക് ആറു മണിക്കൂർ കൊണ്ട് 16 ദശലക്ഷമായി മാറാനാകും. ചില സൂക്ഷ്മാണുക്കൾ അപകടകാരികളാകൻ വളരെ കൂടുതലായി പെരുകണം. മറ്റു ചിലവയാകട്ടെ അപകടകാരികളാകുന്നത് അവ വളരെ കുറച്ചാകുമ്പോഴാണ്. ചില ഗുണകരമായ കാലാവസ്ഥയിൽ സൂക്ഷ്മാണുക്കൾക്ക് മാസങ്ങളോളം പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും ജീവിക്കാനാകും. പച്ചക്കറികളും പഴവർഗ്ഗങ്ങളും നാം പാകം ചെയ്യാതെ ഉപയോഗിക്കുമ്പോൾ ഈ സൂക്ഷ്മാണുക്കൾ നമ്മുടെ ഉള്ളിൽ കടന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അപകടകാരികളായ സൂക്ഷ്മജീവികളടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ശുദ്ധജലത്തിൽ കഴുകുന്നതിലൂടെ ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാമെങ്കിലും പൂർണ്ണമായും ഒഴിവാക്കൻ പലപ്പോഴും കഴിയാറില്ല.

ആഹാരജന്യ രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?

പ്രതിവർഷം ദശലക്ഷകണക്കിന് ആളുകൾ ഒന്നോ അതിലധികമോ തവണ ആഹാരജന്യ രോഗങ്ങൾക്ക് അടിമപ്പെടാറുണ്ട്, ആഹാരമാണ് കാരണമെന്നറിയാതെ. ആഹാരജന്യരോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ്. രോഗലക്ഷണങ്ങൾ ചിലപ്പോൾ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാകാം. മറ്റു ചിലപ്പോൾ ദിവസങ്ങളും ആഴ്ചകളും എടുത്തേക്കാം. സാധാരണഗതിയിൽ മിക്ക ആഹാരജന്യരോഗങ്ങളും പ്രശ്നമുള്ള ഭക്ഷണം കഴിച്ചശേഷം 24 – 72 മണിക്കൂറിനുള്ളിൽ ഉണ്ടാകാനാണ് സാധ്യത. കണക്കുകൾ സൂചിപ്പിക്കുന്നത് മൂന്ന് ശതമാനം ആഹാരജന്യരോഗങ്ങൾ നീണ്ടുമിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്.വളരെ കഠിനമായ അസുഖങ്ങളായ arthritis, നാഡീസംബന്ധമായ അസുഖങ്ങൾ (neurological disorders) ക്കുവരെ ചിലപ്പോൾ മലിനമായ ഭക്ഷണം കാരണമായേക്കും. ആഹാരജന്യരോഗങ്ങൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാം. പലപ്പോഴും രോഗിക്ക് പരിചരണം നൽകുന്ന കുടുംബാംഗത്തിന് രോഗം പിടിപെടുന്നതായി കാണാറുണ്ട്. രോഗികൾക്ക് പരിചരണം നൽകുന്ന ആളുകൾ വ്യക്തി ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗബാധിതർ തുടങ്ങിയവർക്ക് ആഹാരജന്യരോഗമുണ്ടായാൽ പലപ്പോഴും കൂടുതൽ കഠിനമായും മാരകവുമായിത്തീരാൻ സാധ്യതയുണ്ട്.

രോഗബാധിതനായാൽ എന്തുചെയ്യണം?

ആഹാരജന്യരോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ കഴിവതും ആ വ്യക്തി ആഹാരസാധനങ്ങൾ പാകംചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും. ഇത് ഒഴിവാക്കാനാകുന്നില്ലെങ്കിൽ ധാരാളം വെള്ളവും സോപ്പുമുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകാൻ ശ്രദ്ധിക്കുക. ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മുഖാവരണം (mouth mask) ധരിക്കുന്നത് നന്നായിരിക്കും. രോഗചികിത്സ രോഗമനുസരിച്ചും കാഠിന്യമനുസരിച്ചും വ്യത്യാസപ്പെട്ടേക്കാമെങ്കിലും പൊതുവെ ആരോഗ്യജന്യ രോഗലക്ഷണങ്ങൾ കണ്ടാൽ ധാരാളം വെള്ളവും ലഘുപാോനീയങ്ങളും കുടിക്കാൻ ശ്രദ്ധിക്കുക. കഠിനമായ വയറിളക്കമോ രക്തം കലർന്നതോ വെള്ളം പോലെയോ ഉള്ള വയറിളക്കം ഉണ്ടെങ്കിലും ലക്ഷണങ്ങൾ മുന്നു ദിവസത്തിലേറെ നീണ്ടു നിൽക്കുന്നെങ്കിലും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കണം.

ആഹാരജന്യരോഗങ്ങൾ ഉണ്ടാക്കുന്ന സുക്ഷ്മരോഗാണുക്കൾ

ആഹാരജന്യ രോഗങ്ങളുണ്ടാക്കുന്ന പ്രധാന സുക്ഷ്മരോഗാണുക്കൾതാഴെപ്പറയുന്നവയാണ്.

  1. സാൽമൊണെല്ല (salmonella)

വളരെ സാധാരണയായി പലജീവികളുടേയും ദഹനവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് സാൽമൊണെല്ല. ഇവ മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യരിലേയ്ക്ക് എത്തിപ്പെടുന്നത് അവയുടെ വിസർജ്യ വസ്തുക്കളിലൂടെയാണ്. മനുഷ്യരിൽ ആഹാരജന്യരോഗങ്ങളുണ്ടാക്കുന്നതിൽ ഈ ബാക്ടീരിയയ്ക്ക് സുപ്രധാന പങ്കുണ്ട്. ഇതുമൂലമുണ്ടാകുന്ന രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ രക്തം കലരാത്ത വയറിളക്കവും കഠിനമായ വയറുവേദനയുമാണ്. ഈ ബാക്ടീരിയ മനുഷ്യരിലെത്തിയാൽ 8 മുതൽ 72 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുകയും 3 മുതൽ 5 ദിവസം വരെ കാണുകയും ചെയ്യും. മാംസം, താറാവ്, കോഴി മുതലായവയുടെ ഇറച്ചി, മുട്ട എന്നിവ ശരിയായി പാകംചെയ്ത് കഴിക്കുന്നത് ഈ രോഗബാധ തടയാനുള്ള ഒരു മാർഗ്ഗമാണ്. പാസ്ച്ചറൈസ് ചെയ്ത പാൽ ഉപയോഗിക്കുന്നതും ശരിയായ വ്യക്തിശുചിത്വം പാലിക്കുന്നതും ഇതുമൂലമുള്ള രോബാധ തടയുന്നതിന് സഹായകരമാകും.

  1. കാംപൈലോബാക്ടർ ജെജുനി (campylobacter jejuni)

1970 വരെ മനുഷ്യരിൽ ആഹാരജന്യരോഗമുണ്ടാക്കുമെന്ന്കണ്ടെത്തിയിട്ടില്ലാത്ത കാംപൈലോബാക്ടർ ജെജുനി എന്ന സൂക്ഷ്മാണു ഇന്ന് ഇത്തരം രോഗമുണ്ടാക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ മാത്രം നാല് ദശലക്ഷം ആളുകൾക്ക് പ്രതിവർഷം ഈ അണുബാധ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും വളർത്തുപക്ഷികളുടെ (കോഴി, താറാവ്) മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിൽ ഉണ്ടാകുന്നത്. തിളപ്പിക്കാത്ത പാൽ ഉപയോഗിക്കുന്നതിലൂടെയും ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നതിലൂടെയും ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ രോഗബാധ കൂടുതലും പുരുഷൻമാരിലാണ് കണ്ടുവരുന്നത്. വയറിളക്കം, വയറുവേദന, പനി, ഛർദ്ദി എന്നീ രോഗലക്ഷണങ്ങൾ കണ്ടേക്കാം ചിലപ്പോൾ രക്തം കലർന്ന വയറിളക്കം ഉണ്ടാകാം. 2-10 ദിവസം വരെ അസുഖം നീണ്ടു നിന്നേക്കാം.

  1. ഇ-കോളി 0157 – എച്ച് 7 (E – coli 0157-H7)

ഇ-കോളി എന്ന വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകൾ മനുഷ്യരുടേയും മൃഗങ്ങളുടെയും കുടലിൽ കാണുന്ന സാധാരണ ഒന്നാണെങ്കിലും ഇവയിൽ ചിലത് ആഹാരജന്യരോഗങ്ങൾക്ക് കാരണമാകും. ഇവയിൽ E – coli 0157-H7  എന്ന ബാക്ടീരിയ പലപ്പോഴും വളരെ കഠിനമായ വയറിളക്കത്തിന് കാരണമാകുകയും വൃക്കകൾക്ക് തകരാറുണ്ടാക്കുകയും ചെയ്യാറുണ്ട്. മലിനമായ ഭക്ഷണസാധനങ്ങളിലൂടെ, പ്രത്യേകിച്ച് ശരിയായി പാകം ചെയ്യാത്ത മാംസം, പാസ്ച്ചറൈസ് ചെയ്യാത്ത പാൽ, പാകം ചെയ്യാത്ത പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലൂടെയൊക്കെ ഇത് മനുഷ്യശരീരത്തിലെത്തിച്ചേരാം. രോഗമുള്ളവരുടെ വിസർജ്യവസ്തുക്കൾ ജലത്തിനെ മലിനമാക്കുന്നതിലൂടെ ഇത് പകരാം. ഈ സൂക്ഷ്മാണു മനുഷ്യശരീരത്തിലെത്തിയാൽ 1-10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കഠിനമായ വയറിളക്കം, (മിക്കപ്പോഴും രക്തം കലർന്നത്) കഠിനമായ വയറുവേദന, ചർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം Hemolytic Uremic Syndrome (HUS) എന്ന വൃക്കയെ ബാധിക്കുന്ന അസുഖത്തിന് കാരണമായേക്കാം എന്നതാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ മൂത്രത്തിന്റെ അളവ് കുറയുക, കട്ടൻചായയുടെ നിറത്തിൽ മൂത്രം പോകുക, വിളർച്ചയുണ്ടാകുക മുതലായവയാണ്. HUS ലക്ഷണങ്ങൾ പ്രകടമാകുന്നത് സാധാരണയായി ആഹാരജന്യരോഗബാധയുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും. ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സ എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം.

  1. ലിസ്റ്റീരിയ (Listeria)

 

കന്നുകാലികളിലും താറാവ്/കോഴി തുടങ്ങിയവയിലും മണ്ണിലും വെള്ളത്തിലും ഒക്കെ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണിത്. തിളപ്പിക്കാത്ത പാലിലും തിളപ്പിക്കാത്ത പാലുകൊണ്ടുണ്ടാക്കുന്ന ആഹാരസാധനങ്ങളിലും ഈ ബാക്ടീരിയ കാണാൻ സാധ്യതയുണ്ട്. വയറിളക്കത്തോടൊപ്പം ഛർദ്ദി, തളർച്ച, കഴുത്തിന്പിടിത്തം (stiffed neck) തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഈ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. പാൽ തിളപ്പിക്കാതെ ഉപയോഗിക്കാതിരിക്കുക, പാകം ചെയ്തതും ചെയ്യാത്തതുമായ ആഹാരസാധനങ്ങൾ ഒരുമിച്ച് വയ്ക്കാതിരിക്കുക തുടങ്ങിയവയാണ് പ്രതിരോധമാർഗ്ഗങ്ങൾ.

  1. കൊളസ്റ്ററിഡിയം പെർഫിൻജൻസ് (ColostridiumPerfingens)

ആഹാരജന്യരോഗങ്ങൾ ഉണ്ടാക്കുന്ന മറ്റൊരു ബാക്ടീരിയയാണിത്. ഈ ബാക്ടീരിയ സാധാരണഗതിയിൽ 40-1400C ലാണ് കൂടുതലായി കാണപ്പെടുന്നത്. സാധാരണ താപനിലയിലാണ് ഇത് വളരുന്നതെന്ന് സാരം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങളിൽ ഇത് ഉണ്ടാകില്ല. വളരെ നേരത്തെ പാകം ചെയ്ത് സാധാരണ താപനിലയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ശരീരത്തിൽ കടന്നാൽ ആറുമുതൽ 24 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും.വയറിളക്കവും വയറുവേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. പനി, ഛർദ്ദി തുടങ്ങയവ സാധാരണ ഉണ്ടാകാറില്ല. ഭക്ഷണസാധനങ്ങൾ നന്നായി പാകം ചെയ്ത് ചൂടോടെ ഉപയോഗിക്കുന്നതിലൂടെയും പാകം ചെയ്ത ഭക്ഷണസാധനങ്ങൾ രണ്ടു മണിക്കൂറിലേറെ സാധാരണ താപനിലയിൽ സൂക്ഷിക്കാതിരിക്കുന്നതിലൂടെയും ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

  1. നോറോവൈറസ് (Norovirus)

Gastro Enteritis എന്ന വയറിളക്കരോഗമുണ്ടാക്കുന്നസൂക്ഷ്മ രോഗാണുവാണിത്. ഈ രോഗബാധയുള്ളവരിൽ നിന്നും മറ്റള്ളവരിലേക്ക് ഇത് പകരാൻ സാധ്യതയുണ്ട്. ഈ രോഗമുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളിലൂടേയും ഈ രോഗം മറ്റുള്ളവരിലേക്ക് എത്താം. ഈ രോഗാണു ഉള്ളിൽചെന്നാൽ 12-48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കാം. രക്തം കലരാത്ത, വെള്ളം പോലുള്ള വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുതിർന്നവരിൽ വയറിളക്കവും കുട്ടികളിൽ ഛർദ്ദിയുമായിരിക്കും കൂടുതലായി കാണപ്പെടുക. രോഗബാധിതർ ഭക്ഷണം പാകംചെയ്യാതെയും, കൈകാര്യം ചെയ്യാതെയുമിരിക്കുന്നതിലൂടേയും, ശരിയായ വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും ഇത് ഒരു പരിധിവരെ തടയാനാകും.

  1. ഷിഗെല്ല (shigella)

ബാക്ടീരിയ ഇനത്തിൽപ്പെടുന്ന ഈ സൂക്ഷ്മാണു ഉണ്ടാക്കുന്ന ആഹാരജന്യരോഗമാണ് shigellosis ഈ രോഗമുള്ളവരുടെ വിസർജ്യ വസ്തുക്കൾ വെള്ളത്തിൽ കലരുന്നതിലൂടെ ഈ രോഗാണു മറ്റുള്ളവരിൽ എത്തുകയും രോഗകാരണം ഉണ്ടാക്കുകയും ചെയ്യും. കഠിനമായ വയറുവേദന,പനി, രക്തവും കഫവും കലർന്ന വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ സൂക്ഷ്മാണു ഉള്ളിലെത്തിയാൽ 1-7 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. 2 മുകൽ 7 ദിവസം വരെ നിലനിന്നേക്കാം. കുട്ടികളിലാണ് ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നത്.

ഭക്ഷണം സുരക്ഷിതമാക്കാനുള്ള അഞ്ച് മാർഗ്ഗങ്ങൾ (five keys to safer food)

നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ 5 മാർഗ്ഗങ്ങളാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

  1. ശുചിത്വം പാലിക്കുക (keep clean)
  • ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
  • മത്സ്യമാംസാദികൾ പാകം ചെയ്യുമ്പോൾ ഇടയ്ക്കിടെ കൈകൾ കഴുകാൻ ശ്രദ്ധിക്കുക
  • ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും കഴുകി ശുചിയാക്കി വെയ്ക്കുക
  • അടുക്കള എപ്പോഴും കീടവിമുക്തമാണെന്ന് ഉറപ്പുവരുത്തുക.
  • ടോയിലറ്റിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകാൻ മറക്കാതിരിക്കുക.
  1. പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങൾ ഒരുമിച്ച് വയ്ക്കാതിരിക്കുക (separate raw and cooked food).
  • പാകം ചെയ്യാത്ത മാംസം, മത്സ്യം, മുട്ട എന്നിവ മറ്റ് ഭക്ഷണസാധനങ്ങളോടൊപ്പം വയ്ക്കാതിരിക്കുക.
  • പാകം ചെയ്യാത്ത ഭക്ഷണസാധനങ്ങൾ മുറിക്കുന്നതിന് പ്രത്യേകം കത്തി, കഴുകുന്നതിനുള്ള പാത്രങ്ങൾ, ഇവ കൈകാര്യം ചെയ്യാനുള്ള മറ്റുപകരണങ്ങൾ എന്നിവ വയ്ക്കുക
  • പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങൾ പ്രത്യേകം പ്രത്യേകം പാത്രങ്ങളിൽ സൂക്ഷിക്കുക.
  1. ആഹാരസാധനങ്ങൾ നന്നായി പാകം ചെയ്യുക (cook thoroughly)
  • ആഹാരസാധനങ്ങൾ കൂടുതൽ സമയം പാകം ചെയ്യുക, പ്രത്യേകിച്ച് മാംസം, മുട്ട, കടലിൽനിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ മുതലായവ.
  • സൂപ്പ്, സ്റ്റ്യൂ മുതലായ ഭക്ഷണസാധനങ്ങൾ 700Cവരെ തിളപ്പിച്ചാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
  • നേരത്തേ പാകം ചെയ്ത ഭക്ഷണം നന്നായി ചൂടാക്കി മാത്രം ഉപയോഗിക്കുക.
  • ഭക്ഷണസാധനങ്ങൾ അമിതമായി വറുക്കുന്നതും ഗ്രില്ലുചെയ്യുന്നതും ബേക്കുചെയ്യുന്നതും വിഷജന്യമായ രാസപദാർത്ഥങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാവുന്നതുകൊണ്ട് അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
  1. ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായ താപനിലയിൽ സൂക്ഷിക്കുക (keep food at safe temperature)
  • പാകം ചെയ്ത ഭക്ഷണസാധനങ്ങൾ മുറിയിലെ താപനിലയിൽ രണ്ടു മണിക്കൂറിലധികം സൂക്ഷിക്കാതിരിക്കുക
  • പാകം ചെയ്ത ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ ശരിയായ താപനിലയിൽ (50 Cൽ താഴെ) സൂക്ഷിക്കുക.
  • ഭക്ഷണസാധനങ്ങൾ വിളമ്പുമ്പോൾ 600Cൽ കൂടുതൽ ചൂടുണ്ടെന്ന് ഉറപ്പാക്കുക.
  • ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ (frozen food) സാധാരണ താപനിലയിൽ വയ്ക്കാതിരിക്കുക.
  1. സുരക്ഷിതമായ വെള്ളവും അസംസ്കൃത സാധനങ്ങളും ഉപയോഗിക്കുക (use safe water and raw materials)
  • സുരക്ഷിതമായ വെള്ളം മാത്രം ഉപയോഗിക്കുക, സുരക്ഷിതമാണെന്ന് ഉറപ്പില്ലെങ്കിൽ സുരക്ഷിതമാക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുക.
  • പുതിയതും (fresh) പോഷകസമൃദ്ധവുമായ ആഹാരസാധനങ്ങൾ തിരഞ്ഞെടുക്കുക.
  • പാസ്ചറൈസ് ചെയ്ത പാൽ പോലെ സുരക്ഷിതത്വത്തിനായി സംസ്കരിച്ചെടുത്ത ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  • പച്ചക്കറികളും പഴവർഗ്ഗങ്ങളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക, പ്രത്യേകിച്ചും പാകം ചെയ്യാതെ കഴിക്കുമ്പോൾ.
  • കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.

ആരോഗ്യകരമായ ആഹാരം ഉറപ്പാക്കാനുള്ള 5 മാർഗ്ഗങ്ങൾ (key to a healthy diet)

ആരോഗ്യകരമായ ആഹാരം ഉറപ്പാക്കാൻ 5 നിർദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടന നൽകുന്നത്.

  1. ആദ്യത്തെ ആറുമാസക്കാലം നവജാതശിശുക്കൾക്ക് മുലപ്പാൽ മാത്രം നൽകുക.
  • ജനനം മുതൽ ആറുമാസം വരെ കുഞ്ഞിന് പകലും രാത്രിയും മുലപ്പാൽ മാത്രം നൽകുക.
  • കുഞ്ഞിന് വിശക്കുമ്പോഴെല്ലാം മുലപ്പാൽ നൽകുക.
  1. വിവിധതരം ആഹാരസാധനങ്ങൾ കഴിക്കുക (Eat a variety food).
  • ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മാംസം തുടങ്ങിയ വിവിധതരം സാധനങ്ങളടങ്ങിയ ആഹാരം കഴിക്കുക.
  1. കൂടുതൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുക (Eat plenty of vegetables and fruits)
  • വിവിധതരം പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുക (ദിവസവും 400ഗ്രാമിൽ കൂടുതൽ)
  • മധുരവും കൊഴുപ്പുമടങ്ങിയ ഇടനേരങ്ങളിലെ ഭക്ഷണം ഒഴിവാക്കി പച്ചക്കറികളും പഴവർഗ്ഗങ്ങളുംഉപയോഗിക്കുക.
  • പച്ചക്കറികളും പഴവർഗ്ഗങ്ങളും അമിതമായി പാകം ചെയ്യാതിരിക്കുക. ഇത് അവയിലടങ്ങിയ വിറ്റാമിനുകൾ നഷ്ടമാകുന്നതിനിടയാക്കും.
  • ടിന്നിലടച്ചതോ ഉണങ്ങിയതോ ആയ പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ അവയിൽ ഉപ്പും പഞ്ചസാരയും ചേർക്കാത്തവ തിരഞ്ഞെടുക്കുക
  1. മിതമായ അളവിൽ മാത്രം ഏണ്ണയും കൊഴുപ്പും ഉപയോഗിക്കുക. (Eat moderate amounts of fats and oils}
  • പാകത്തിന് അപൂരിതകൊഴുപ്പുകളടങ്ങിയ (unsaturated fat) സസ്യഎണ്ണകൾ (ഉദ. ഒലിവ്, സോയ, സൺഫ്ളവർ) ഉപയോഗിക്കുക. കൂടുതൽ പൂരിതകൊഴുപ്പുകഴടങ്ങിയ (saturated fat) മൃഗകൊഴുപ്പുകളും മറ്റ് എണ്ണകളും (ഉദാ. പാംഓയിൽ) ഒഴിവാക്കുക
  • കൂടുതൽ കൊഴുപ്പുകളടങ്ങിയ ചുവന്ന മാംസത്തിനു പകരം താരതമ്യേന കുറച്ച് കൊഴുപ്പടങ്ങിയ വെളുത്തമാംവും (ഉദ. കോഴി) മത്സ്യവും തിരഞ്ഞെടുക്കുക.
  • കൂടുതൽ കൊഴുപ്പും ഉപ്പും ചേർത്ത് സംസ്കരിച്ചു സൂക്ഷിച്ചിരിക്കുന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കുക.
  • വ്യാവസായിക ട്രാൻസ്ഫാറ്റി ആസിഡുകൾ അടങ്ങിയ സംസ്കരിച്ചതും ബേക്കുചെയ്തതുംവറുത്തതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക.
  1. ഉപ്പും പഞ്ചസാരയും കുറയ്ക്കുക (Eat less salts and sugar}
  • ഭക്ഷണം പാകം ചെയ്യുമ്പോൾ കഴിയുന്നത്ര കുറച്ച് ഉപ്പ് ചേർക്കുക
  • കൂടുതൽ ഉപ്പിന്റെ അംശമുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.
  • പഞ്ചസാര കൂടുതലായി ഉപയോഗിച്ചിട്ടുള്ള ശീതളപാനീയങ്ങളും പഴച്ചാറുകളും കുറച്ചുപയോഗിക്കുക.
  • മധുരമടങ്ങിയ കേക്ക്, ബിസ്ക്കറ്റ്,ബേക്കറി സാധനങ്ങൾ എന്നിവയ്കുു പകരം പഴ വർഗ്ഗങ്ങൾ ഇടനേരങ്ങളിലെ ഭക്ഷണമായി തിരഞ്ഞെടുക്കുക

 

ആരോഗ്യകരമായ ഭക്ഷണ കമ്പോളങ്ങളുടെ(Food Markets) ആവശ്യകത

സുരക്ഷിതവും ആരോഗ്യകരവുമായ ആഹാരം മനുഷ്യന് അത്യന്താപേക്ഷിതമാണ്. ഭക്ഷണസാധനങ്ങൾക്കായി നാം ആശ്രയിക്കുന്ന കച്ചവടസ്ഥാപനങ്ങൾ സുരക്ഷിതമായിട്ടാണോ ഇവ വിതരണം ചെയ്യുന്നതെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ വിതരണ സ്ഥാപനങ്ങളാണ് നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉപഭോക്താവിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും ഉത്തരവാദിത്വമായി മാറേണ്ടിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അവലോകനം പ്രകാരം നമ്മുടെ പല ഭക്ഷണകമ്പോളങ്ങളും പല രോഗങ്ങളുടേയുംഉറവിടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിനു കാരണമാകുന്നത് പലപ്പോഴും ഇവ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ വന്നിരിക്കുന്ന അപാകതകളാണെന്ന് നിസംശയം പറയാം.

മൂന്നുതരത്തിലുള്ള അപകടങ്ങളാണ് നാം വാങ്ങുന്ന ആഹാരത്തിൽ  പ്രധാനമായും പതിയിരിക്കുന്നത്, 1) ജൈവപരം (Biological) 2) രാസപരം (Chemical) 3) ഭൗതികപരം (Physical). ബാകടീരിയ, വൈറസ് തുരങ്ങിയ സൂക്ഷമാണുക്കളും മറ്റ് കീടങ്ങളുമാണ് ജൈവപരമായ  അപകടകാരികൾ. ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളായ കീടനാശിനികൾ ലെഡ്,മെർക്കുറി,കാഡ്മിയം തുടങ്ങിയവയുടെ അംശം എന്നിവയാണ് രാസപരമായ അപകടകാരികൾ. ഭൗതികപരമായി വരാവുന്ന ഘടകങ്ങൾ ഗ്ളാസ്, ലോഹപാളികൾ, തടിയുടെ അംശം തുടങ്ങിയ ശാരീരിക ക്ഷതങ്ങൾ ഉണ്ടാക്കാനിടയുള്ള വസ്തുക്കളുടെ സാന്നിദ്ധ്യമാണ്. ആഹാരത്തിനെ മലിനമാക്കുന്ന പല ഘടകങ്ങളും പലപ്പോഴും ഭക്ഷ്യ കമ്പോളങ്ങളിൽ എത്തുന്നതിനു മുൻപു തന്നെ ഉണ്ടാകുന്നതാണ്. ഉദാഹരണമായി പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും അടങ്ങിയിരിക്കുന്ന പല രാസ പദാർത്ഥങ്ങളും അവ കൃഷി ചെയ്യുന്ന സ്ഥലം മുതൽ തന്നെ അടങ്ങിയിരിക്കുന്നവയാണ്. എങ്കിലും ഭക്ഷ്യകമ്പോളങ്ങൾ ആരോഗ്യകരമാക്കാൻ ലോകാരാഗ്യ സംഘടന അഞ്ച് പ്രധാന മാർഗ്ഗ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.

  1. ശുചിത്വം പാലിക്കുക(Keep Clean)
  • കച്ചവടസ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ സുരക്ഷിതമായ വെള്ളം, ശുചിത്വമുള്ള തറയും ഭിത്തികളും, കൈകൾ കഴുകുന്നതിനുള്ള സൗകര്യം, വൃത്തിയുള്ള ടോയിലറ്റുകൾ, ശരിയായ അഴുക്കുചാലുകൾ എന്നിവ ഉണ്ടായിരിക്കണം.
  • കട മുറിയുടെയും ഉപകരണങ്ങളുടെയും ശുചിത്വം ഉറപ്പാക്കണം.
  • ദിവസംതോറുമുണ്ടാകുന്ന ഖര ദ്രവ മാലിന്യങ്ങൾ അന്നന്നു തന്നെ നിർമാർജ്ജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക
  • ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് അന്തരീക്ഷത്തിലെ അപകടകരമായ വസ്തുക്കളായ പൊടിപടലങ്ങൾ, കീടങ്ങൾ, ( ഈച്ച, പാറ്റ, എലി) മുതലായവ ഇല്ലെന്ന് ഉറപ്പാക്കണം.
  1. ആഹാര സാധനങ്ങൾ മലിനമാകാതിരിക്കാൻ ശ്രദ്ധിക്കുക.(Avoid Contamination)
    • പുതിയ ഭക്ഷണ സാധനങ്ങൾ പഴകിയ ഭക്ഷണ സാധനങ്ങളോടൊപ്പം വെയ്ക്കാതിരിക്കുക
    • ഉടൻ കഴിക്കാൻ പറ്റുന്ന ഭക്ഷണ സാധനങ്ങളോടൊപ്പം ( ഉദാ. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഉണങ്ങിയ പഴ വർഗ്ഗങ്ങൾ/അണ്ടിപ്പരിപ്പ്, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ) പാകം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങൾ(ഉദാ. പാകം ചെയ്യാത്ത മത്സ്യം, മാംസം) ഒരേ സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.
    • പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യാൻ ഒരേ ഉപകരണങ്ങൾ ( ഉദാ. കത്തി, മുറിക്കാനുപയോഗിക്കുന്ന ബോർഡുകൾ (Cutting Boards) ഉപയോഗിക്കാതിരിക്കുക.
    • ഭക്ഷണ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിയോഗിച്ചിരിക്കുന്ന ജോലിക്കാരുടെ വ്യക്തി ശുചിത്വം ഉറപ്പാക്കുക.
  2. നശിപ്പിക്കാൻ പറ്റുന്ന അപകടങ്ങളെ ഒഴിവാക്കാൻ ശ്രദ്ധിക്കുക (Destroy Hazards when Possible)
  • പാകം ചെയ്ത് വിൽക്കുന്ന ഭക്ഷണ സാധനങ്ങൾ നന്നായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, പ്രത്യേകിച്ച് മാംസം, മുട്ട, കടൽ ഉല്പന്നങ്ങൾ മുതലായവ.
  • സൂപ്പ് പോലുള്ള സാധനങ്ങൾ 70 0 Cനു മുകളിൽ തിളപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
  1. ആഹാര സാധനങ്ങളിൽ സൂക്ഷ്മാണു ജീവികളുടെ വളർച്ച പരമാവധി കുറയ്ക്കുക.( Minimise Growth of Micro Organisms in food)
  • പാകം ചെയ്യാത്ത മാംസം, മത്സ്യം മുതലായവ ഫ്രിഡ്ജിൽ വച്ചോ, ശുചിയായ വെള്ളം ഉപയോഗിച്ചുണ്ടാക്കിയ ഐസു കട്ട വച്ച് തണുപ്പിച്ചോ സൂക്ഷിക്കാൻ ശ്രദ്ധിക്കുക, വെയിലും ചൂടും ഏൽക്കാതെ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ രണ്ടു മണിക്കൂറിലേറെ സാധാരണ താപനിലയിൽ സൂക്ഷിക്കാതിരിക്കുക.
  • പാകം ചെയ്തതും കേടാകാൻ സാധ്യതയുള്ളതുമായ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ

50 Cൽതാഴെ സൂക്ഷിക്കുന്നതാണ് ഉത്തമം.

  • പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കഴിക്കാൻ കൊടുക്കുന്നതിനു മുൻപ് 60 0 Cനു മുകളിൽ ചൂടാക്കി വേണം നൽകാൻ.
  • ചില സൂക്ഷ്മ ജീവികൾ 50 Cൽ താഴെയുള്ള അവസ്ഥയിലും വളരാൻ സാധ്യതയുള്ളതുകൊണ്ട് ആഹാര സാധനങ്ങൾ അധികകാലം ഫ്രിഡ്ജിൽ സൂക്ഷിച്ച് വില്പന നടത്താതിരിക്കുക.
  1. സുരക്ഷിതമായ വെള്ളവും മറ്റ് അസംസ്ൿത വസ്തുക്കളും മാത്രം ഉപയോഗിക്കുക.( Use safe water and raw materials)
    • സുരക്ഷിതമായ വെള്ളം അല്ലെങ്കിൽ സുരക്ഷിതമാക്കിയ വെള്ളം മാത്രം ഉപയോഗിക്കുക.
    • വിറ്റഴിക്കുന്ന ഭക്ഷണ സാധനങ്ങൾ സുരക്ഷിതവും വിശ്വസനീയവുമായ സ്ഥലങ്ങളിൽ നിർമ്മിക്കപ്പെട്ടതാണെന്ന് ഉറപ്പാക്കുക.
    • പുതിയതും സംസ്കരിച്ചതുമായ ഉല്പന്നങ്ങൾ (ഉദ. പാസ്ച്ചറൈസ് ചെയ്ത പാൽ) മാത്രം വിൽപനയ്ക്കായി തിരഞ്ഞെടുക്കുക.
    • പാകം ചെയ്യാതെ കഴിക്കാൻ കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ (ഉദ. പഴങ്ങൾ, പച്ചക്കറികൾ മുതലായവ കൊണ്ടുണ്ടാക്കിയ സാലഡുകൾ) നന്നായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
    • കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാതിരിക്കുക.

 

സുരക്ഷിതമായി പഴവർഗ്ഗങ്ങളും പച്ചക്കറികളും വളർത്തിയെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

മനുഷ്യനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണസാധനങ്ങളായ പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടേയും പ്രാധാന്യം നാമെല്ലാം നന്നായി മനസ്സിലാക്കുകയും അവ ഉപയോഗിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നമുക്കു കിട്ടുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും സുരക്ഷിതമാണോ എന്ന് സംശയദൃഷ്ടിയോടെ നോക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം സാധനങ്ങളുടെ ഉപയോഗത്തിലൂടെ ആഹാരജന്യമായ അസുഖങ്ങൾ ഉണ്ടാകുന്ന അവസ്ഥയും വിരളമല്ല. സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിലൂടെയാണ് ഇത്തരം സാധനങ്ങൾ രോഗവാഹകരാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി സുരക്ഷിതമായി പച്ചക്കറികളും പഴവർഗ്ഗങ്ങളും വളർത്തിയെടുക്കാൻ ലോകാരോഗ്യസംഘടന അഞ്ചു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

  1. മനുഷ്യരുടേയും മൃഗങ്ങളുടെയും വിസർജ്ജ്യവസ്തുക്കൾ വഴി കൃഷിസ്ഥലങ്ങൾ മലിനമാകാതിരിക്കാൻ ശ്രദ്ധിക്കുക
  2. മൃഗങ്ങളുടെ വിസർജ്ജ്യവസ്തുക്കൾ വളമായി ഉപയോഗിക്കുമ്പോൾ അവ ശരിയായി സംസ്ക്കരിച്ചശേഷം മാത്രം ഉപയോഗിക്കുക. കൃഷിചെയ്യുന്നതിനുമുമ്പ് സംസ്ക്കരിച്ച വളമായി ഉപയോഗിക്കുന്ന വിസർജ്ജ്യവസ്തുക്കൾ മണ്ണിൽ ചേർക്കുക. വിളവെടുക്കുന്ന സമയവും വളം ചേർക്കുന്ന സമയവും തമ്മിൽ കൂടുതൽ അന്തരം വരത്തക്കവണ്ണം സംസ്ക്കരിച്ച വിസർജ്ജ്യവസ്തുക്കൾ വളമായി ഉപയോഗിക്കുക.
  3. പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്തിരിക്കുന്ന സ്ഥലങ്ങൾ നനക്കാൻ മലിനജലം ഉപയോഗിക്കാതിരിക്കുക. മലിനജലത്തിൽ അടങ്ങിയിരിക്കുന്ന അപകടകാരികളായ സൂക്ഷ്മജീവികൾ പച്ചക്കറികളേയും പഴവർഗ്ഗങ്ങളേയും സുരക്ഷിതമല്ലാതാക്കാൻ സാധ്യതയുണ്ട്.
  4. രാസകീടനാശിനികൾക്കുപകരം കഴിവതും ജൈവകീടനാശിനികൾ ഉപയോഗിക്കുക. കീടനാശിനികളുടെ ഉപയോഗം വിളവെടുപ്പിന് തൊട്ടുമുൻപുള്ള സമയത്ത് നടത്താതിരിക്കൻ ശ്രദ്ധിക്കുക.
  5. വിളവെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയുള്ളതും ഉണങ്ങിയതുമാണെന്ന് ഉറപ്പാക്കുക. നനവും ഈർപ്പവും സൂക്ഷ്മജീവികളുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

 

നയരൂപീകരണ മേധാവികൾക്കുള്ള സന്ദേശങ്ങൾ (Messages for policy makers)

  • ഭക്ഷ്യസുരക്ഷിതത്വത്തിന് കൂടുതൽ മുൻഗണന നൽകുക.
  • ഭക്ഷ്യസുരക്ഷിതത്വം ഭക്ഷ്യനയത്തിന്റെ ഭാഗമാക്കുക. ഇതിനായി ഭക്ഷ്യനയവുമായും പോഷകാഹാര വിതരണവുമായും ഭക്ഷ്യ സുരക്ഷിതത്വത്തെ സമന്വയിപ്പിക്കുക.
  • ശക്തവും സുതാര്യവുമായ ആശയവിനിമയത്തിലൂടെ വിശ്വാസം വളർത്തിയെടുക്കുക. ഇതിനായി ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥരെ സജ്ജരാക്കുക, പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷിതത്വത്തെക്കുറിച്ച് കൂടുതൽ ബോധവത്കരണം നൽകുക, ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നവർക്കുവേണ്ടി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യാവുന്നതാണ്.
  • ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ തലത്തിലുമുള്ളവരുടെ (കൃഷി, പൊതുജനാരോഗ്യം, മൃഗസംരക്ഷണം. വാണിജ്യം, ടൂറിസം വകുപ്പുകൾ) യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ആഹാരജന്യരോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ശക്തിപ്പെടുത്തുക.
  • ആഗോളതലത്തിൽ ചിന്തിച്ച് പ്രാദേശികതലത്തിൽ നടപ്പാക്കുക (Think globally, Get locally). ഇന്ന് ആഹാരസാധനങ്ങളുടെ ആഗോളതലത്തിലുള്ള വിതരണമുള്ളതുകൊണ്ട് പ്രാദേശിതലത്തിൽ ഇവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകണം.

 

ഉപഭോക്താക്കൾക്കുളള സന്ദേശങ്ങൾ

  • കഴിക്കുന്ന ആഹാരസാധനങ്ങളെക്കുറിച്ച് കൂടുതൽ അറിയുക. പാക്കറ്റിൽ ലഭ്യമാകുന്ന ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അവയുടെ ലേബൽ നോക്കുക. ആഹാരസാധനങ്ങളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
  • അതാതുപ്രദേശത്ത് ഭക്ഷണസാധനങ്ങളിൽ കൂടുതലായി കണ്ടേക്കാവുന്ന സൂക്ഷ്മജീവികളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും ബോധവാന്മാരാകുക.
  • പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ (ഉദാ. മാംസം, കടലുല്പന്നങ്ങൾ) പാകംചെയ്യുമ്പോഴും കഴിക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കുക.
  • പ്രാദേശിക കാലാവസ്ഥയിൽ ഭക്ഷണസാധനങ്ങൾ കേടുവരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിവു സമ്പാദിക്കുക.
  • പരിചയമില്ലാത്ത ആഹാരസാധനങ്ങൾ ഉണ്ടാക്കുമ്പോഴും സൂക്ഷിച്ചുവയ്ക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക.
  • ഭക്ഷ്യസുരക്ഷിതത്വത്തിനായി ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന അഞ്ചുതത്വങ്ങൾ (1. വൃത്തിയായി സൂക്ഷിക്കുക, 2. പാകംചെയ്തതും ചെയ്യാത്തതുമായ ആഹാരസാധനങ്ങൾ ഒരുമിച്ച് വയ്ക്കാതിരിക്കുക, 3. നന്നായി പാകം ചെയ്യുക, 4. ശരിയായ താപനിലയിലാണ് പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കുക, 5. സുരക്ഷിതമായ വെള്ളവും അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുക.) പാലിക്കുക.
  • ആഹാരസാധനങ്ങൾ അമിതമായി വറുക്കുകയും പൊരിക്കുകയും ബേക്ക് ചെയ്യുകയും ചെയ്യാതിരിക്കുക.
  • ആഹാരസാധനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
  • ആഹാരസാധനങ്ങൾ കൃഷി ചെയ്യുമ്പോഴും വിളവെടുക്കുമ്പോഴും ലോകാരോഗ്യസംഘടനയുടെ സുരക്ഷിത നിർദ്ദേശങ്ങൾ പാലിക്കുക.
  • ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വയസ്സായവർക്കും രോഗികൾക്കും വേണ്ടി ഭക്ഷണം പാകം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.
  • തെരുവോരക്കച്ചചവടക്കാരിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങുമ്പോൾ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കൻ ശ്രദ്ധിക്കുക.
  • ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പാകം ചെയ്തതും അല്ലാത്തതുമായവ ഒരുമിച്ച് ഒരുകവറിൽ /സഞ്ചിയിൽ സൂക്ഷിക്കാതിരിക്കുക.
  • കഴിവതും തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കുക.

യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല ആഹാരജന്യ രോഗങ്ങളും പിടിപെടുന്നത് യാത്രാവേളകളിലാണ്. യാത്ര ചെയ്യുമ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴും ഒരു അല്പം മുൻകരുതലെടുക്കുന്നത് ആഹാരജന്യരോഗങ്ങൾ ഒരു പരിധി വരെ തടയുന്നതിന് സഹായകരമാകും. യാത്ര ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

  • കൈകൾ നന്നായി കഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക.
  • തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കുക.
  • പാകം ചെയ്യാത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും ഒഴിവാക്കുക.
  • പുറംതൊലി കളഞ്ഞ് ഉപയോഗിക്കാവുന്ന പഴങ്ങൾ മാത്രം യാത്രാവേളകളിൽ തിരഞ്ഞെടുക്കുക. അമിതമായി പഴുത്ത് പുറംതൊലിക്ക് കേടുവന്ന പഴങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും.
  • സുരക്ഷിതമെന്ന് ഉറപ്പുള്ള വെള്ളം മാത്രം കുടിക്കുക.
  • കടകളിൽ നിന്ന് ഫ്രെഷ് പഴച്ചാറുകൾ കുടിക്കുമ്പോൾ അതിലുപയോഗിക്കുന്ന വെള്ളവും പഴങ്ങളും ഒക്കെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എപ്പോഴും ഓർക്കുക.
  • ഹോട്ടലുകളിൽനിന്നും തട്ടുകടകളിൽ നിന്നുമൊക്കെ ഭക്ഷണം കഴിക്കുമ്പോൾ നല്ല ചൂടുള്ള ഭക്ഷണസാധനങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. കാരണം സൂക്ഷ്മാണുക്കൾ ഏറ്റവും കൂടുതൽ വളരുന്നത് 5 0 Cനും 60 0 Cനും ഇടയ്ക്കുള്ള ചൂടിലാണ്.
  • പുറത്തുനിന്നു കിട്ടുന്ന തണുപ്പിച്ച ആഹാരസാധനങ്ങൾ സുരക്ഷിതമാകണമെന്നില്ല. പാനീയങ്ങൾ തണുപ്പിക്കാനുപയോഗിച്ച ഐസുകട്ടകൾ ഉണ്ടാക്കിയ വെള്ളം, മിൽക്ക്ഷേക്ക് ഉണ്ടാക്കാനുപയോഗിച്ച തിളപ്പിക്കാത്ത പാൽ ഇവയൊക്കെ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക എളുപ്പമല്ല.
  • യാത്രാവേളകളിൽ സീൽ ചെയ്ത കുപ്പികളിൽ ലഭ്യമാകുന്ന വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം. കുപ്പിവെള്ളം വാങ്ങുമ്പോൾ അത് സീൽ ചെയ്തിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞിട്ടില്ലെന്നും ഉറപ്പു വരുത്തുക.
  • സീൽ ചെയ്ത കുപ്പികളിലും പായ്ക്കറ്റുകളിലും സൂക്ഷിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞിട്ടില്ലാത്ത പാനീയങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
  • ശുദ്ധജലമാണെന്ന് ഉറപ്പാക്കൻ പറ്റാത്ത സാഹചര്യങ്ങളിൽ നല്ലവണ്ണം തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
  • യാത്ര ചെയ്യുന്ന സന്ദർഭങ്ങളിൽ ശരിയായി പാകം ചെയ്തതെന്ന് ഉറപ്പില്ലാത്ത നോൺവെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾ (പ്രത്യേകിച്ച് മുട്ട, മാംസം, കുടലുല്പന്നങ്ങൾ) ഒഴിവാക്കുന്നതാകും ഉത്തമം.
  • ദൂരയാത്ര പോകുന്ന സന്ദർഭങ്ങളിൽ ORS പായ്ക്കറ്റുകളും അത്യാവശ്യ മരുന്നുകളും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കരുതുന്നത് നന്നായിരിക്കും.


Leave a Reply